മലയാളി യുവതിയെ രാജസ്ഥാനിൽ കൂട്ടമാനഭംഗത്തിന് ഇരയാക്കി

rape 2017

മലയാളി യുവതിയെ 23 പേർ ചേർന്നു കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പരാതി. രാജസ്ഥാനിൽ തന്റെ ഉടമസ്ഥതയിലുള്ള ഭൂമി കാണാനെത്തിയ ഇരുപത്തിയെട്ടുകാരിയാണു കൊടുംക്രൂരതയ്ക്ക് ഇരയായത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 25നാണ് ഇവർ രാജസ്ഥാനിലെ ബിക്കാനീറിലെത്തിയത്. അന്ന് ഉച്ചയോടെ വാഹനം കാത്തുനിൽക്കുമ്പോൾ കണ്ടു പരിചയമുള്ള രണ്ടുപേർ ചേർന്നു തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണു യുവതിയുടെ പരാതി.

അതേസമയം, മജിസ്ട്രേറ്റിനു നൽകിയ മൊഴിയിൽ എട്ടു പേരുടെ കാര്യം മാത്രമെ ഇവർ വെളിപ്പെടുത്തിയുള്ളൂ. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റു ചെയ്തു. പ്രദേശവാസികളായ സുഭാഷ്, രാജു റാം, ഭൻവർ ലാൽ, മനോജ് കുമാർ, ജുഗൽ, മദൻ എന്നിവരാണു പിടിയിലായത്. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്ന് ബിക്കാനീർ എസ്എസ്പി എസ്.ഗോദര വ്യക്തമാക്കി.

ജയ്പുർ റോഡിൽ ഖാട്ടു ശ്യാം മന്ദിറിനു സമീപം ബസ് കാത്തുനിൽക്കുകയായിരുന്ന തന്നെ രണ്ടു പേർ ചേർന്നു ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയെന്നാണു യുവതിയുടെ പരാതി. ഏതൊക്കെയോ പ്രദേശങ്ങളിലൂടെ വാഹനത്തിൽ കൊണ്ടുപോയ ഇരുവരും മണിക്കൂറുകളോളം തന്നെ മാറിമാറി മാനഭംഗപ്പെടുത്തിയതായി ജയ് നാരായൺ വ്യാസ് കോളനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു.

തുടർന്ന് ആറു പേരുൾപ്പെട്ട മറ്റൊരു സംഘത്തിനു തന്നെ കൈമാറിയതായും ഇവർ ആരോപിക്കുന്നു. വീണ്ടും കൂടുതൽ പേർ ചേർന്നു മാനഭംഗപ്പെടുത്തി. തുടർന്ന് സെപ്റ്റംബർ 26നു പുലർച്ചെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെത്തിച്ച് അവിടെ ഉപേക്ഷിച്ചെന്നാണ് പരാതി. 23 പേർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരിൽ മിക്കവരെയും ഇനിയും തിരിച്ചറിയാനായിട്ടില്ല. യുവതിയുടെ മൊഴിയിലുള്ള സ്ഥലത്തുനിന്നു ഗർഭനിരോധന ഉറകൾ കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു.