കാമുകിയെ കാണാന്‍ എത്തിയ 20 കാരനെ നാട്ടുകാര്‍ തല്ലിയോടിച്ചു; പോകുന്ന വഴി യുവാവ് വൃദ്ധയെ ബലാത്സംഗം ചെയ്തു

കാമുകിയെ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയപ്പോള്‍ നാട്ടുകാര്‍ തല്ലിയോടിച്ച 20 കാരന്‍ രക്ഷപ്പെട്ടോടുന്ന വഴിയില്‍ വൃദ്ധയെ ബലാത്സംഗം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഭിജിത്തി(20)നെ ഇരവിപുരം പോലീസാണ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സ്ത്രീയെ ടോര്‍ച്ചു കൊണ്ട് അടിച്ച ശേഷം ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചതായിട്ടാണ് പരാതി.

പീഡനത്തിന് ശേഷം ഇവരുടെ വീട്ടില്‍ നിന്നും മൊബൈല്‍ഫോണും കവര്‍ന്നാണ് പ്രതി രക്ഷപ്പെട്ടത്. മെയ് 22 ന് വൈകിട്ടായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കാമുകിയെ കാണാനായി എത്തിയ അഭിജിത്തിനെ യുവാക്കള്‍ ചോദ്യം ചെയ്യുകയും മര്‍ദ്ദിച്ചോടിക്കുകയും ചെയ്തു. രക്ഷപ്പെട്ടോടിയ വഴിയില്‍ നിരവധി വീടുകളില്‍ കയറി സ്ത്രീകളെ ആക്രമിക്കുകയും ചെയ്തു. പലരും ബഹളം വെച്ചും നിലവിളിച്ചുമാണ് രക്ഷപ്പെട്ടത്.

ഇരയായ സ്ത്രീയുടെ വീടിന്റെ മതില്‍ ചാടിക്കടന്ന് പിന്‍വാതിലിലൂടെയാണ് പ്രതി അകത്തു കയറിയത്. അതിന് ശേഷം ടോര്‍ച്ച് കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം പല തവണ ക്രുരമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. പിന്നീട് ഇവിടെ നിന്നും മുങ്ങിയ പ്രതിയെ ഷാഡോ പോലീസ് സംഘത്തിന്റെ സഹായത്തോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.