Thursday, March 28, 2024
HomeKeralaകേരളത്തിന്റെ വികസനാനുഭവം പ്രശംസാര്‍ഹം: ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്

കേരളത്തിന്റെ വികസനാനുഭവം പ്രശംസാര്‍ഹം: ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്

പങ്കാളിത്ത ജനാധിപത്യത്തിന്റെ വിശകലനം-അന്താരാഷ്ട്ര ശില്പശാല ധനമന്ത്രി ഉദ്ഘാടനം ചെയ്തു കേരളത്തിന്റെ വികസനാനുഭവം പ്രശംസാര്‍ഹമാണെന്നും വളരെ സമ്പന്നമായ സംസ്ഥാനമല്ലെങ്കിലും സാധാരണക്കാര്‍ക്ക് മികച്ച ജീവിതം പ്രദാനം ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരം ഐഎംജിയില്‍ പങ്കാളിത്ത ജനാധിപത്യത്തിന്റെ വിശകലനം- പ്രവൃത്തിയില്‍ നിന്ന് സിദ്ധാന്തത്തിലേക്കും സിദ്ധാന്തത്തില്‍ നിന്ന് പ്രവൃത്തിയിലേക്കും എന്ന വിഷയത്തില്‍ നടന്ന അന്താരാഷ്ട്ര ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകനിലവാരത്തിലുള്ള ജീവിതമാണ് കേരളീയരുടേത്. മികച്ച വിദ്യാഭ്യാസം, ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ സൗകര്യങ്ങള്‍ ഭൂരിപക്ഷം പേര്‍ക്കും ലഭ്യമാക്കാന്‍ നമുക്കു സാധിക്കുന്നു. ഇവിടെ സുശക്തമായ സാമൂഹിക മുന്നേറ്റം സാധ്യമായതുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് അവരുടെ യോഗ്യതയ്ക്കും കഴിവിനുമിണങ്ങുന്ന മികച്ച തൊഴിലവസരങ്ങള്‍ നല്‍കുക എന്നതാണ് കേരളം ഇന്നു നേരിടുന്ന കനത്ത വെല്ലുവിളി. ആദിവാസികള്‍, സ്ത്രീകള്‍ തുടങ്ങി സമൂഹത്തിലെ പ്രാന്തവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളുക എന്നതും വെല്ലുവിളിയായി കാണേണ്ടതുണ്ട്. സമഗ്ര സാമൂഹിക സുരക്ഷാ പദ്ധതി പ്രയോഗത്തിലെത്തിക്കേണ്ടതിന് കൂടുതല്‍ ഊന്നല്‍ നല്‍കുവാനാണ് കേരളം ചിന്തിക്കുന്നത്. ഒന്നാമത്തെ സര്‍ക്കാരിന്റെ കാലം മുതല്‍ക്കേ അധികാര വികേന്ദ്രീകരണം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ജനകീയാസൂത്രണ പദ്ധതി കേരളത്തിന്റെ മുഖച്ഛായ മാറ്റിയ സംവിധാനമാണ്. ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ യജ്ഞം തുടങ്ങിയ നാലു മിഷനുകളിലൂടെ കേരളീയരുടെ ജീവിതാവസ്ഥ കൂടുതല്‍ പ്രകാശമാനമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനം. ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന രണ്ടാം ജനകീയാസൂത്രണത്തിലൂടെ അധികാരവികേന്ദ്രീകരണത്തിന്റെ ഗുണഘടകങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തദ്ദേശ സര്‍ക്കാരുകള്‍ക്ക് പുതിയ പരീക്ഷണങ്ങള്‍ നടത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു. സുതാര്യവും പങ്കാളിത്തപരവുമായ ഒരു ഭരണസംവിധാനമുള്ളിടത്തേ മികച്ച രീതിയില്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ സാധ്യമാവൂ എന്നും പങ്കാളിത്ത ജനാധിപത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആതിഥ്യം വഹിക്കാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാനഡ മക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സ്റ്റഡി ഓഫ് ഇന്റര്‍ നാഷണല്‍ ഡവലപ്‌മെന്റ്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സ്റ്റഡീസ്, ഐഎംജി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാറിന്റെ ഉദ്ഘാടന ചടങ്ങില്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, ഐഎംജി ഡയറക്ടര്‍ ജനറല്‍ സത്യജീത്ത് രാജന്‍, ഐഎസ്‌ഐഡി ഡയറക്ടര്‍ സോണിയ ലസ്ലോ, രാജസ്ഥാനിലെ മുന്‍ സര്‍പഞ്ചും സ്‌കൂള്‍ ഫോര്‍ ഡെമോക്രസിയുടെ വൈസ് പ്രസിഡന്റുമായ നോട്രി ദേവി, എന്നിവര്‍ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments