Friday, March 29, 2024
HomeCrimeഗംഗേശാനന്ദ കേസിൽ വീണ്ടും വഴിത്തിരിവ്‌; കാമുകൻ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ

ഗംഗേശാനന്ദ കേസിൽ വീണ്ടും വഴിത്തിരിവ്‌; കാമുകൻ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ

ഗംഗേശാനന്ദ കേസിൽ വീണ്ടും വഴിത്തിരിവ്‌. കാമുകനായ അയ്യപ്പദാസ്‌ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിയുമായി വീണ്ടും പെൺകുട്ടി രംഗത്ത്‌. തന്റെയും ഗംഗേശാനന്ദയുടെയും പക്കൽ നിന്നും അയ്യപ്പദാസ്‌ പണം തട്ടിയെടുത്തതായും അയാൾ വ്യാജപ്രചരണം നടത്തുന്നതായും യുവതി പേട്ട പോലീസ്‌ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. താൻ ആരുടെയും നിയന്ത്രണത്തിൽ അല്ലെന്നു പറഞ്ഞ യുവതി ആശുപത്രിയിൽ ഗംഗേശാനന്ദയെ സന്ദർശിക്കുകയും ചെയ്തു.

ഗംഗേശാനന്ദ കേസ്‌: പെൺകുട്ടിക്ക്‌ നുണ പരിശോധന നടത്താൻ കോടതി ഉത്തരവ്‌
തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിയപ്പെട്ട സംഭവത്തിൽ നിരന്തരം മൊഴിമാറ്റുന്ന പെൺകുട്ടിയെ നുണ പരിശോധനയ്ക്കും ബ്രെയിൻ മാപ്പിങ്ങിനും വിധേയയാക്കാൻ തിരുവനന്തപുരം പോക്സോ കോടതി ഉത്തരവിട്ടു. നുണപരിശോധന നടത്തുന്നതിനോടുള്ള പെൺകുട്ടിയുടെ നിലപാട്‌ നാളെ കോടതിയിൽ നേരിട്ട്‌ ഹാജരായോ അല്ലെങ്കിൽ അഭിഭാഷകൻ മുഖേനയോ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരോട്‌ പെൺകുട്ടി നിരന്തരം മൊഴി മാറ്റുന്നതിനാൽ നുണപരിശോധന നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ പൊലീസ്‌ നൽകിയ അപേക്ഷ കോടതി അംഗീകരിച്ചാണ്‌ ഉത്തരവ്‌.
ഇതിനിടെ പുതിയ ആരോപണം ഉന്നയിച്ച്‌ പരാതിയുമായി പെൺകുട്ടി അഭിഭാഷകൻ മുഖേന പേട്ട പൊലീസിനെ സമീപിച്ചു. ഗംഗേശാനന്ദയുടെ അടുത്ത സുഹൃത്തും തന്റെ കാമുകനുമായ അയ്യപ്പദാസ്‌ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായും 13 ലക്ഷത്തോളം രൂപ അയാൾ തട്ടിയെടുത്തതായും ജീവന്‌ ഭീഷണിയുണ്ടെന്നുമാണ്‌ പരാതിയുടെ ഉള്ളടക്കം. എന്നാൽ, പൊലീസ്‌ സ്റ്റേഷനിൽ റൈറ്ററുടെ കൈവശം നൽകിയ പരാതിയുടെ കൈപ്പറ്റ്‌ രസീത്‌ ഇവർ വാങ്ങാതെയാണ്‌ മടങ്ങിയത്‌.
സ്വാമി ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ച പോക്സോ കോടതി ജാമ്യം നിഷേധിച്ചു. പെൺകുട്ടിതന്നെ വ്യത്യസ്ത മൊഴികൾ പറയുന്നതിനാലും ശരിയായ അന്വേഷണം നടത്തിയിട്ടില്ല എന്ന കാരണത്താലും കഴിഞ്ഞ 28 ദിവസമായി റിമാൻഡിൽ കഴിയുന്ന ഗംഗേശാനന്ദയ്ക്ക്‌ ജാമ്യം അനുവദിക്കണമെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, അന്വേഷണം ശരിയായ ദിശയിലാണ്‌ നടക്കുന്നതെന്ന്‌ ജാമ്യാപേക്ഷയെ എതിർത്ത്‌ പ്രോസിക്യൂഷൻ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുമ്പോൾ സ്വാമിക്ക്‌ ജാമ്യം നൽകിയാൽ കേസിനെ ബാധിക്കുമെന്നും അഭിഭാഷകന്‌ അയച്ച കത്തിന്റെ സത്യാവസ്ഥയെക്കുറിച്ച്‌ അന്വേഷിക്കേണ്ടതിനാൽ ജാമ്യം അനുവദിക്കരുതെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ കോവളം സുരേഷ്‌ ചന്ദ്രകുമാർ കോടതിയെ ബോധ്യപ്പെടുത്തി.
പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം താൻ മുറിക്കുകയായിരുന്നുവെന്നാണ്‌ കേസിൽ ആദ്യം പെൺകുട്ടി പൊലീസിനും മജിസ്ട്രേറ്റിനു മുന്നിലും മൊഴി നൽകിയത്‌. എന്നാൽ പിന്നീട്‌ പെൺകുട്ടി മൊഴി മാറ്റി. തന്റെ കാമുകന്റെ നിർദ്ദേശപ്രകാരമാണ്‌ താൻ ഇത്‌ ചെയ്തതെന്നും സ്വാമി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പെൺകുട്ടി പറഞ്ഞു. പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും മറ്റും കാണിച്ച്‌ പ്രതിഭാഗം അഭിഭാഷകന്‌ പെൺകുട്ടി കത്തും അയച്ചു. കൂടാതെ വൈദ്യപരിശോധനയ്ക്ക്‌ വിധേയയാകാൻ വിസമ്മതിക്കുകയും ചെയ്തു. ഇതേ തുടർന്ന്‌ പെൺകുട്ടിയെ നുണപരിശോധനയ്ക്കും ബ്രെയിൻ മാപ്പിങ്ങിനും വിധേയയാക്കിയാൽ മാത്രമേ സത്യാവസ്ഥ അറിയാൻ സാധിക്കൂവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകിയത്‌.

RELATED ARTICLES
- Advertisment -

Most Popular

Recent Comments