Friday, March 29, 2024
HomeKeralaകാലവര്‍ഷക്കെടുതിയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ നിയമസഭാപ്രസംഗം

കാലവര്‍ഷക്കെടുതിയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ നിയമസഭാപ്രസംഗം

സമാനതകളില്ലാത്ത കാലവര്‍ഷക്കെടുതിക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. മണ്‍സൂണിന്റെ തുടക്ക ഘട്ടത്തില്‍ തന്നെ ദുരന്തങ്ങള്‍ വിതച്ച കാലവര്‍ഷം ആഗസ്റ്റ് മാസമാവുമ്ബോഴേക്കും മഹാപ്രളയത്തിലേക്ക് എത്തുകയാണുണ്ടായത്. ഈ ദുരിതത്തില്‍ കേരളത്തിലെ ലക്ഷക്കണക്കിന് ജനതയുടെ ജീവിതം അതീവ ദുരിതമായി മാറുകയും ചെയ്തു. ചോര നീരാക്കി സമ്ബാദിച്ചതെല്ലാം നഷ്ടപ്പെടുന്ന സാഹചര്യം പലര്‍ക്കും അഭിമുഖീകരിക്കേണ്ടിവന്നിരിക്കുകയാണ്. തങ്ങളുടെ ദുരന്തത്തെ താങ്ങാനാവാതെ മരണപ്പെട്ടവരും ഉണ്ട് എന്നത് ദുരന്തത്തിന്റെ നിജസ്ഥിതിയെ പുറത്തുകൊണ്ടുവരുന്നതാണ്. കനത്ത കാലവര്‍ഷത്തെത്തുടര്‍ന്ന് ഉരുള്‍പ്പൊട്ടല്‍,വെള്ളപ്പൊക്കം,മണ്ണിടിച്ചില്‍ തുടങ്ങിയവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായി. അതിന്റെ ഫലമായി 483പേരുടെ ജീവന്‍ ഇത് കവരുകയും ചെയ്തു. 14പേരെ കാണാതായിട്ടുണ്ട്.140 പേര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. കാലവര്‍ഷം ശക്തമായ ആഗസ്റ്റ് 21 ന് 3,91,494കുടുംബങ്ങളിലായി14,50,707 പേര്‍ വരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് ജീവിക്കേണ്ട നിലയിലേക്ക് അത് എത്തുകയും ചെയ്തു. ഇന്നത്തെ സ്ഥിതി അനുസരിച്ച്‌ 305ക്യാമ്ബുകളിലായി 16,767കുടുംബങ്ങളിലെ 59,296ആളുകള്‍ ഉണ്ട്. ചിലരാവട്ടെ ബന്ധുവീടുകളിലും മറ്റും അഭയം പ്രാപിച്ചാണ് ദുരന്തത്തില്‍ നിന്ന് രക്ഷ നേടിയത്. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന്റെ തീക്ഷണമായ ഇടപെടലുകളാണ് മരണസംഖ്യ താരതമ്യേന കുറയ്ക്കുന്ന സാഹചര്യം രൂപപ്പെടുത്തിയത്. സ്വന്തം ജീവന്‍പോലും പണയപ്പെടുത്തിക്കൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു നാട് ദര്‍ശിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ ബോട്ട് മറിഞ്ഞും മറ്റും പോലും അപകടത്തില്‍പ്പെട്ടു. എന്നിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറാതെയും പതറാതെയും സ്വന്തം സഹോദരന്മാരെ എന്നപോലെ രക്ഷപ്പെടുത്താന്‍ സാഹസികമായി നടത്തിയ പരിശ്രമങ്ങള്‍ നടത്തിയ എല്ലാവര്‍ക്കും നമുക്ക് ബിഗ് സല്യൂട്ട് നല്‍കാം. വീടുകള്‍ക്കും പശ്ചാത്തല സൗകര്യങ്ങള്‍ക്കും ഉണ്ടായിട്ടുള്ള കെടുതി സംസ്ഥാനത്തിന്റെ വികസന പ്രക്രിയയെ തന്നെ തകിടംമറിക്കുന്ന വിധത്തില്‍ വന്നിരിക്കുകയാണ്. വീടുകള്‍ക്കുണ്ടായ തകര്‍ച്ച, ഗൃഹോപകരണങ്ങളുടെ നഷ്ടം, കാര്‍ഷിക നഷ്ടം,വളര്‍ത്തു മൃഗങ്ങളുടെ നഷ്ടം, ജീവനോപാധികളുടെ നഷ്ടങ്ങള്‍, വ്യാപാരമടക്കമുള്ള സ്ഥാപനങ്ങളുടെ തകര്‍ച്ച,വിദ്യാലയങ്ങളും ആശുപത്രികളും സര്‍ക്കാര്‍ ഓഫീസുകളും ഉള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെ നഷ്ടം, പാരിസ്ഥിതികമായ മാറ്റങ്ങള്‍ ഇവയെല്ലാം കണക്കിലെടുക്കുമ്ബോള്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം ഏറെ വലുതാണ്. ടൂറിസം പോലുള്ള മേഖലയ്ക്കും ഇത് തിരിച്ചടിയായിട്ടുണ്ട്. പ്രാഥമികമായ കണക്കുകള്‍ സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ വാര്‍ഷിക പദ്ധതിയേക്കാള്‍ കൂടിയ തോതിലുള്ള നഷ്ടം നമുക്ക് ഉണ്ടായി എന്നതാണ്. ഏതൊരു ദുരന്തത്തെയും അതിജീവിക്കുന്നതിന് മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. ആദ്യ ഘട്ടമായ രക്ഷാപ്രവര്‍ത്തനം അവസാനിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടമായ പുനരധിവാസവം നടന്നുകൊണ്ടിരിക്കുകയാണ്. അത് വിജയകരമായി പൂര്‍ത്തിയാക്കുന്നതിനുള്ള ഇടപെടലുകള്‍ നടന്നു കൊണ്ടിരിക്കുന്നു.പുനര്‍നിര്‍മ്മാണമെന്ന എറ്റവും പ്രധാനപ്പെട്ട കടമ ഇനി നമുക്ക് ഏറ്റെടുക്കാനുണ്ട്. അത് ഏത് വിധത്തിലാകണമെന്നത് പുതിയ കേരള സൃഷ്ടിയെക്കൂടി അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. അതിനുതകുന്ന ക്രിയാത്മകമായ ചര്‍ച്ചകള്‍ ഇവിടെ ഉയര്‍ന്നുവരേണ്ടതുണ്ട്. അതിന് വേണ്ടി കൂടിയാണ് ഇത്തരമൊരു പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments