റിലയന്‍സ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രേഷ്ഠ പദവി;വിവാദവുമായി യുജിസി രംഗത്ത്

പ്രവര്‍ത്തനം തുടങ്ങിയിട്ട് പോലുമില്ലാത്ത റിലയന്‍സ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രേഷ്ഠ പദവി നല്‍കിയതതിന് പിന്നാലെ ജിയോയുടെ കൂടെ സമര്‍പ്പിച്ച മറ്റ് നാല് സ്ഥാപനങ്ങളുടെ ഫയലുകള്‍ കാണാനില്ലെന്ന് യുജിസി. ജിയോയുടെ കൂടെ ശ്രേഷ്ഠ പദവിക്ക് പരിഗണിച്ച നാലു സ്ഥാപനങ്ങളുടെ ഫയലാണ് ഇപ്പോള്‍ കാണാനില്ലെന്ന വാദവുമായി യുജിസി രംഗത്തെത്തിയത്. ഡല്‍ഹിയിലെ യുജിസിയുടെ സേഫ് റൂമില്‍ നിന്നുമാണ് ഇവ കാണാതായിരിക്കുന്നതെന്ന് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഭാരതി എയര്‍ടെല്‍ ലിമിറ്റഡിന്റെ കീഴില്ലുള്ള സത്യഭാരതി ഫൗണ്ടേഷന്‍, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ഹൈദരാബാദ്, പൂണെ ആസ്ഥാനമായ മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്, ഗാന്ധിനഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷകളാണ് കാണാതായിരിക്കുന്നത്. ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത് ദേശീയ മാധ്യമമായ ദി പ്രിന്റാണ്. മാധ്യമ സ്ഥാപനം വിവാരവാകാശ രേഖകള്‍ പ്രകാരം പകര്‍പ്പുകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവ കൈവശമില്ലെന്നായിരുന്നു മറുപടി. പിന്നാലെയാണ് ഫയല്‍ കാണാതായെന്ന വിവരം പുറം ലോകം അറിയുന്നത്. മറ്റ് എല്ലാ അപേക്ഷകരുടെയും ഫയലുകള്‍ ഇവിടെയുണ്ട്. നാല് സ്ഥാപനങ്ങളുടെ ഫയലുകള്‍ മാത്രമാണ് കാണാതിയിരിക്കുന്നത്. യുജിസിയുടെ ഡല്‍ഹിയിലെ ആസ്ഥാന മന്ദിരം മുഴുവനും പരിശോധച്ചിട്ടും ഫയലുകള്‍ കണ്ടെത്തിയില്ല. ഫയലുകള്‍ സൂക്ഷിക്കുന്ന ഓഫീസര്‍മാര്‍ക്കും ഇത് എവിടെയാണെന്ന് അറിയില്ലെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. ‘ഫയലുകളുടെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍ അവധിയിലാണ്. അദ്ദേഹം തിരികെ എത്തിയതിനുശേഷം മാത്രമേ ഞങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുകയുള്ളൂ. ഓഫീസില്‍ നിലവിലുള്ള ഒരാള്‍ക്കും ഫയലുകളെക്കുറിച്ച്‌ യാതൊരു ധാരണയുമില്ലെന്ന് ‘ യുജിസിയില്‍ ഫയലുമായി ബന്ധപ്പെട്ട് ജോലി ചെയുന്ന ഒരു ജീവനക്കാരന്‍ വ്യക്തമാക്കി. നേരത്തെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളെ പടിക്ക് പുറത്ത് നിറുത്തിക്കൊണ്ടാണ് തുടങ്ങിയിട്ടില്ലാത്ത സ്ഥാപനം അതീവ ഗുണമേന്മയുള്ളതാണെന്ന സാക്ഷ്യപ്പെടുത്തല്‍ സര്‍ക്കാര്‍ നല്‍കിയതെന്ന് വാര്‍ത്ത വന്‍ വിവാദമായിരുന്നു. ഡല്‍ഹിയിലെ ജെ.എന്‍.യു ഉള്‍പ്പെടെ 114 സ്ഥാപനങ്ങള്‍ ഈ പദവിക്കായി അപേക്ഷിച്ചിരുന്നു. ഇവയെ എല്ലാം തമസ്‌കരിച്ചു കൊണ്ടാണ് റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപനത്തിന് ഈ അംഗീകാരം നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ് പട്ടികയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വാര്‍ഷിക ധനസഹായമായി ആയിരം കോടി രൂപ ലഭിക്കും.