Thursday, April 18, 2024
HomeKeralaട്രഷറി വകുപ്പിന്റെ കഠിന പ്രയത്നം ; 206.4 കോടി രൂപ പെന്‍ഷനും ശമ്പളവുമായി വിതരണംചെയ്തു

ട്രഷറി വകുപ്പിന്റെ കഠിന പ്രയത്നം ; 206.4 കോടി രൂപ പെന്‍ഷനും ശമ്പളവുമായി വിതരണംചെയ്തു

ട്രഷറികളിലെ നീക്കിയിരിപ്പും വരവുകളും ഉപയോഗിച്ച് 206.4 കോടി രൂപ പെന്‍ഷനും ശമ്പളവുമായി ചൊവ്വാഴ്ച വിതരണംചെയ്തു. ട്രഷറികളിലൂടെ മാത്രം 113.4 കോടി രൂപ സര്‍വീസ് പെന്‍ഷന്‍ നല്‍കി. ഇതിനു പുറമെ 36.69 കോടി രൂപയ്ക്കുള്ള ക്ഷേമപെന്‍ഷനുകളും വിതരണംചെയ്തു. ആവശ്യത്തിനു കറന്‍സി ലഭ്യമാക്കാതിരുന്ന ട്രഷറികളില്‍ മറ്റു ട്രഷറികളുമായി ബന്ധപ്പെട്ട ബാങ്കുകളില്‍നിന്ന് ട്രഷറി ഡയറക്ടറേറ്റ് ഇടപെട്ട് കറന്‍സി എത്തിച്ചു. ഇതേ സമയം കറന്‍സി ലഭ്യമാക്കാഞ്ഞതിനാല്‍ ബാങ്കുകള്‍ക്ക് ശമ്പളവിതരണത്തില്‍ ബുദ്ധിമുട്ടുണ്ടായി. ശമ്പളത്തില്‍നിന്ന് 24,000 രൂപ പിന്‍വലിക്കാന്‍ ആവശ്യമായ കറന്‍സിപോലും ഉറപ്പാക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഈ മാസവും പരാജയപ്പെട്ടുവെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു . ആദ്യദിവസം ട്രഷറികള്‍ ആവശ്യപ്പെട്ട 270.5 കോടി രൂപയില്‍ 177 കോടി രൂപ മാത്രമാണു ലഭിച്ചത്.

അടുത്തദിവസങ്ങളിൽ നൽകാൻ ബാങ്കുകളിൽ എത്ര കറൻസിയുണ്ട്‌ എന്നതു വ്യക്തമല്ല. റിസർവ്വ്‌ ബാങ്ക്‌ അടിയന്തരമായി ബാക്കി കറൻസികൂടി എത്തിച്ചില്ലെങ്കിൽ പ്രതിസന്ധി ഉണ്ടാകാനാണു സാദ്ധ്യത. സർക്കാരിന്റെ ശമ്പളം, പെൻഷൻ വിതരണം ഏഴു പ്രവൃത്തിദിവസങ്ങൾകൊണ്ടു പൂർത്തിയാകുമെങ്കിലും ആദ്യദിവസങ്ങളിൽ 24000 രൂപ പിൻവലിച്ചവർക്ക്‌ രണ്ടാംവട്ടം പിൻവലിക്കാനുള്ള കറൻസി തുടർന്നുള്ള ദിവസങ്ങളിൽ ലഭ്യമാക്കേണ്ടതുമുണ്ട്‌.
ട്രഷറികളിൽ കോർ ബാങ്കിൽ നടപ്പാക്കിയതിന്റെ തുടർച്ചയായി വേണ്ടിയിരുന്ന സോഫ്റ്റ്‌വെയർ പരിഷ്ക്കരിക്കൽ നടപ്പാക്കിയതിനാൽ ഇന്നലെ ചില ട്രഷറികളിൽ രാവിലെ സാങ്കേതികപ്രശ്നം ഉണ്ടായിരുന്നു. ടിസ്‌ എന്ന സോഫ്റ്റ്‌വെയറിൽനിന്ന്‌ കോർട്ടിസ്‌ എന്ന സോഫ്റ്റ്‌വെയറിലേക്കു മാറിയ 115 ട്രഷറികളിൽ ചിലതിലാണു പ്രശ്നം ഉണ്ടായത്‌. സംസ്ഥാനത്തുടനീളം ബിഎസ്‌ എൻഎൽ നെറ്റ്‌വർക്ക്‌ മന്ദീഭവിച്ചതും ട്രഷറി പ്രവർത്തനത്തെ ബാധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments