Saturday, April 20, 2024
HomeKeralaഎനിക്ക് എല്ലാരോടും അസൂയയാണ്. പിന്നെ അഹങ്കാരം: വിനായകന്‍

എനിക്ക് എല്ലാരോടും അസൂയയാണ്. പിന്നെ അഹങ്കാരം: വിനായകന്‍

എപ്പോഴും സിമ്പിളായിരുന്നു വിനായകന്‍. ക്യാമറയ്ക്കു മുന്നിലും പുറത്തും. അഭ്രപാളിയില്‍ കാണാന്‍ വേഷമിടുമ്പോഴും തികച്ചും സാധാരണക്കാരനായി ക്യാമറയ്ക്കുമുന്നില്‍ ജീവിച്ച നടന്‍. അതിന്റ അംഗീകാരമാണ് ഇപ്പോള്‍ സംസ്ഥാന അവാര്‍ഡ് രൂപത്തില്‍ തേടിയതെത്തുന്നത്.
‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തില്‍ ഒരു ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് ഞാനാണ്. ഒരു മെലഡിയാണ് ഗാനം. എല്ലാവര്‍ക്കും താളം പിടിക്കാവുന്ന ഗാനം. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ഒരുപാട് നാളത്തെ ആഗ്രഹമാണ് സാധ്യമായത്. അഭിമുഖത്തില്‍ വിനായകന്‍ പറയുന്നു.

ഞാന്‍ ഒരു പാട് വെറുതെ സംസാരിക്കും. ടിവിയിലോ അഭിമുഖങ്ങളിലോ വെറുതേ ഒരോന്നു പറഞ്ഞാല്‍ അത് എന്നെത്തന്നെ തിരിഞ്ഞുകൊത്തും. എന്തിനാ വെറുതെ… കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് മികച്ച നടനായ വിനായകന്‍ തന്റെ അഭിനയത്തെപ്പറ്റി പ്രതികരിക്കുന്നത് ഇങ്ങനെ. കാശുതരുന്ന ആര്‍ക്കൊപ്പവും ജോലിചെയ്യുമെന്നും അതുകൊണ്ട് തന്നെ അധോലോകക്കാരന്‍ എന്ന് വിലയിരുത്തേണ്ടതെന്നും തുറന്നു പറയുകയാണ് ബെസ്റ്റ് ആക്ടര്‍ ആയ വിനായകന്‍.

ഒരു സിനിമാ നടനാണെന്ന് സ്വയം മനസ്സിലാക്കിയത് തമ്പി കണ്ണന്താനത്തിന്റെ ‘മാന്ത്രിക’ത്തിലെ ഒരു ചെറിയ വേഷമായിരുന്നു. അത് കഴിഞ്ഞപ്പോള്‍ സിനിമ ഇനി വേണ്ടെന്ന് കരുതിയതാണ്. സിനിമ എനിക്ക് ഭയങ്കര സംഭവമൊന്നും അല്ല. ഇത് ഒരു ജോലി മാത്രമാണ്. പക്ഷേ ഈ ജോലി ഞാന്‍ നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ ചെയ്യും. ഡാന്‍സും പാട്ടുമാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. എന്നാല്‍ ചെയ്തു വന്നപ്പോള്‍ സിനിമയില്‍ ഞാന്‍ ലോക്ക് ആയിട്ടുണ്ട്. വേറെ ജോലി ഒന്നും എനിക്ക് അറിയില്ല.
കരിയറിന്റെ തുടക്കത്തില്‍ കൂടുതലും നെഗറ്റീവ് വേഷങ്ങളാണ് ചെയ്തത്. കൈയിലിരിപ്പ് ഒരിക്കലും അല്ല. എന്റെ ഒരു അപ്പിയറന്‍സ് വച്ച് നെഗറ്റീവ് വേഷങ്ങള്‍ കൂടുതല്‍ യോജിക്കും. പിന്നെ ഇത്തരം വേഷങ്ങള്‍ക്ക് ഭയങ്കര സാധ്യതകള്‍ ആണ്. പ്രേക്ഷകരുമായി എളുപ്പം അടുക്കാന്‍ കഴിയും. നായകവേഷത്തേക്കാള്‍ നല്ല സ്വാതന്ത്ര്യവും ഉണ്ട്- വിനായകന്‍ അഭിമുഖത്തില്‍ ഓര്‍മകള്‍ പങ്കുവച്ചത് ഇങ്ങനെ.

ഒരു സിനിമ ചെയ്യുമ്പോള്‍ അതിനു മുന്നേ ഹോം വര്‍ക്ക് ഒന്നുമില്ല. അങ്ങനെയാണെങ്കില്‍ മമ്മൂട്ടി സര്‍ ‘അമര’വും ‘രാജമാണിക്യ’വും ചെയ്യുമ്പോള്‍ അവിടെയൊക്കെ പോയി പഠിക്കണ്ടേ. അത് അദ്ദേഹത്തിന്റെ നിരീക്ഷണപാടവവും കഴിവുമാണ്. ഞാന്‍ ഹോം വര്‍ക്ക് ഒന്നും നടത്താറില്ല. ഡയലോഗ് വരുമ്പോള്‍ നന്നായിട്ട് പഠിക്കും, അത്രയേ ഉള്ളൂ.
സ്വന്തം സ്വഭാവത്തെ നടന്‍ വിലയിരുത്തുന്നത് ഇങ്ങനെ: എനിക്ക് എല്ലാരോടും അസൂയയാണ്. പിന്നെ അഹങ്കാരം. ഇതു രണ്ടും എനിക്ക് വളരെ കൂടുതലാണ്. പിന്നെ, അസൂയയില്‍ ഒരു പോസിറ്റീവ് വശം ഞാന്‍ കാണുന്നുണ്ട്. അസൂയ വരുമ്പോള്‍ അത് എന്തിലേക്കാണോ, അതാകാന്‍ ഞാന്‍ ശ്രമിക്കും. എനിക്ക് അസൂയയുണ്ടെന്ന് മറ്റുള്ളവര്‍ കരുതിയാല്‍ ഞാന്‍ വിജയിച്ചു.

നൂറ് ശതമാനവും മറ്റുള്ളവരുടെ സിനിമയില്‍ അഭിനയിക്കാനാണ് ഇഷ്ടം. സുഹൃത്തുക്കളുടെ സിനിമയാകുമ്പോള്‍ നോ പറയാന്‍ ബുദ്ധിമുട്ടാണ്. കൂട്ടുകാരുടെ സിനിമയില്‍ അഭിനയിച്ചപ്പോഴാണ് എനിക്ക് കൂടുതലും പരിക്കുകള്‍ പറ്റിയിട്ടുള്ളത്. അത് പറ്റില്ല എന്ന് പറയാന്‍ പറ്റാത്തതുകൊണ്ടാണ്. ഞാന്‍ സിനിമയെ വളരെ പ്രൊഫഷണല്‍ ആയി കാണുന്ന വ്യക്തിയാണ്. അതുകൊണ്ടാണ് മറ്റുള്ളവരുടെ സിനിമയില്‍ അഭിനയിക്കാന്‍ കൂടുതല്‍ ഇഷ്ടം. പിന്നെ എനിക്ക് കാശ് കിട്ടണം. കാശ് തരുന്ന ആരുടെ കൂടെയും ഞാന്‍ ജോലി ചെയ്യും.
കലാപരമായി സിനിമ ചെയ്യാന്‍ ഇവിടെ വേറെ ആളുകള്‍ ഉണ്ട്. എനിക്ക് ബുദ്ധിജീവിയൊന്നും ആകേണ്ട. ജനങ്ങളെ രസിപ്പിക്കുന്ന ചിത്രങ്ങള്‍ മതി. ജീവിതത്തിന്റെ കുറേ നാളുകള്‍ ഡാര്‍ക്ക് സീനിലൂടെയാണ് കടന്നുപോയത്. ഞാന്‍ ചെയ്യുന്നത് ഒരു ജോലിയാണ്, എനിക്ക് കാശ് കിട്ടണം.

ചിലപ്പോള്‍ വളര്‍ന്നുവന്ന രീതിയുടെ ഒക്കെ ആയിരിക്കാം. ഞാന്‍ അധികവും വീട്ടിനുള്ളില്‍ത്തന്നെ സമയം ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. പുറത്തിറങ്ങിയാല്‍ എന്ത് കാണാനാണ്? എന്ത് സംസാരിക്കാനാണ്? ഞാന്‍ എന്നിലേക്ക് ഒതുങ്ങി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഇങ്ങനെ ഒതുങ്ങിക്കൂടുന്ന എന്നെ എങ്ങനെ ജനം ഇഷ്ടപ്പെട്ടുവെന്ന് എനിക്കും കൃത്യമായിട്ട് അറിയില്ല.

സംഗീതമാണോ സിനിമയാണോ ഇഷ്ടമെന്ന ചോദ്യത്തിന് വിനായകന്‍ പറഞ്ഞത് ഇങ്ങനെ: നൂറ് ശതമാനം സംഗീതത്തോടാണ് എന്റെ ആഭിമുഖ്യം. സംഗീതം, നൃത്തം എന്നിവയാണ് എന്റെ ജീവന്‍. ഞാന്‍ കൊറിയോഗ്രാഫറാകാന്‍ സിനിമയില്‍ എത്തിയതാണ്. നമ്മള്‍ എന്താണ് ആകേണ്ടത് അതിലേക്ക് പൊയ്കൊണ്ടിരിക്കുക. നമ്മുടെ മുന്നില്‍ ഒരാളുണ്ടാകും. അയാള്‍ തിരക്ക് കാരണം പല പ്രോജക്ടുകളില്‍ നിന്നും മാറും. ഒരു പ്രമുഖ നടന് പകരമായിട്ടാണ് എന്നെ പരിഗണിച്ചത്. പിന്നെ ഞാന്‍ പോയ്കൊണ്ടേയിരുന്നു. നമ്മള്‍ ശ്രമം ഉപേക്ഷിക്കരുത്, ഉപേക്ഷിച്ചാല്‍ നമ്മള്‍ പുറത്താകും.

ഒരു സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് തമിഴ് നടന്‍ ധനുഷ് എന്നോട് പറഞ്ഞു; ‘ വിനായകന്‍, സിനിമയില്‍ സുന്ദരന്മാരായ നടന്മാരേക്കാള്‍ നമ്മളെ പ്പോലെ ഒരുപാട് പേരുണ്ട്…ഒരുപാടു പേര്‍”. അങ്ങനെ നോക്കുമ്പോള്‍ എല്ലാവരും സുന്ദരന്മാരല്ല എന്ന് വിശ്വസിക്കുന്ന എന്നെപ്പോലുള്ള ആളുകള്‍ക്ക് ധാരാളം ആരാധകര്‍ ഉണ്ടാകും. അവരുടെ പ്രതിനിധി ആയിരിക്കും ഞാന്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments