Wednesday, April 24, 2024
HomeNationalബജറ്റ് 2017; ആദായനികുതിയിൽ വൻ ഇളവ്

ബജറ്റ് 2017; ആദായനികുതിയിൽ വൻ ഇളവ്

ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തിനും അടിസ്ഥാനസൗകര്യവികസനത്തിനും ഗ്രാമവികസനത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യരേഖയില്‍നിന്ന് ഉയര്‍ത്തുമെന്നും 4.1 ശതമാനം കാര്‍ഷിക രംഗത്ത് വളര്‍ച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.

ആദായനികുതിയിൽ വൻ ഇളവ്

രണ്ടര ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലുള്ള ആദായനികുതി അഞ്ച് ശതമാനമാക്കി കുറച്ചതായി ധനമന്ത്രി അരുണ്‍ജയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. നേരത്തെ പത്ത് ശതമാനമായിരുന്നു ഇത്. റിബേറ്റ് കൂടി കണക്കാക്കുന്നതോടെ മൂന്നുലക്ഷം രൂപ വരെയുള്ളവര്‍ക്ക് ആദായ നികുതി അടയ്‌ക്കേണ്ടതില്ല.നിലവില്‍ 2.5 മുതല്‍ മൂന്നുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 5,000 രൂപയാണ് നികുതി ബാധ്യത. ഇത് അഞ്ച് ശതമാനമായി കുറച്ചതോടെ 2,500 രൂപയായി കുറഞ്ഞു. ഇതോടൊപ്പം 2,500 രൂപയുടെ റിബേറ്റുകൂടി ചേരുന്നതോടെ ഇത്തരക്കാര്‍ നികുതിയില്‍നിന്ന് പൂര്‍ണമായും മുക്തമാകും.

അഞ്ച് ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ അഞ്ച് ശതമാനം നികുതിയിളവ് ലഭിക്കും. അതിൽ കൂടുതൽ വരുന്ന തുകക്ക് നിലവിലെ സ്ളാബ് പ്രകാരം നികുതി അടക്കണം. അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപവരെ 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി. ഇതനുസരിച്ച്, അഞ്ച് ലക്ഷത്തിന് മുകളിലുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കുന്ന മൊത്തം നികുതിയിളവ് 12,500 രൂപയാണ്. എന്നാല്‍, 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വരുമാനമുള്ളവരില്‍നിന്ന് 10 ശതമാനം സര്‍ചാര്‍ജ് ഈടാക്കും. ഒരു കോടിക്ക് മുകളില്‍ വരുമാനമുള്ളവരില്‍നിന്ന് ഈടാക്കുന്ന സര്‍ചാര്‍ജ് 15 ശതമാനമായി തുടരും. ഇതുവഴി 2,700 കോടിയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നികുതിയിളവ് അനുവദിക്കുന്നതിലൂടെ സര്‍ക്കാറിന് 15,500 കോടിയുടെ ബാധ്യതയാണ് വരുക.

കേരളം നിരാശയിൽ

കേരളത്തിന് ഇത്തവണയും ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് (എയിംസ്) ഇല്ല. ജാർഖണ്ഡിനും ഗുജറാത്തിനും എയിംസ് അനുവദിച്ചെങ്കിലും കേരളത്തിന്റെ കാര്യം ബജറ്റിൽ പരിഗണിച്ചിട്ടില്ല. എയിംസിനായി കോഴിക്കോട് സ്ഥലം കണ്ടെത്തിയെങ്കിലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കാത്തതോടെ സാധ്യതകൾ മങ്ങിയിരിക്കുകയാണ്.

രാഷ്ട്രീയ പാർട്ടികൾക്ക് കടിഞ്ഞാൺ

രാഷ്ട്രീയപാര്‍ട്ടികളുടെ പണപ്പിരിവിന് കടിഞ്ഞാണിടണമെന്നും ധനമന്ത്രി പറഞ്ഞു. ഇനി മുതല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ജനങ്ങളില്‍ നിന്ന് പണമായി പരമാവധി 2000 മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂവെന്ന് ബജറ്റില്‍ ജെയ്റ്റലി പ്രഖ്യാപിച്ചു. രണ്ടായിരത്തില്‍ കൂടുതല്‍ തുക സംഭാവനയായി വാങ്ങണമെങ്കില്‍ അത് ചെക്കോ, ഡിജിറ്റല്‍ ഇടപാടിലൂടേയോ മാത്രമേ നടത്താവൂ എന്നും ജെയ്റ്റലി നിര്‍ദേശിച്ചു.

കറന്‍സി രൂപത്തിലുള്ള ഇടപാടുകൾക്ക്‌ നിയന്ത്രണം

ഡിജിറ്റല്‍ ബാങ്കിംഗ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കറന്‍സി രൂപത്തിലുള്ള പണമിടപാടുകള്‍ക്കും അരുണ്‍ ജെയ്റ്റലി നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്ന് ലക്ഷത്തില്‍ രൂപയില്‍ കൂടുതല്‍ തുക ഇനി കറന്‍സിയായി കൈമാറാതെ ചെക്കായോ ഡിജിറ്റല്‍ രൂപത്തിലോ മാത്രമേ പണമിടപാടുകള്‍ നടത്താവൂ എന്ന നിര്‍ദേശവും ജെയ്റ്റലിയുടെ ബജറ്റിലുണ്ട്.

കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്നു മോദി

കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് സർക്കാർ ബജറ്റിലൂടെ ലക്ഷ്യം വെച്ചതന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫേസ്ബുക്കിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. കർഷകരെയും ഗ്രാമീണരെയും പാവപ്പെട്ടവരേയും ദലിതരേയും ലക്ഷ്യം വെച്ചു കൊണ്ടുള്ള പദ്ധതികൾക്കാണ് ബജറ്റ് ഊന്നൽ നൽകിയത്. ബജറ്റ് ഊന്നൽ നൽകിയത് കാർഷിക-ഗ്രാമീണ മേഖലകൾക്ക്. 10 ലക്ഷം കോടി രൂപയാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി കാർഷിക മേഖലക്ക് ബജറ്റിൽ വകയിരുത്തിയത്. ഗ്രാമീണ മേഖലയിൽ അടിസ്ഥാനസൗകര്യങ്ങൾ ഉയർത്തുന്നതിനും ദാരിദ്ര്യ നിർമാർജനത്തിനുമാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. കൃഷിയിൽ ഈ വർഷം 4.1 ശതമാനത്തിൻെറ വളർച്ച പ്രതീക്ഷിക്കുന്നതായി ജെയ്റ്റ്ലി പറഞ്ഞു. 2017-18 വർഷത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് 48,000 കോടി അനുവദിച്ചു. 2019 ഓടെ ഒരു കോടി വീടുകൾ നിർമിച്ചു നൽകുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. പ്രധാൻമന്ത്രി മുദ്ര യോജനയുടെ വായ്പക്കായി 2.44 ലക്ഷം കോടിയും അനുവദിച്ചിട്ടുണ്ട്. 2018 മെയ് ഒന്നിനകം രാജ്യത്ത് 100% ഗ്രാമീണ വൈദ്യുതീകരണം നടപ്പാക്കും.

 

 

RELATED ARTICLES
- Advertisment -

Most Popular

Recent Comments