തമിഴനാട് മുഖ്യമന്ത്രിക്ക് കേരള ജലവിഭവമന്ത്രിയുടെ കത്ത്

കേരളം ഇക്കൊല്ലം അനുഭവിക്കുന്ന രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ പാലക്കാട് മേഖലയില്‍നിന്നും തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്ന ജലം സംബന്ധിച്ച കരാറിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി മാത്യു ടി. തോമസ് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ജലസേചനത്തിന്റെ ചുമതലയുള്ള മന്ത്രി എടപ്പാടി കെ. പളനിസ്വാമി എന്നിവര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏതു കരാറിന്റെയും പവിത്രത പാലിക്കണമെന്നതില്‍ കേരളം പാലിക്കുന്ന നിഷ്ഠ തിരിച്ചും പ്രതീക്ഷിക്കുന്നുവെന്നും എന്നാല്‍ പലപ്പോഴും തമിഴ്‌നാട് കരാര്‍വ്യവസ്ഥകള്‍ ലംഘിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയുടെ (പി.എ.പി.) വ്യവസ്ഥപ്രകാരം കുടിവെള്ള ആവശ്യത്തിനായി ആയിരം ദശലക്ഷം ഘനയടി (ഒരു ടി.എം.സി.) ജലമാണ് തമിഴ്‌നാടിന് അര്‍ഹമായിട്ടുള്ളത്. മണക്കടവില്‍ 7.25 ടി.എം.സി.യും ഷോളയാറില്‍നിന്നും 12 ടി.എം.സി.യും ജലം കേരളത്തിനുള്ളതാണെന്നാണ് വ്യവസ്ഥ. അതിന്‍പ്രകാരം ഡിസംബര്‍ 31 വരെ നാലര ടി.എം.സി. ജലം കേരളത്തിനു ലഭിച്ചു കഴിയേണ്ടതാണ്. യഥാര്‍ത്ഥത്തില്‍ ലഭിച്ചതാകട്ടെ രണ്ടര ടി.എം.സി.യില്‍ അല്‍പ്പം മാത്രം കൂടുതലും. ജലക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാടിന്റെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റി ശേഷിക്കുന്നത് മുഴുവന്‍ കേരളത്തിനു ലഭ്യമാക്കേണ്ടതുണ്ട്. അതു ചെയ്യാതെ, തമിഴ്‌നാട് അധികമായി സംഭരിക്കുന്ന ജലം ജലസേചനത്തിനും വൈദ്യുതി ഉല്‍പ്പാദനത്തിനും ഉപയോഗിക്കുകയാണ്. ചിറ്റൂര്‍പ്പുഴയും ഭാരതപ്പുഴയും വറ്റിവരണ്ട് നെല്‍കൃഷി മിക്കവാറും മുടങ്ങുകയും ജനങ്ങളുടെ കുടിവെള്ളം മുട്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍ തമിഴ്‌നാടിന്റെ നടപടി കേന്ദ്ര ജലനയപ്രകാരമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. കുടിവെള്ളത്തിനു വേണം മുന്തിയ പരിഗണനയെന്നാണു കേന്ദ്രനിര്‍ദ്ദേശം. ആയതുകൊണ്ട് ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ജല ആവശ്യങ്ങള്‍ സാദ്ധ്യമാകാന്‍ എന്ന കാഴ്ചപ്പാടോടെ കുടിവെള്ളത്തിനാവശ്യമായ ഒരു ടി.എം.സി. ജലം എടുത്ത് ബാക്കി മുഴുവന്‍ കേരളത്തിനു വിട്ടുതരാനുള്ള നടപടി തമിഴ്‌നാട് അടിയന്തിരമായി സ്വീകരിക്കണമെന്ന് മന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.