ചാലക്കുടിയിൽ ജുവലറിയുടെ ഭിത്തി തുരന്ന് 20 കിലോ സ്വർണം കവർന്നു

thrissur

തൃശൂർ ചാലക്കുടിയിൽ ജുവലറിയുടെ ഭിത്തി തുരന്ന് 20 കിലോ സ്വർണം കവർന്നു.റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ഇടശേരി ജുവലറിയിലാണ് സിനിമാ സ്റ്റൈൽ മോഷണം നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ജ്വല്ലറിയുടെ ഭൂഗര്‍ഭ ലോക്കറിന്റെ വാതില്‍ തുറന്നാണ് മോഷണം നടന്നിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറംലോകം അറിയുന്നത്. ചാലക്കുടി നഗരത്തിന്‍റെ ഹൃദയഭാഗത്ത് നടന്ന വന്‍കവര്‍ച്ചയെ തുടര്‍ന്ന് നാട്ടുകാരും വ്യാപാരികളും വലിയ ആശങ്കയിലാണ്. ജ്വല്ലറിയില്‍ സിസി ടിവി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല. സമീത്തുള്ള കടകളുടെ സിസിടിവി ക്യാമറകളില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും, മോഷ്ടാക്കളെ കണ്ടെത്താനായി ഫോറന്‍സിക് വിദഗ്ധരുടെ സേവനം തേടുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ തൃശൂര്‍ പശ്ചാത്തലമാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത വര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രത്തില്‍ സമാനമായ മോഷണരംഗങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തെ പറ്റി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.