Friday, March 29, 2024
HomeNational'അടിച്ചതു' ഗവർണർക്കാണെങ്കിലും ; 'കൊണ്ടതു' ബിജെപിക്ക് തന്നെ

‘അടിച്ചതു’ ഗവർണർക്കാണെങ്കിലും ; ‘കൊണ്ടതു’ ബിജെപിക്ക് തന്നെ

ഗവർണർ പി സദാശിവത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ കേന്ദ്രനേതൃത്വം തള്ളിപ്പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളോട് എല്ലാവർക്കും ബഹുമാനം വേണമെന്നും ഗവർണറുടെ നടപടി ഭരണഘടന അനുസരിച്ചാണെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
പയ്യന്നൂരിലെ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്ന് ഗവർണർക്കെതിരെ വിമർശനമുന്നയിച്ച നേതാക്കൾക്കെതിരെയാണ് ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ജസ്റ്റിസ് പി.സദാശിവത്തെ മാറ്റി പകരം ബിജെപി-ആർഎസ്എസ് അനുഭാവമുള്ള, ബിജെപി നയങ്ങൾ‍ അതേപടി നടപ്പിലാക്കാൻ തയാറാകുന്ന ഒരാളെ കേരളത്തിൽ ഗവർണറാക്കാനായിരുന്നു ബിജെപി ലക്ഷ്യമിട്ടത്. ഈ ലക്ഷ്യത്തിലേക്കു നിശബ്ദമായി പാർട്ടി അടുക്കുമ്പോഴാണു ബിജെപി നേതാക്കളുടെ പരസ്യപ്രസ്താവന പു‌റത്തുവരുന്നതും പാർട്ടി പ്രതിരോധത്തിലാകുന്നതും.

ബിജെപി നേതാക്കളുടെ പരാതി മുഖ്യമന്ത്രിക്ക് കൈമാറിയത് ചട്ടമനുസരിച്ചുള്ള നടപടിയാണെന്നും ഇത് അംഗീകരിക്കണമെന്നുംകേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ആവശ്യപ്പെട്ടു. ഗവർണർ ഉചിതമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയെനെ പേടിയാണെങ്കിൽ ഗവർണർ സ്ഥാനമൊഴിയണമെന്ന് ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് പ്രസ്താവന തള്ളിക്കളഞ്ഞ് കേന്ദ്രനേതൃത്വം രംഗത്ത് വന്നത്. എംടി രമേശും ഗവർണർക്കെതിരെ പ്രസ്താവന നടത്തിയിരുന്നു.

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഡൽഹിയിൽ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഗവർണർക്കെതിരെ ശോഭാസുരേന്ദ്രൻ രംഗത്ത് വന്നത്. കണ്ണൂരിൽ ക്രമസമാധാന നില തകർന്നുവെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണറെ കണ്ടിരുന്നു. പരാതി മുഖ്യമന്ത്രിക്ക് കൈമാറുിയ നടപടിയെ വിമർശിച്ചാണ് ശോഭാസുരേന്ദ്രൻ വിവാദമായ പ്രസ്താവന നടത്തിയത്.

2014 ഏപ്രിലിൽ ചീഫ് ജസ്റ്റിസായി വിരമിച്ച, ഈറോഡ് സ്വദേശിയായ സദാശിവത്തെ എഐഎഡിഎംകെയാണ് ഗവർണർ സ്ഥാനത്തേക്കു നിർദേശിച്ചത്. ബിജെപി നേതൃത്വവുമായുള്ള അടുപ്പവും നിയമനം ലഭിക്കുന്നതിനു കാരണമായി. ബിജെപി അനുഭാവിയായ ഒരാൾ ഗവർണറായി എത്തുന്നതോടെ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാന നേതൃത്വം. എന്നാൽ, ഗവർണർ രാഷ്ട്രീയ ചായ്‌വില്ലാതെ പ്രവർത്തിക്കുകയും ജനകീയനാകുകയും ചെയ്തതോടെ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം ഗവർണർക്കെതിരെ തിരിഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയം അതിനു ചൂട് പകരുകയും ചെയ്തു. പരസ്യ വിമർശനവുമായി ശോഭാ സുരേന്ദ്രനും എം.ടി. രമേശുമെത്തിയത് പാർട്ടിക്കു ദോഷകരമായെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. അതേസമയം ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം ഇപ്രകാരമാണ് . ‘ഗവർണർക്കെതിരെ പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു’. എന്ത് തന്നെയായാലും ഒരു കാര്യം ഉറപ്പായി ‘അടിച്ചതു’ ഗവർണർക്കാണെങ്കിലും ; ‘കൊണ്ടതു’ ബിജെപിക്ക് തന്നെ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments