പ്രളയം; 20,000 ബ്രാന്‍ഡ് ന്യൂ കാറുകള്‍ ഗോഡൗണുകളില്‍ വെള്ളത്തിൽ മുങ്ങി

car

കേരളത്തില്‍ പ്രളയത്തില്‍ തകര്‍ന്നത് 20,000 പുതിയ കാറുകള്‍. ബ്രാന്‍ഡ് ന്യൂ ഗണത്തില്‍പ്പെട്ട പുതിയതും ചെറുതുമായ 20,000 കാറുകളാണ് കേരളത്തിന്റെ പല ഭാഗങ്ങളിലുള്ള ഗോഡൗണുകളില്‍ മുങ്ങി നശിച്ചത്. ഏകദേശം 1100 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിലെ വിവിധ ഡീലര്‍മാര്‍ക്ക് ഉണ്ടായിരിക്കുന്നത്. ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറിയ വാഹനങ്ങള്‍ വില്‍ക്കാന്‍ ഡീലര്‍മാര്‍ക്ക് നിര്‍മാതാക്കള്‍ അനുമതി നല്‍കില്ല. കേരളത്തിലെ 35 ഡീലര്‍മാര്‍ക്കാണ് കനത്ത നഷ്ടം നേരിട്ടിരിക്കുന്നത്. ചെറിയ തോതില്‍ വെള്ളം കയറിയ വാഹനങ്ങള്‍ 50% വിലക്കുറവോടെ വെള്ളം കയറിയതാണെന്ന് അറിയിച്ച ശേഷം ഡിസ്‌കൗണ്ട് സെയില്‍ നടത്താനാണ് തീരുമാനം. പക്ഷെ ഇത് വാങ്ങാന്‍ എത്രപേര്‍ മുന്നോട്ട് വരുമെന്ന സംശയത്തിലാണ് ഡീലര്‍മാര്‍.  ബെന്‍സ് മുതല്‍ സാന്‍ട്രോ വരെയുള്ള വലുതും ചെറുതുമായ നിരവധി കാറുകള്‍ പ്രളയത്തില്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. പല വാഹന ഡീലര്‍മാരുടെയും ഗോഡൗണുകള്‍ താഴ്ന്ന പ്രദേശങ്ങളിലായിരുന്നതിനാലാണ് ഇത്രയധികം കാറുകള്‍ വെള്ളത്തിനടിയിലായത്.താരതമ്യേന വിലക്കുറവുള്ള കളമശ്ശേരിയിലെ താഴ്ന്ന പ്രദേശങ്ങളിലായിരുന്ന എറണാകുളത്തെ മിക്ക കാര്‍ ഗോഡൗണുകളും നിലനിന്നിരുന്നത്. ഇതുമൂലം ഡീലര്‍മാര്‍ക്ക് വന്‍നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.