Friday, April 19, 2024
HomeNationalപശുക്കള്‍ക്കായി ഹോസ്റ്റല്‍ ആരംഭിക്കുന്നു

പശുക്കള്‍ക്കായി ഹോസ്റ്റല്‍ ആരംഭിക്കുന്നു

ഹരിയാനയില്‍ പശുക്കള്‍ക്കായി ഹോസ്റ്റല്‍ ആരംഭിക്കുന്നു. വീട്ടില്‍ പശുവിനെ പോറ്റാന്‍ സ്ഥലമില്ലാതെ ഉഴലുന്നവര്‍ക്ക് പശുക്കളെ ഇനി ഹോസ്റ്റലില്‍ അയക്കാം. ഓരോ ഹോസ്റ്റലുകളിലും 50 പശുക്കളെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ടാകും. സങ്കര ഇനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ ഹോസ്റ്റലുകളില്‍ ഇടമുണ്ടാകില്ല. നാടന്‍ ഇനങ്ങള്‍ക്കാണ് ഇപ്പോള്‍ ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഇവിടെ പാര്‍പ്പിക്കുന്ന പശുക്കളുടെ പാലിന്റെ വില്‍പ്പനാവകാശം ഉടമകള്‍ക്കായിരിക്കും. അവര്‍ക്ക് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.ഗോ സേവക് ആയോഗ് എന്ന സ്വയംഭരണാധികാര ബോര്‍ഡാണ് പശു ഹോസ്റ്റല്‍ എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് മുന്‍പാകെ ഗോ സേവക് ആയോഗ് ഇത്തരമൊരു നിര്‍ദേശം വെയ്ക്കുകയായിരുന്നു.2013 ലാണ് പശുസംരക്ഷണത്തിനായി പ്രസ്തുത ബോര്‍ഡ് രൂപീകൃതമായത്. ഈ ആശയം പ്രാവര്‍ത്തികമാക്കുമെന്ന് പ്രഖ്യാപിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കവിത ജെയിന്‍ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ പശു ഹോസ്റ്റല്‍ തന്റെ മണ്ഡലമായ സോനിപ്പട്ടില്‍ ആരംഭിക്കുമെന്നാണ് കവിതയുടെ പ്രഖ്യാപനം. പ്രത്യേക സൊസൈറ്റികള്‍ രൂപീകരിച്ചാണ് പശു ഹോസ്റ്റല്‍ നടത്തിപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം. അതിനാല്‍ സൊസൈറ്റികള്‍ കെട്ടിട വാടക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അടക്കേണ്ടി വരും. ഹോസ്റ്റലുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ വരുന്നതോടെ തെരുവില്‍ അലഞ്ഞുതിരിയുന്ന പശുക്കളെയും ഇവിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments