മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റിട്ടെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

facebook

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റിട്ടെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. മൂലമറ്റം ഡിപ്പോയിലെ ഡ്രൈവര്‍ അറക്കുളം മണ്ഡപത്തില്‍ ശ്രീജേഷ് ബി നായരെയാണ് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി പോസ്റ്റ് ഇട്ടെന്ന പരാതിയെ തുടര്‍ന്നു സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ മൂലമറ്റം സ്വദേശി അനീഷിന്റെ പരാതിയിലാണു ശ്രീജേഷിനെതിരേ കാഞ്ഞാര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശ്രീജേഷ് മണ്ഡപം എന്ന പേരിനു മുന്നില്‍ അഡ്വ. എന്ന് ചേര്‍ത്താണ് ഇയാള്‍ പ്രൊഫൈലുണ്ടാക്കിയത്. ശ്രീജേഷ് ഇട്ട പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പരാതിക്കാരന്‍ പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 18ന് കേസെടുത്തെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. തുടര്‍ന്ന് ഇതു സംബന്ധിച്ച് കെഎസ്ആര്‍ടിസി അധികൃതര്‍ക്കും വകുപ്പുമന്ത്രിക്കും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീജേഷ് ബി നായരെ സസ്‌പെന്‍ഡ് ചെയ്തത്.