ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പ്രതിയാകും

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പ്രതിയാകും. ഗൂഢാലോചനയില്‍ അപ്പുണ്ണി ഉള്‍പ്പെട്ടതിന് വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍പ്പോയ അപ്പുണ്ണിക്കായി തെരച്ചില്‍ തുടരുകയാണ്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിക്ക് അറിയാമെന്നാണ് പൊലീസ് കരുതുന്നത്.

പള്‍സര്‍ സുനിക്ക് പണം നല്‍കി ഒത്തുതീര്‍പ്പിന് അപ്പുണ്ണിയാണ് ശ്രമിച്ചത്. പള്‍സറുമായി അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതിനും ഫോണില്‍ സംസാരിച്ചതിനും പൊലീസിന്റെ കൈവശം തെളിവുണ്ട്. അന്വേഷണസംഘം രണ്ടാമത് ചോദ്യംചെയ്യാന്‍ വിളിച്ചിട്ടും ഇയാള്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ഏലൂരിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പുണ്ണി ഉപയോഗിച്ചിരുന്ന അഞ്ച് മൊബൈല്‍ഫോണ്‍ കണക്ഷനും സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്. ഗൂഢാലോചനയില്‍ അപ്പുണ്ണിയുടെ പങ്ക് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അപ്പുണ്ണിയെ പൊലീസ് ഒരുതവണ ചോദ്യംചെയ്യുകയും ചെയ്തു. ദിലീപിന്റെ അറസ്റ്റിനു പിന്നാലെയാണ് അപ്പുണ്ണി ഒളിവില്‍പ്പോകുന്നത്.