Thursday, April 18, 2024
HomeNationalബിജെപിയില്‍ ഭിന്നത; ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനായി നടക്കുന്ന പ്രക്ഷോഭത്തിൽ

ബിജെപിയില്‍ ഭിന്നത; ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനായി നടക്കുന്ന പ്രക്ഷോഭത്തിൽ

ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനായി ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച (ജിജെഎം) നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ സഖ്യകക്ഷിയായ ബിജെപിയില്‍ ഭിന്നത. 2009ലും 2014ലും നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡാര്‍ജലിങില്‍ നിന്നും ജിജെഎം പിന്തുണയോടെയാണ് ബിജെപി വിജയിച്ചത്. രണ്ടു ഘട്ടത്തിലും ഗൂര്‍ഖലാന്‍ഡ് രൂപീകരിക്കുമെന്ന ഉറപ്പ് ബിജെപി നല്‍കിയിരുന്നു.എന്നാല്‍, പ്രക്ഷോഭം തുടങ്ങിയതോടെ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. ജിജെഎമ്മിന്റെ ആവശ്യത്തെ പിന്തുണക്കണമോ അതോ എതിര്‍ക്കണമോ എന്നു ആശയക്കുഴപ്പത്തിലാണ് പാര്‍ട്ടിയെന്ന് ബിജെപി ഡാര്‍ജലിങ് ജില്ലാ അധ്യക്ഷന്‍ ശാന്താകിഷോര്‍ ഗുരൂങ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന നേതാക്കളുടെ നിസ്സംഗതമൂലം ബിജെപിക്ക് ഡാര്‍ജലിങില്‍ ജനപിന്തുണ നഷ്ടപ്പെടുമെന്നും ഗുരൂങ് പറഞ്ഞു. ജിജെഎമ്മിനു പിന്തുണ നല്‍കിക്കൊണ്ട് ഗുരൂങ് തുടക്കത്തില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ജിജെഎമ്മിന്റെ ആവശ്യം പ്രത്യേക വംശത്തിന് സംസ്ഥാനമെന്നതാണ്. അത് അംഗീകരിക്കാനാവില്ലെന്ന നിലാപാടാണ് ബിജെപി കേന്ദ്ര നേതാക്കളുടേത്. ഇക്കാര്യം ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിംഹ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ നിലപാടില്‍ ജില്ലാ അധ്യക്ഷന്‍ ഗുരൂങ് അതൃപ്തനാണ്. ജിജെഎമ്മിന്റെ ആവശ്യത്തെ ബിജെപി സംസ്ഥാന നേതാവ് ദിലീപ് ഘോഷും എതിര്‍ത്തു. പാര്‍ട്ടി സംസ്ഥാന-ദേശീയ നേതാക്കളുടെ എതിര്‍പ്പ് പാര്‍ടി പ്രവര്‍ത്തകരെ നഷ്ടപ്പെടുത്താനേ സഹായിക്കൂവെന്ന നിലപാടാണ് മറ്റു നേതാക്കള്‍ക്കും. സംഘര്‍ഷം തുടരുമ്പോഴും ബിജെപി എംപി എസ് എസ് അലുവാലിയ മണ്ഡലം സന്ദര്‍ശിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്. ഗൂര്‍ഖലാന്‍ഡ് പ്രക്ഷോഭത്തിനു ബിജെപിയുടെ പിന്തുണയില്ലാത്തത് പാര്‍ട്ടിക്കും മുന്നണിക്കും അണികളെ നഷ്ടപ്പെടുത്തുമെന്ന ആശങ്കയുള്ളതായി ജിജെഎം എംഎല്‍എ അമര്‍സിങ് റായി പറഞ്ഞു. ഡാര്‍ജിലിങ് കത്തുമ്പോള്‍ ബിജെപി കേന്ദ്രനേതൃത്വം പുലര്‍ത്തുന്ന നിസ്സംഗത സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ മുതലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വെറുമൊരു സീറ്റില്‍ വിജയിക്കാനായി ബിജെപി വ്യാജ വാഗ്ദാനം നല്‍കിയതാണെന്ന് സിപിഎം നേതാവ് അശോക് ഭട്ടാചാര്യയും വിമര്‍ശിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments