Tuesday, March 19, 2024
HomeSportsവനിതാ ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ

വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയുടെ പുരുഷ ടീം പാക്കിസ്ഥാനോട് ദയനീയ തോല്‍വി ഏറ്റു വാങ്ങിയതിന്റെ കണക്ക് വനിതകള്‍ തീര്‍ത്തു. വനിതാ ലോകകപ്പില്‍ പാക്കിസ്ഥാനെ 95 റണ്‍സിന് തകര്‍ത്തെറിഞ്ഞ് ഇന്ത്യയുടെ പെണ്‍പുലികള്‍ തുടര്‍ച്ചയായ മൂന്നാം ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂവെങ്കിലും ബൗളര്‍മാര്‍ പാക്കിസ്ഥാനെ 74 റണ്‍സിന് എറിഞ്ഞിട്ടു. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 169/9, പാക്കിസ്ഥാന്‍ 38.1 ഓവറില്‍ 74.
ഇന്ത്യന്‍ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാക്കിസ്ഥാന്‍ ഒരുഘട്ടത്തിലും വിജയപ്രതീക്ഷ ഉയര്‍ത്തിയല്ല. 26/6ലേക്ക് തകര്‍ന്നടിഞ്ഞ പാക്കിസ്ഥാനെ 23 റണ്‍സെടുത്ത നാഹിദ ഖാനും 29റണ്‍സെടുത്ത സനാ മിറും ചേര്‍ന്നാണ് 50 കടത്തിയത്. ഇവര്‍ രണ്ടുപേര്‍ മാത്രമെ പാക് നിരയില്‍ രണ്ടക്കം കടന്നുള്ളൂ. ഒരുഘട്ടത്തില്‍ 51/9 ലേക്ക് കൂപ്പുകുത്തിയെങ്കിലും അവസാന വിക്കറ്റില്‍ സന മിര്‍-സാദിയ യൂസഫ് സഖ്യം നേടിയ 23 റണ്‍സാണ് പാക്കിസ്ഥാന്റെ തോല്‍വിഭാരം കുറച്ചത്. 14 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ എക്താ ബിഷ്തുാണ് പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. മന്‍സി ജോഷി രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ തകര്‍ച്ച നേരിട്ടു. ആദ്യ രണ്ട് മത്സരങ്ങളിലും ഉജ്വലമായി തിളങ്ങിയ സ്മൃതി മന്ദന അടക്കമുള്ളവര്‍ ബാറ്റിങ്ങില്‍ ദയനീമായി തകര്‍ന്നതോടെ ഇന്ത്യ പതറി. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ തൊണ്ണൂറും വിന്‍ഡീസിനെതിരെ സെഞ്ചുറിയും നേടിയ മന്ദനയ്ക്ക് പാകിസ്താനതിരെ രണ്ട് റണ്‍ മാത്രമാണ് നേടാനായത്. ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും അര്‍ധസെഞ്ചുറി നേടാനായില്ല.

47 റണ്‍സെടുത്ത ഓപ്പണര്‍ പൂനം റാവത്താണ് ടോപ് സ്‌കോറര്‍. ദീപ്തി ശര്‍മ 28 ഉം സുഷമ വര്‍മ 33 ഉം റണ്‍സെടുത്തു. ക്യാപ്റ്റന്‍ മിഥാരി രാജിന് എട്ട് റണ്‍സ് മാത്രമാണ് നേടാനായത്.പത്തോവറില്‍ 26 റണ്‍സിന് നാല് വിക്കറ്റുകള്‍ പിഴുത നഷാര സന്ധുവാണ് ഇന്ത്യയുടെ നടുവൊടിച്ചത്. സന്ധുവിന്റെ ഇരകളില്‍ മിഥാലി രാജും റാവത്തും ശര്‍മയും ഉള്‍പ്പെടും.സാദിയ യൂസുഫ് രണ്ടും അസ്മാവിയ ഇഖ്ബാലും ഡയാന ബെയ്ഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments