കരുണാനിധിയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

karunanidhi

ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരികയാണെന്നു കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍. എന്നാല്‍, വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ തുടരുമെന്നും ആശുപത്രി അറിയിച്ചു. കരുണാനിധിയെ കാണാന്‍ സൂപ്പര്‍താരം രജനീകാന്ത് ആശുപത്രിയിലെത്തി. നേരത്തേ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എത്തിയിരുന്നു. നാലരയ്ക്ക് മാധ്യമപ്രവര്‍ത്തകരെ കണ്ട രാഹുല്‍ പറഞ്ഞതു കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ്. ‘ദീര്‍ഘ കാലത്തെ ബന്ധമാണു കരുണാനിധിയുമായുള്ളത്. തമിഴ് ജനതയുടെ ആത്മവീര്യം ഉള്‍ക്കൊള്ളുന്ന നേതാവ്. അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടതില്‍ സന്തോഷമുണ്ട്. ധൈര്യമുള്ള വ്യക്തിയാണ് അദ്ദേഹം’- രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം മുകുള്‍ വാസ്നിക്, തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ എസ്.തിരുനാവുക്കരശ് തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. കരുണാനിധിയുടെ നില കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു മെച്ചപ്പെടുന്നുവെന്നാണു സൂചനകള്‍. അതുകൊണ്ടുതന്നെ ആശുപത്രിക്കു സമീപം തടിച്ചുകൂടിയിട്ടുള്ള ജനക്കൂട്ടത്തിലും ആശ്വാസം ദൃശ്യമാണ്. എങ്കിലും അണികളുടെ ഒഴുക്കു തുടരുകയാണ്.