ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394 അടിയായി;2395 ആകുമ്പോള്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി ഡാം തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തുറക്കുന്നതിന് മുന്പുള്ള മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. ഇത് സംബന്ധിച്ച്‌ ഇടുക്കി ജില്ലാ ഭരണകൂടത്തിന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. നദീ തീരത്തോ പാലങ്ങളിലോ ആളുകള്‍ കൂടി നില്‍ക്കുന്നത് തടയണമെന്നും നദീതീരത്തിന് 100 മീറ്റര്‍ പരിധിയില്‍ ആരെയും പോകാന്‍ അനുവദിക്കരുതെന്നും വെള്ളം പൊങ്ങുമ്പോള്‍ സെല്‍ഫിയും ഫോട്ടോയും എടുക്കാന്‍ അനുവദിക്കരുതെന്നും അതോറിറ്റിയുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച നോട്ടീസ് നല്‍കും.പെരിയാറിന്റെ തീരത്തെ വലിയ മരങ്ങള്‍ മുറിച്ച്‌ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.പെരിയാര്‍ തീരത്ത് പൊലീസ്, ഫയര്‍ ഫോഴ്സ്, കെ.എസ്.ഇ.ബി, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്താനും മന്ത്രി നിര്‍ദ്ദേശിച്ചു. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഒരുക്കണം.ഇത്തരം കാര്യങ്ങളില്‍ ജില്ലാ ഭരണകൂടത്തിന് ആവശ്യത്തിന് പണം ചെലവഴിക്കാമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ഡാമിലെ സംഭരണ ശേഷി 2403 ആണെങ്കിലും അതുവരെ 2400 അടി വരെ എത്താന്‍ കാത്തിരിക്കേണ്ട ആവശ്യമില്ലന്ന് മന്ത്രി എം.എം. മണി നിര്‍ദ്ദേശിച്ചിരുന്നു. ജലനിരപ്പ് 2395 ആകുമ്പോള്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. ഡാം തുറക്കുന്നത് പകല്‍ സമയത്ത് ആയിരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഡാം തുറക്കുമ്പോള്‍ വെളളം പൊങ്ങാനിടയുള്ള അഞ്ച് പഞ്ചായത്തുകളില്‍ വിനോദസഞ്ചാരത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മരിയപുരം, വാഴത്തോപ്പ് കൊന്നത്തടി, കഞ്ഞിക്കുഴി, വാത്തുക്കുടി എന്നീ പഞ്ചായത്തുകളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.