കോൺഗ്രസ്സിനെതിരെയുള്ള ബിജെപിയുടെ 3 പരസ്യങ്ങൾ മീഡിയ സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റി നിരോധിച്ചു

bjp

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ ബിജെപി നിര്‍മിച്ച മൂന്നു വിഡിയോ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി നിരോധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിനാലാണ് ഇവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ബിജെപിയുടെ മൂന്നു പരസ്യചിത്രങ്ങള്‍ സംപ്രേഷണം ചെയ്യുന്നതും പങ്കുവയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.
കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ പരാതിയിലാണ് നടപടി. പാര്‍ട്ടിക്കു വേണ്ടി നിയമനിര്‍മാണ കൗണ്‍സില്‍ അംഗം വി എസ് ഉഗ്രപ്പയാണ് പരാതി നല്‍കിയത്.
ജനവിരുദ്ധ സര്‍ക്കാര്‍, പരാജയപ്പെട്ട സര്‍ക്കാര്‍, 50 സെക്കന്റിന്റെ മൂന്നു ഭാഗങ്ങള്‍ എന്നീ വീഡിയോകളാണ് നിരോധിച്ചത്. ഈ ചിത്രങ്ങള്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമവും ജനപ്രാതിനിധ്യ നിയമവും ലംഘിക്കുന്നതാണ് ബിജെപിയുടെ പരസ്യങ്ങളെന്നാണ് ഉഗ്രപ്പ ചൂണ്ടിക്കാണിച്ചത്.