Friday, March 29, 2024
HomeNationalപാചകവാതക വിലയിൽ ക്രമാതീത വര്‍ധന

പാചകവാതക വിലയിൽ ക്രമാതീത വര്‍ധന

അസംസ്കൃത എണ്ണവില അന്താരാഷ്ട്രവിപണിയിൽ കുറയുമ്പോള്‍ രാജ്യത്ത് പാചകവാതകവിലയിൽ വീണ്ടും വർദ്ധനവ്. 14.2 കിലോഗ്രാം ഭാരമുള്ള സബ്സിഡിയിതര എല്‍പിജി സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 86 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോ സിലിണ്ടറിന്റെ വില 149.50 രൂപ കൂട്ടി. അഞ്ചുകിലോ സിലിണ്ടറിന്റെ വിലയില്‍ 30.50 രൂപയുടെ വര്‍ധനയുണ്ടാകും. പുതിയ നിരക്ക് ബുധനാഴ്ച പ്രാബല്യത്തില്‍വന്നു. രണ്ടുമാസംമുമ്പും എല്‍പിജി വില വര്‍ധിപ്പിച്ചിരുന്നു. സബ്സിഡി സിലിണ്ടര്‍ നേരത്തേതന്നെ വര്‍ഷം 12 എണ്ണമായി നിജപ്പെടുത്തിയിരുന്നു. ഇതില്‍ കൂടുതല്‍ വാങ്ങേണ്ടിവരുന്ന കുടുംബങ്ങളെല്ലാം ഇനി സിലിണ്ടറിന് 737.50 (ഡല്‍ഹി വില) രൂപ നല്‍കേണ്ടിവരും. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം പത്തായി ചുരുക്കാന്‍ കേന്ദ്രം ആലോചിക്കുന്നുമുണ്ട്.

ഇതിനൊപ്പമാണ് സബ്സിഡിയിതര സിലിണ്ടര്‍ വിലയില്‍ ക്രമാതീതവര്‍ധന വരുത്തുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഒരുകോടിയിലേറെ പേര്‍ ഇതിനോടകം സബ്സിഡി ഉപേക്ഷിച്ചതായാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

സബ്സിഡി ഉപേക്ഷിച്ചവര്‍ക്ക് തുടര്‍ച്ചയായ വിലവര്‍ധന ഇരുട്ടടിയായി. വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോ സിലിണ്ടറിന്റെ വില 150 രൂപയ്ക്കടുത്ത് വര്‍ധിപ്പിച്ചത് ഹോട്ടല്‍ഭക്ഷണത്തിനും മറ്റും വിലകൂടാന്‍ ഇടയാക്കും. 1479.50 രൂപയാണ് 19 കിലോ സിലിണ്ടറിന്റെ ഡല്‍ഹിവില. അഞ്ചുകിലോ സിലിണ്ടറിന്റെ വില 282 രൂപയിലെത്തി.

അന്താരാഷ്ട്രവിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് അനുസൃതമായാണ് വിലവര്‍ധനയെന്ന് എണ്ണകമ്പനികള്‍ അവകാശപ്പെടുന്നു. എന്നാല്‍, ഫെബ്രുവരിയില്‍ അന്താരാഷ്ട്രവിപണിയിലെ ക്രൂഡോയില്‍ വിലയില്‍ നേരിയ കുറവാണ് ഉണ്ടായത്.

ഇന്ത്യ ഇറക്കുമതിചെയ്യുന്ന ക്രൂഡോയില്‍വില ജനുവരി 28മുതല്‍ ഫെബ്രുവരി 13വരെയുള്ള കാലയളവില്‍ ബാരലിന് 3693 രൂപയായിരുന്നു. ഫെബ്രുവരി 14മുതല്‍ ഫെബ്രുവരി 24വരെ വില ബാരലിന് 3677 രൂപയിലേക്ക് താണു. ഫെബ്രുവരി 28ന് രേഖപ്പെടുത്തിയ വിലയാകട്ടെ ബാരലിന് 3660.78 രൂപയാണ്.

ക്രൂഡോയില്‍വില കൂടാത്ത സാഹചര്യത്തിലും എണ്ണകമ്പനികള്‍ പാചകവാതകത്തിന്റെ ആഭ്യന്തരവില വര്‍ധിപ്പിച്ചത് ദുരൂഹമാണ്. സബ്സിഡി ചെലവ് പരമാവധി കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. സബ്സിഡി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നുമില്ലെന്ന ന്യായം സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

എന്നാല്‍, സബ്സിഡി സിലിണ്ടര്‍ കിട്ടുന്നതിന് ഉപയോക്താവ് മുന്‍കൂറായി ഇപ്പോഴത്തെ വര്‍ധിപ്പിച്ച വില നല്‍കേണ്ടിവരും. സര്‍ക്കാര്‍ സബ്സിഡിയായി നല്‍കുന്ന തുക പിന്നീട് അക്കൌണ്ടിലേക്ക് വരികയാണ് ചെയ്യുക. ഉയര്‍ന്ന തുക പെട്ടെന്ന് കണ്ടെത്താനാകാത്ത കുടുംബങ്ങള്‍ക്ക് വിലവര്‍ധന വലിയ ആഘാതമാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments