കറുകച്ചാലിൽ മോഷ്ടിക്കാനെത്തിയ കള്ളന് അബദ്ധം പറ്റി; ഷാഡോ പോലീസ് പൊക്കി

robber

മോഷ്ടിക്കാനെത്തിയ കള്ളന്‍ മോഷണത്തിനുശേഷം വീട്ടില്‍ സഞ്ചി മറന്നു വച്ചുപോയി. പിന്നാലെ പോലീസ് പൊക്കി. കറുകച്ചാലിന്റെ സമീപ പ്രദേശങ്ങളില്‍ നടന്ന മോഷണത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന ഷാഡോ പോലീസ് സംഘമാണ് കള്ളനെ വിദഗ്ദമായി പൊക്കിയത്. കാഞ്ഞിരപ്പാറ നരിപ്പാറക്കല്‍ പ്രഭാകരന്‍നായരുടെ വീട്ടില്‍ നടന്ന മോഷണം സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് വീട് പരിശോധിച്ച പോലീസ് സംഘത്തിന് കിണറിനടുത്തുനിന്ന് ഒരു സഞ്ചി ലഭിച്ചത്. ടെക്‌സ്‌റ്റൈലിന്റെ പേരും സ്ഥലവും രേഖപ്പെടുത്തിയ സഞ്ചിയായിരുന്നു അത്. എന്നാല്‍ അതു ആ വീട്ടുകാരുടേതൊന്നുമായിരുന്നില്ല. സഞ്ചി പരിശോധിച്ച പോലീസിന് അതില്‍നിന്നും ചില തെളിവുകള്‍ ലഭിച്ചു. സംശയിക്കുന്ന ആള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നു മനസ്സിലായി. തുടര്‍ന്ന് വീടിനടുത്ത് അന്വേഷണം നടത്തിയ ഷാഡോ സംഘം ഇയാള്‍ നാട്ടിലെത്തിയാല്‍ അറിയിക്കണമെന്ന് പ്രദേശവാസികളില്‍ ചിലരോട് കച്ചകെട്ടി. അവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തോട്ടയ്ക്കാട് ഗവ. ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പെരുങ്കാവുങ്കല്‍ മുകേഷ് കുമാറിനെ (30) പോലീസ് പിടികൂടുന്നത്. കറുകച്ചാലിലും പരിസരപ്രദേശങ്ങളിലും നടന്ന നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് മുകേഷ്. പള്ളികളുടെ കുരിശടി തകര്‍ത്തും കാണിക്കവഞ്ചി തകര്‍ത്തും ഇയാള്‍ പണം കവര്‍ന്നിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. മോഷണം നടത്തിയശേഷം പാലക്കാടുള്ള ബന്ധുവിന്റെ വീട്ടിലേക്കാണ് ഇയാള്‍ പതിവായി പോയിരുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിര്‍ദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി സുരേഷ് കുമാര്‍, സി.ഐ: കെ.പി.വിനോദ്, എസ്.ഐ: ഷമീര്‍, ഷാഡോ പോലീസ് അംഗങ്ങളായ കെ.കെ.റെജി, പ്രതിപ് ലാല്‍, പ്രതീഷ് രാജ്, അരുണ്‍, അന്‍സാരി എന്നിവരടങ്ങിയ പോലീസ് സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.