Friday, April 19, 2024
HomeNationalരാജ്യത്ത് നോട്ടുക്ഷാമം രൂക്ഷമായി

രാജ്യത്ത് നോട്ടുക്ഷാമം രൂക്ഷമായി

രാജ്യത്ത് നോട്ടുക്ഷാമം അനുഭവപ്പെടുന്നുവെന്നാണ് കഴിഞ്ഞ ഒരാഴ്ചയായി പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ വിഷു- ഈസ്റ്റര്‍ ഉല്‍സവത്തിനുള്ള തിരക്കിനിടയിലിടയിലാണ് ജനം നോട്ടുപ്രതിസന്ധിയെ മൂന്നുമാസത്തിനുശേഷം വീണ്ടും അഭിമുഖീകരിക്കുന്നത്. പലനഗരങ്ങളിലും എഴുപതുശതമാനംവരെ നോട്ടുക്ഷാമം അനുഭവപ്പെടുന്നതായാണ് വിവരം. നോട്ടിന് ജനങ്ങള്‍ പൊതുവെ ആശ്രയിക്കുന്ന ബാങ്കുകളിലും എ.ടി.എമ്മുകളിലും കറന്‍സി കണികാണാന്‍ പോലും പറ്റാത്ത അവസ്ഥയാണുണ്ടായിട്ടുള്ളത്. ട്രഷറികളില്‍ പണമില്ലാത്തതുമൂലം സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും പോലും കൊടുക്കാനാകാതെ സംസ്ഥാനസര്‍ക്കാരുകളും സ്ഥാപനങ്ങളും വിഷമിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ 122 കോടി ആവശ്യപ്പെട്ടപ്പോള്‍ 52 കോടി മാത്രമാണ് റിസര്‍വ്ബാങ്ക് അനുവദിച്ചത്. ബാങ്കുകളില്‍ ഇടപാടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ കശപിശയും പതിവായിട്ടുണ്ട്. വിഷുവിന് കൈനീട്ടം നല്‍കാന്‍ പോലും പുതിയ നോട്ട് കണികാണാനാകാത്ത ദു:സ്ഥിതി.
ഡിജിറ്റല്‍ ബാങ്കിംഗ് പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃത്രിമമായി നോട്ടുക്ഷാമം സൃഷ്ടിക്കുകയാണ് സര്‍ക്കാരെന്നാണ് സൂചന. വടക്കേഇന്ത്യയില്‍ വൈശാഖി ആഘോഷം കൂടിയാണ് ഈ നാളുകളില്‍. സത്യത്തില്‍ ഇത് ജനത്തെ ശിക്ഷിക്കുന്നതിന് തുല്യമാണ്. കൊല്‍ക്കത്ത, മുംബൈ, ചെന്നൈ പോലുള്ള നഗരങ്ങളില്‍ പോലും ജനങ്ങള്‍ എ.ടി.എമ്മുകളില്‍ ചെന്ന് വെറുംകയ്യോടെ മടങ്ങേണ്ടിവരുന്നു. ഇവിടങ്ങളില്‍ പകുതിയോളം എ.ടി.എമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഹൈദരാബാദില്‍ 83 ശതമാനം എ.ടി.എമ്മുകളിലും പണമില്ലെന്നാണ് വിവരം. പൂനെയില്‍ ജനക്കൂട്ടം എ.ടി.എമ്മുകള്‍ അടിച്ചുതകര്‍ക്കുന്ന സംഭവം വരെയുണ്ടായി. ഡല്‍ഹിയില്‍ നഗരസഭാ തിരഞ്ഞെടുപ്പ് അടുത്തതിനാലാവണം അവിടെ പണത്തിന് വലിയ ക്ഷാമമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനര്‍ഥം കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് നോട്ടുവിതരണവും ഇപ്പോഴത്തെ പ്രതിസന്ധിയുമെന്നാണ് വ്യക്തമാകുന്നത്.
രാജ്യത്ത് നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ച ശേഷം അതിന് ബദലായി പുതിയ നോട്ടുകള്‍ വിതരണത്തിനെത്തിക്കാത്തതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. 2106 നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ഞൂറ്, ആയിരം രൂപ നോട്ടുകളുടെ പ്രചാരം ഒറ്റയടിക്ക് റദ്ദാക്കുമ്പോള്‍ ഇത്രവലിയൊരു ആഘാതം സാധാരണ ജനത പ്രതീക്ഷിച്ചിരുന്നില്ല. 17.97 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് അന്നേദിവസം വരെ നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്നതെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്ക്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 16 ലക്ഷം കോടി രൂപയാണ് റദ്ദാക്കിയത്. രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളാണ് ഇതിലൂടെ പിന്‍വലിക്കപ്പെട്ടത്. പകരം പതിനായിരവും മറ്റുമായി രണ്ടായിരത്തിന്റെ പുതിയ നോട്ടുകള്‍ വിതരണം ചെയ്യുമെന്നാണ് സര്‍ക്കാരും റിസര്‍വ് ബാങ്ക് അധികൃതരും പറഞ്ഞിരുന്നത്. പിന്‍വലിച്ച മുഴുവന്‍ തിരിച്ചുവരില്ലെന്നും മൂന്നുലക്ഷം കോടി രൂപ കള്ളപ്പണമായി ജനം നശിപ്പിക്കുമെന്നുമായിരുന്നു കണക്കുകൂട്ടലെങ്കില്‍ മുഴുവന്‍ തുകയും തിരിച്ചുവന്നതായാണ് പിന്നീട് വെളിപ്പെടുത്തപ്പെട്ടത്. ഇതോടെ കള്ളപ്പണം പിടികൂടാനാണ് നോട്ടുനിരോധിച്ചതെന്ന വാദത്തിന്റെ മുനയൊടിയുകയായിരുന്നു. രാജ്യത്തെ 1.20 ലക്ഷം എ.ടി.എമ്മുകള്‍ മിക്കതും പ്രവര്‍ത്തിക്കാതാകുകയോ ഭാഗികമായി പ്രവര്‍ത്തിക്കുകയോ മാത്രമാണ് ചെയ്തത്. മൊത്തം 60 ഉത്തരവുകളാണ് ഇതിനായി കേന്ദ്രധനമന്ത്രാലയവും റിസര്‍വ്ബാങ്കും പുറപ്പെടുവിച്ചത്.
കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം 17. 97 ലക്ഷത്തിനുപകരമായി രാജ്യത്ത് പ്രചാരത്തിലുള്ളത് 13.35 ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. അതിനര്‍ഥം ഏതാണ്ട് അഞ്ചുലക്ഷം കോടി രൂപ രാജ്യത്ത് പൊടുന്നനെ പ്രചാരത്തിലില്ലാതായിരിക്കുന്നു. ഇതൊരു നിസ്സാരകാര്യമായി തള്ളിക്കളയാനാവില്ലെന്ന് പറഞ്ഞവരെ മുഴുവന്‍ അടച്ചാക്ഷേപിച്ചവര്‍ക്ക് ഇപ്പോഴത്തെ നോട്ടുപ്രതിസന്ധിയെക്കുറിച്ച് ഉരിയാട്ടമില്ലാതായിരിക്കുന്നു.
തങ്ങള്‍ സ്വന്തമായി അധ്വാനിച്ച് ബാങ്കുകളില്‍ നിക്ഷേപിച്ച പണം സര്‍ക്കാരിന്റെ സ്വത്തായി മാറുകയും അത് തങ്ങളുടെ അത്യാവശ്യത്തിന് പോലും ഉപയോഗിക്കാന്‍ പറ്റാതാകുകയും ചെയ്യുന്നുവെന്നതിനെ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെ പോലുള്ളവര്‍ കൊള്ളയായി വിശേഷിപ്പിച്ചതാണ്. ഇതിനെതിരെ ബി.ജെ.പിക്കാരും മോദി തന്നെയും അതിശക്തമായി രംഗത്തുവന്നു. എം.ടിയെപോലുള്ള പ്രമുഖര്‍ തുഗഌക്കിയന്‍ നടപടിയെന്നാണ് നോട്ടുനിരോധനത്തെ വിശേഷിപ്പിച്ചത്. ഇതെല്ലാം ശരിയാണെന്ന് വരികയാണ് വിഷുവിനുപോലും സ്വന്തം പണം പിന്‍വലിക്കാന്‍ കഴിയാത്ത ഇപ്പോഴത്തെ അവസ്ഥയിലൂടെ. ഇതിലൂടെ വ്യാപാരരംഗവും തകര്‍ച്ചയെ നേരിടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പൊതുവെ മാന്ദ്യം നേരിട്ടുവരുന്ന രാജ്യത്ത് നോട്ടുക്ഷാമം കൂടിയാകുന്നതോടെ വലിയ പ്രത്യാഘാതമായിരിക്കും സംഭവിക്കാന്‍ പോകുന്നത്. സംഭവത്തെപ്പറ്റി റിസര്‍വ് ബാങ്കിന് ഒരു വിശദീകരണവും നല്‍കാനാവുന്നില്ലെന്നതും ഞെട്ടിപ്പിക്കുന്നതാണ്. ജനത്തിന് പഴയ നോട്ടുകളെങ്കിലും നല്‍കി പ്രശ്‌നം പരിഹരിക്കണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. പക്ഷേ അതിനുപോലും പണം തികയുന്നില്ലെന്നാണ് പറയപ്പെടുന്നത്. കീറിയ നോട്ടുകള്‍ കൊണ്ട് ഉണ്ടായേക്കുന്നബുദ്ധിമുട്ടുകളാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. നോട്ടുനിരോധനത്തിലൂടെ കള്ളനോട്ടെല്ലാം പിടിക്കാമെന്നുകരുതിയവര്‍ക്ക് ഇപ്പോഴും അക്കാര്യത്തില്‍ മറുപടിയില്ലാതായിരിക്കുന്നുവെന്നതിന്റെ തെളിവാണ് തമിഴ്‌നാട്ടിലെ ആര്‍.കെ നഗര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വിതരണം ചെയ്ത 89 കോടി കറന്‍സി.
ബാങ്കുകള്‍ ഏര്‍പെടുത്തിയിരിക്കുന്ന പുതിയ ഫീസുകളും സേവനനിരക്കുകളും സാധാരണക്കാരന്റെ നിക്ഷേപം ആകര്‍ഷിക്കാനിടയാക്കില്ലെന്നും പുതിയ സംഭവം തെളിയിക്കുന്നു. മാസത്തില്‍ അഞ്ചുതവണയില്‍ കൂടുതല്‍ എ.ടി.എം സേവനം ഉപയോഗപ്പെടുത്തിയാല്‍ പിഴ നല്‍കണമെന്ന വ്യവസ്ഥ കാരണം പലരും കൂടിയ തുകകള്‍ ഒറ്റയടിക്ക് പിന്‍വലിക്കുന്ന പ്രവണതയും വര്‍ധിച്ചിരിക്കയാണ്. ജനങ്ങള്‍ സര്‍ക്കാരിനെ അവിശ്വസിക്കുന്ന അവസ്ഥയാണുണ്ടായിട്ടുളളത്. പണം ബാങ്കിലിട്ടാല്‍ പടിപടിയായി ബാങ്ക് തന്നെ പിന്‍വലിക്കുന്ന അവസ്ഥ അധ്വാനിച്ചുണ്ടാക്കുന്ന പണത്തെയും അതിന്റെ ഉടമകളെയും പരിഹസിക്കുന്നതിന് തുല്യമാണ്. അവനറിയാതെ പലതവണയായി അമ്പതും നൂറുമായി സ്വന്തം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങളോട് കാട്ടുന്ന കൊടും ക്രൂരതയായിപ്പോയി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments