കെവിനു കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി

kevin

കെവിനു കോട്ടയം കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി. ഇനി കെവിന്‍  നൊമ്പരപ്പെടുത്തുന്ന ഒരു ഓര്‍മ്മ മാത്രം. നട്ടാശ്ശേരി എസ് എച്ച്‌ മൗണ്ട് പിലാത്തറ കെവിന്‍ പി ജോസഫിന്റെ (23) മൃതദേഹം കുന്നുമമ്മല്‍ മൗണ്ട് കാര്‍മ്മല്‍ പള്ളിയിലെ ശുശ്രൂഷകള്‍ക്കു ശേഷം കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ വൈകിട്ട് അഞ്ചോടെ സംസ്‌ക്കരിച്ചു. മൃതദേഹം പൊതുദര്‍ശനത്തിനു വച്ച എസ് എച്ച്‌ മൗണ്ടിലെ വാടക വീട്ടിലേയ്ക്കു മഴയും ഹര്‍ത്താലും അവഗണിച്ചു നാടിന്റെ നാനഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴുകിയെത്തി. കെവിനെ ഒരു നോക്കു കാണാന്‍ എത്തിയവരുടെ മനസില്‍ നൊമ്ബരമായി നീനുവിന്റെ ഹൃദയംപൊട്ടിയുള്ള കരച്ചില്‍. രാവിലെ ഒന്‍പതു മണിയോടെയാണ് കെവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയത്. 11 മണിയോടെ പോസ്റ്റമോര്‍ട്ടം പൂര്‍ത്തിയായി. തുടര്‍ന്നു മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നട്ടാശേരി ഗ്രാമമൊന്നാകെ ഇവിടേയ്ക്ക് ഒഴുകിയെത്തിയിരുന്നു. സങ്കടക്കടലിനു നടുവിലേക്കാണു മൃതദേഹവും വഹിച്ചു കൊണ്ടുള്ള ആംബുലന്‍സ് എത്തിയത്. ഭവനത്തിലേക്കു മൃതദേഹവുമായി പോകുമ്ബോള്‍ തിങ്ങിനിറഞ്ഞ ജനസമൂഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ കെവിനെ തട്ടിക്കൊണ്ടുപോയ നിമിഷം മുതല്‍ നിറമിഴികളോടെ പ്രാര്‍ഥനയുമായി കഴിഞ്ഞിരുന്ന ഭാര്യ നീനുവിന്റെ സര്‍വനിയന്ത്രണവും കെവിന്റെ മൃതദേഹം കണ്ടതോടെ ഇല്ലാതായി. അലമുറയിട്ടു കരഞ്ഞ നീനുവിനെ ആശ്വസിപ്പിക്കാന്‍ വാക്കുകില്ലാതെ ബന്ധുക്കളും നാട്ടുകാരും വലഞ്ഞു. പിതാവ് ജോസഫ് മകന്റെ വേര്‍പാട് ഉള്ളിലൊതുക്കി ദു:ഖം കടിച്ചമര്‍ത്തിയപ്പോള്‍ മാതാവ് ഓമനയും സഹോദരിയും കൃപയും വിങ്ങിപ്പൊട്ടി. മൃതദേഹം പൊതുദര്‍ശനത്തിനു വച്ച 11.15 മുതല്‍ സംസ്‌കാര ശുശ്രൂഷകള്‍ക്കായി പള്ളിയിലേക്കു കൊണ്ടുപോയ 2.35 വരെ അണമുറിയാതെ ആയിരങ്ങളാണ് ഇവിടെയെത്തിയത്. ഉച്ചകഴിഞ്ഞു രണ്ടോടെ വസതിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു. വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം 2.35നു മൃതദേഹം കെവിന്റെ ഇടവക ദേവാലയമായ എസ്.എച്ച്‌. മൗണ്ട് കുന്നുംഭാഗം മൗണ്ട് കാര്‍മല്‍ പള്ളിയില്‍ എത്തിച്ചു. വൈകിട്ട് മൂന്നരയ്ക്കു സംസ്‌കാരം നടത്താനായിരുന്നു തീരുമാനമെങ്കിലും ജനത്തിരക്ക് വര്‍ധിച്ചതോടെ സംസ്‌കാരം 4.50നാണു നടന്നത്. നല്ലിടയന്‍ പള്ളിയിലെത്തിച്ചപ്പോള്‍, പെട്ടെന്ന് സംസ്‌കാരം നടത്താന്‍ ശ്രമിച്ചതു പ്രതിഷേധത്തിനു കാരണമായിരുന്നു. തുടര്‍ന്നു മുഴുവനാളുകള്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയ ശേഷമാണു സംസ്‌കാരം നടന്നത്. വിജയപുരം രൂപതാധ്യക്ഷന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരി, പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരുടെ നേതൃത്വത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം മൃതദേഹം കോട്ടയം നല്ലിടയന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.