Saturday, April 20, 2024
HomeNationalറഫാല്‍ ഇടപാട്; വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീംകോടതി

റഫാല്‍ ഇടപാട്; വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീംകോടതി

റഫാല്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി നിര്‍ദേശം. ഇടപാടിന്റെ നടപടിക്രമങ്ങള്‍ പരസ്യപ്പെടുത്തണമെന്നും വിമാനത്തിന്റെ വിലയുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.വിമാനത്തിന്റെ വില, സാങ്കേതിക വിവരങ്ങൾ, കരാറിലെ നടപടിക്രമങ്ങൾ തുടങ്ങിയവ കോടതിയെ അറിയിക്കണം. എന്നാൽ വിഷയത്തിൽ സി.ബി.ഐ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.

മുൻകേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ സമർപ്പിച്ച ഹർജികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. സിബിഐ തലപ്പത്തെ കലഹത്തിന് പിന്നിൽ റഫാൽ ഇടപാടാണെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ അടക്കം ഉയർത്തിയ പശ്ചാത്തലത്തിലാണ് വിഷയം കോടതിയുടെ മുന്നിൽ വന്നത്. റഫാല്‍ ഇടപാടിലെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല. രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ പുറത്തുവിടാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. വിമാനങ്ങളുടെ വില, ആ വില നിശ്ചയിക്കാനുള്ള കാരണം, അതുകൊണ്ടുണ്ടായ നേട്ടം എന്നിവയുൾപ്പടെയുള്ള വിവരങ്ങൾ മുദ്ര വച്ച കവറിൽ സുപ്രീംകോടതിയിൽ സമർപ്പിക്കണം’ എന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. റഫാൽ ഇടപാടിൽ ഇന്ത്യയിലുള്ള പങ്കാളികളുടെ വിവരങ്ങളും കോടതിയെ അറിയിക്കണം. ഇടപാടിന്‍റെ നടപടിക്രമങ്ങളും സർക്കാർ സുപ്രീംകോടതിയെ അറിയിക്കണം.

ഒഫീഷ്യൽ സീക്രട്ട്സ് ആക്റ്റ് അനുസരിച്ച് വെളിപ്പെടുത്താനാകാത്ത രേഖകളാണ് ഇത്തരത്തിൽ മുദ്ര വച്ച കവറിൽ കോടതിയിൽ നൽകേണ്ടത്. പൊതുജനമധ്യത്തിൽ വെളിപ്പെടുത്താൻ കഴിയുന്ന മറ്റ് വിവരങ്ങളെല്ലാം ഹർജിക്കാർക്ക് നൽകാനും കോടതി ഉത്തരവിട്ടു. എന്നാൽ ഇതിനെ അറ്റോർണി ജനറൽ കോടതിയിൽ ശക്തമായി എതിർത്തു. ഔദ്യോഗികരേഖകളുടെ വിശദാംശങ്ങൾ നൽകാനാകില്ലെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചു. പാർലമെന്‍റിനെപ്പോലും ഈ വിശദാംശങ്ങൾ അറിയിച്ചിട്ടില്ലെന്നും എജി കോടതിയിൽ പറഞ്ഞു.

കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ഹർജിക്കാരിൽ ഒരാളായ അഡ്വ.പ്രശാന്ത് ഭൂഷൺ കോടതിയിൽ ആവശ്യപ്പെട്ടപ്പോൾ അക്കാര്യം ഇപ്പോൾ പരിഗണിയ്ക്കുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ‘കാത്തിരിയ്ക്കൂ, ആദ്യം സിബിഐയ്ക്കുള്ളിലെ പ്രശ്നങ്ങളൊക്ക ഒന്ന് ഒത്തുതീരട്ടെ’ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ മറുപടി.

ഈ മാസം 10 ന് കേസ് പരിഗണിച്ചപ്പോൾ റഫാൽ വിമാനങ്ങളുടെ വില വിവരപ്പട്ടിക നൽകേണ്ടതില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. എന്നാൽ ഇന്ന് വില വിവരങ്ങളടങ്ങിയ വിശദാംശങ്ങളുൾപ്പടെ തന്ത്രപ്രധാനവിവരങ്ങളെല്ലാം നൽകണമെന്നാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. കേസിലെ ഹർജികൾ തളളാനൊരുക്കമല്ല സുപ്രീംകോടതി എന്ന് തന്നെയാണ് ഈ നിർദേശങ്ങളിലൂടെ വ്യക്തമാകുന്നത്. വിശദമായ കോടതി ഇടപെടൽ റഫാൽ കേസിലുണ്ടാകും എന്ന് വ്യക്തം. ലോക്സഭാതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിയ്ക്കേ തന്ത്രപ്രധാനമായ ഒരു കേസിൽ കോടതിയുടെ നിരീക്ഷണവും ഇടപെടലുമുണ്ടാകുന്നത് ബിജെപി സർക്കാരിന് കനത്ത തിരിച്ചടിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments