ബാര്‍ കോഴ കേസിൽ കെ.എം. മാണിക്കെതിരെ തെളിവില്ല : വിജിലന്‍സ് ആണയിടുന്നു

K M Mani

ബാര്‍ കോഴ കേസില്‍ കെ.എം. മാണിക്കെതിരെ തെളിവില്ലെന്ന നിലപാടില്‍ ഉറച്ച്‌ വിജിലന്‍സ്. കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് നോബിള്‍ മാത്യു ഫയല്‍ ചെയ്ത ആക്ഷേപത്തിന്റെ തുടര്‍വാദത്തിനിടെയാണ് വിജിലന്‍സ് മുന്‍നിലപാട് ആവര്‍ത്തിച്ചത്. സത്യസന്ധമായി അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ഈ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നതായും വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനിടെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ കോടതിയില്‍ ഹര്‍ജിയുമായി എത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയ്ക്കാണ് വൈക്കം വിശ്വന്‍ കേസില്‍ കക്ഷി ചേര്‍ന്നിരുന്നത് എന്നാല്‍ ഇപ്പോള്‍ ആ പദവി താനാണ് നിര്‍വഹിക്കുന്നത് അതുകൊണ്ട് തന്നെ ഈ കേസില്‍ കക്ഷി ചേര്‍ക്കണെമെന്നാണ് വിജയരാഘവന്റെ ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്തിട്ടുതന്നെ മാസങ്ങളായെന്നും ഇപ്പോള്‍ ഇത്തരം ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിജിലന്‍സ് നിയമോപദേശകന്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റിവച്ചു.