ഫിഫ അണ്ടര്‍ 17 ലോകക്കപ്പ് ഫുട്ബോള്‍ മത്സരത്തിന് കൊച്ചി വേദിയാകുന്നു

kochi fifa under 17

ഫിഫ അണ്ടര്‍ 17 ലോകക്കപ്പ് ഫുട്ബോള്‍ മത്സരത്തിന് കൊച്ചി വേദിയാകുന്നു. ലോകകപ്പിനു വേദിയാകുന്ന കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെയും നാല് പരിശീലന മൈതാനങ്ങളുടെയും ഒരുക്കങ്ങളില്‍ ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പൂര്‍ണ തൃപ്തി അറിയിച്ചു. കൊച്ചി ലോകകപ്പിനു വേദിയാകുമെന്ന പ്രഖ്യാപനം ഔദ്യോഗികമായി നടത്താന്‍ സന്തോഷമുണ്ടെന്ന് ഹാവിയര്‍ സെപ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ നിമിഷം കൊച്ചിയെ ലോകകപ്പ് വേദികളില്‍നിന്നു മാറ്റിനിര്‍ത്താന്‍ കാരണങ്ങളില്ല. കൊച്ചിയിലെ ജോലികളിലെ ഗതിവേഗം തന്നെ വിസ്മയിപ്പിച്ചു. മാര്‍ച്ച് 24 നടത്തിയ അവസാന സന്ദര്‍ശനത്തില്‍കണ്ട സ്റ്റേഡിയത്തിന്റെ അവസ്ഥയുമായി തട്ടിച്ചുനോക്കുമ്പോള്‍ കൊച്ചിയില്‍ കുറഞ്ഞസമയംകൊണ്ടു വലിയ ജോലി പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ മത്സരങ്ങള്‍ കൊച്ചിക്ക് അനുവദിക്കുമോ എന്ന ചോദ്യത്തിന് ആകെ മത്സരത്തിന്റെ 15 ശതമാനം ഇവിടെ നടക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ക്വാര്‍ട്ടര്‍ ഉള്‍പ്പടെ എട്ടു മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുക. നല്‍കേണ്ട അത്ര മത്സരങ്ങള്‍ കൊച്ചിക്ക് നല്‍കിയിട്ടുണ്ട്. സെമിയും ഫൈനലും കൊച്ചിക്കു ലഭിച്ചേക്കുമെന്ന രീതിയില്‍ ആരാണ് അഭ്യൂഹം പരത്തിയതെന്ന് അറിയില്ല. വിമാനസൌകര്യമില്ലെന്ന കാരണത്താലാണ് കൊച്ചിയെ ഒഴിവാക്കിയത്. മത്സരക്രമം നേരത്തെ നിശ്ചയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുറഞ്ഞ കാലയളവില്‍ വലിയ ജോലി ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ കൊച്ചിക്കു സാധിച്ചു എന്നതാണ് ഇവിടെ പ്രധാനം. പരിശീലന മൈതാനങ്ങളിലും വലിയ പുരോഗതിയുണ്ട്. 45 ദിവസം കൊണ്ടാണ് മൈതാനങ്ങള്‍ ആകെ മാറിയത്. ജൂലൈ ഒന്നിന് ഫിഫസംഘവും 8,9,10 തീയതികളില്‍ ടീമുകളുടെ പ്രതിനിധികളും കൊച്ചി സന്ദര്‍ശിക്കും. ഈ അവസ്ഥയില്‍ പണി പുരോഗമിക്കുകയാണെങ്കില്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ കേരളത്തിന് അഭിമാനിക്കാനുള്ള വകയായി കലൂര്‍ സ്റ്റേഡിയം മാറും.
സംസ്ഥാന സര്‍ക്കാര്‍, കേരള ഫുട്ബോള്‍ അസോസിയേഷന്‍, ജിസിഡിഎ എന്നിവര്‍ ഫിഫക്കു നല്‍കിയ സഹകരണം എടുത്തു പറയേണ്ടതാണ്. 41748 പേര്‍ക്കാണ് ഇപ്പോള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ ഇരിപ്പിട സൌകര്യമുള്ളത്. അപകടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായാല്‍ എട്ടു മിനിട്ടിനുള്ളില്‍ കാണികളെ ഒഴിപ്പിക്കണമെന്നാണ് അന്താരാഷ്ട്ര മാനദണ്ഡം. എന്നാല്‍, സ്റ്റേഡിയത്തില്‍ നടത്തിയ പരിശോധനയില്‍ നിലവിലുള്ള വാതിലുകളും ഗോവണികളും കൊണ്ട് മുമ്പുണ്ടായിരുന്നത്ര ആളുകളെ എട്ടു മിനിട്ടില്‍ പുറത്തിറക്കാന്‍ പര്യാപ്തമല്ല എന്നു മനസിലാക്കി. ഇതു മൂലമാണ് സീറ്റുകളുടെ എണ്ണം കുറച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്എലിനു കൊച്ചിയിലുണ്ടായ ആരാധക ബാഹുല്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ലോകകപ്പ് ടിക്കറ്റ് വില്‍പ്പന കൊച്ചിയില്‍ 1000ല്‍ താഴെ മാത്രമാണെന്നായിരുന്നു സെപ്പിയുടെ മറുപടി. മറ്റു പല വേദികളിലും ലോകകപ്പ് ടിക്കറ്റ് വലിയൊരളവു വിറ്റു കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൌമാര താരങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. എന്നാല്‍, ഭാവി താരങ്ങളാണിവരെന്നും സെപ്പി പറഞ്ഞു. 209 രാജ്യങ്ങള്‍ പങ്കെടുക്കാന്‍ ശ്രമിക്കുന്ന ടൂര്‍ണമെന്റാണ് ലോകകപ്പ്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റ് വിജയകരമായി സംഘടിപ്പിക്കുക എന്നത് ഇന്ത്യയുടെ അഭിമാന പ്രശ്നമാണെന്നും സെപ്പി വ്യക്തമാക്കി.

ഹാവിയര്‍ സെപ്പി, ഹെഡ് ഓഫ് വെന്യൂ ഓപ്പറേഷന്‍ റോമ ഖന്ന, പ്രൊജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ എന്നിവരുടെ സംഘമാണ് വ്യാഴാഴ്ച മൈതാനങ്ങള്‍ വിലയിരുത്താനെത്തിയത്. കലൂര്‍ സ്റ്റേഡിയം, പരിശീന മൈതാനങ്ങളായ പനമ്പള്ളി സ്പോര്‍ട്സ് കൌണ്‍സില്‍ മൈതാനം, മഹാരാജാസ് കോളജ് ഗ്രൌണ്ട്, ഫോര്‍ട്ട്കൊച്ചി വെളി, പരേഡ് ഗ്രൌണ്ടുകളും സന്ദര്‍ശിച്ച സംഘം ഒരുക്കങ്ങള്‍ വിലയിരുത്തി. ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍, നോഡല്‍ ഓഫീസര്‍ എ പി എം മുഹമ്മദ് ഹനീഷ്, കെഎഫ്എ പ്രിസിഡന്റ് കെഎംഐ മേത്തര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.