കേരളത്തിലേത് ഡാം ദുരന്തമെന്ന് ചെന്നിത്തല ; കാരണങ്ങളെ കുറിച്ച്‌ ജുഡിഷ്യല്‍ അന്വേഷണം വേണം

ramesh chennithala

കേരളത്തിലേത് ഡാം ദുരന്തമാണെന്നും ഇതിന് വഴിവച്ച കാരണങ്ങളെ കുറിച്ച്‌ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രളയക്കെടുതി സംബന്ധിച്ച്‌ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയം നേരിടുന്നതില്‍ റവന്യൂ വകുപ്പിന് ഗുരുതരമായ വീഴ്ച വന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ റവന്യൂ വകുപ്പ് തികഞ്ഞ പരാജയമായിരുന്നു. വൈദ്യുതി വകുപ്പ് നാഥനില്ലാ കളരിയായി. ദുരന്ത സമയത്ത് മന്ത്രി കെ.രാജുവിന്റെ വിദേശയാത്ര ഒഴിവാക്കാമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ നേരത്തെ വിളിക്കാമായിരുന്നു. എങ്കില്‍ മരണസംഖ്യ ഇതിലും കുറയ്ക്കാമായിരുന്നു. സൈന്യത്തെ വിളിക്കണമെന്ന് പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയെ മാറ്റിയിട്ട് അവിടെ അവരെ പ്രതിഷ്ഠിക്കാനല്ല. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനായിരുന്നു. കൃത്യമായ മുന്നറിയിപ്പ് നല്‍കിയിട്ടാണ് ഡാമുകള്‍ തുറന്നതെന്ന് മുഖ്യമന്ത്രി പറയുന്നു. ഈ അലര്‍ട്ടുകള്‍ ഇടുക്കിയിലെ ചെറുതോണി ഒഴികെ മറ്റൊരിടത്തും ജനങ്ങളറിഞ്ഞില്ല. ആലുവ, കാലടി, പെരുമ്ബാവൂര്‍, പറവൂര്‍, ചാലക്കുടി, വൈക്കം, ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ മുന്നറിയിപ്പുണ്ടായില്ല. വയനാട്ടിലെ ബാണാസുര സാഗര്‍ മുന്നറിയിപ്പില്ലാതെ തുറന്നത് വീഴ്ചയാണെന്നാണ് ജില്ലാ കളക്ടര്‍ പറഞ്ഞത്. ഡാമുകളുടെ മാനേജ്മെന്റിലുണ്ടായ വീഴ്ചയാണ് പ്രളയത്തിന് കാരണം. ഭരണകൂടത്തിന് പറ്റിയ വീഴ്ചയാണ് ഈ ദുരന്തത്തിന് പിന്നിലെന്നും ചെന്നിത്തല പറഞ്ഞു. ജലവിഭവ വകുപ്പ് കടുത്ത അനാസ്ഥ കാണിച്ചു. പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞതും തുറന്നു വിട്ടതുമാണ് ചാലക്കുടിയില്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ കാരണം. ബാണാസുരസാഗര്‍ ഡാം എപ്പോഴും തുറക്കാറുള്ളതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഓറഞ്ച്,​ ബ്ളൂ അലര്‍ട്ടുകള്‍ എന്താണെന്ന് ആര്‍ക്കെങ്കിലും അറിയാമോ?​ ദുരന്തമുണ്ടാക്കിയ ശേഷം സര്‍ക്കാര്‍ ഇപപോള്‍ രക്ഷകന്റെ വേഷം കെട്ടുകയാണ്. മുല്ലപ്പെരിയാര്‍ ഡാം തമിഴ്നാട് തുറന്നു വിട്ടതാണ് വെള്ളപ്പൊക്കംത്തിന് കാരണമെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ മഴ പെയ്‌തതു കൊണ്ടാണ് വെള്ളപ്പൊക്കമുണ്ടായതെന്ന് നിയമസഭയില്‍ പറയുന്നത്. ഇത് കേസില്‍ കേരളത്തിന് തിരിച്ചടിയുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു. പ്രളയക്കെടുതിയില്‍ കൂടുതല്‍ കേന്ദ്ര സഹായം നേടിയെടുക്കാന്‍ ആവശ്യമെങ്കില്‍ സര്‍വകക്ഷി സംഘം ഡല്‍ഹിയില്‍ പോകണം. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ മാത്രമെ സഹായം ലഭിക്കൂ. യു.എ.ഇ സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് വാങ്ങാന്‍ മടിക്കേണ്ടതില്ല. എ.ഡി.ബിയില്‍ നിന്നോ ലോകാബാങ്കില്‍ നിന്നോ വായ്‌പ എടുക്കുന്നതിനും പ്രതിപക്ഷം എതിരല്ല. അന്താരാഷ്ട്ര നാണ്യനിധിയില്‍ നിന്ന് സഹായം ലഭിക്കുമെങ്കില്‍ അത് സ്വീകരിക്കാമെന്നും ചെന്നിത്തല പറ‍ഞ്ഞു.