13 കോടിയോളം രൂപയുടെ കള്ളനോട്ടുകള്‍ രാജ്യത്തു നിന്ന് പിടിച്ചു

fake-notes

ഇന്ത്യയില്‍ വിവിധ ഇടങ്ങളില്‍ നിന്നായി പിടിച്ചെടുത്തത് 13 കോടിയോളം രൂപയുടെ കള്ളനോട്ടുകള്‍. മാര്‍ച്ച് 31 വരെയുള്ള കണക്കു പ്രകാരം 12,98,72,760 രൂപ മൂല്യമുള്ള 1,43,296 വ്യാജ നോട്ടുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. 100 രൂപ നോട്ടുകളാണ് വ്യാജനില്‍ മുന്നില്‍. കള്ളനോട്ടുകളുടെ കാര്യത്തില്‍ കേരളത്തിന് ആറാം സ്ഥാനമാണ്.ഏറ്റവും കൂടുതല്‍ കള്ളനോട്ടു പിടിച്ചെടുത്തത് ഉത്തര്‍പ്രദേശിലാണ്. 11 കോടിയോളം രൂപ മൂല്യം വരുന്ന 1,07,480 വ്യാജ നോട്ടുകളാണു ഉത്തര്‍പ്രദേശില്‍ നിന്നു പിടിച്ചെടുത്തത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയാണു രണ്ടാം സ്ഥാനത്ത്. ഡല്‍ഹിയില്‍ നിന്ന് ഒരു കോടി 13 ലക്ഷം രൂപ മൂല്യമുള്ള 19,768 നോട്ടുകളാണു കണ്ടെത്തിയത്. ഗുജറാത്ത്, ബംഗാള്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണു തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. വ്യാജനില്‍ മുന്നില്‍ നില്‍ക്കുന്നതു 100 രൂപയുടെ നോട്ടുകളാണ്. 13,659 നൂറു രൂപ വ്യാജനോട്ടുകള്‍ കണ്ടെത്തിയപ്പോള്‍ 3,822 അഞ്ഞൂറു രൂപ കള്ളനോട്ടുകളും പിടിച്ചെടുത്തു. രണ്ടായിരം രൂപയുടെ 5,983 എണ്ണവും ഇരുന്നൂറു രൂപയുടെ 533 എണ്ണവും മൂന്നു മാസത്തിനുള്ളില്‍ പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ ഉള്‍പ്പെടുന്നു. കേരളത്തിലേക്ക് വരുമ്പോള്‍ മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 16 ലക്ഷത്തോളം രൂപ മൂല്യം വരുന്ന 1454 കള്ളനോട്ടുകളാണു പിടിച്ചെടുത്തത്. ഇതില്‍ 694 എണ്ണം രണ്ടായിരം രൂപയുടേതാണ്. അഞ്ഞൂറു രൂപയുടെ 276 നോട്ടുകളും 100, 200 നോട്ടുകളുടെ ഇരുന്നൂറു വീതം വ്യാജ നോട്ടുകളുമാണ് കണ്ടെടുത്തത്.