കൊടനാട് എസ്റ്റേറ്റ് കേസ്:പ്രതിയുടെ ഭാര്യയും മകളും മരിച്ചതിന്റെ പിന്നിലെ സത്യമെന്താണ് ?

kodanatt estate

കാർ അപകടത്തിൽ കൊടനാട് എസ്റ്റേറ്റ് കവർച്ച, കൊലപാതക കേസിലെ  പ്രതിയുടെ  ഭാര്യയും മകളും മരിച്ചതിന്റെ പിന്നിലെ സത്യമെന്താണ് ?

കൊടനാട് എസ്റ്റേറ്റ് കവർച്ച, കൊലപാതകക്കേസിലെ രണ്ടാംപ്രതി ഓടിച്ചിരുന്ന കാർ കണ്ണാടി കാഴ്ചപ്പറമ്പിൽ വച്ച് ലോറിക്കു പിന്നിലേക്ക് ഇടിച്ചുകയറി ഭാര്യ വിനുപ്രിയ (28), മകൾ നീതു (അഞ്ച്) എന്നിവർ മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. രണ്ടാംപ്രതി കെ.വി. സയൻ കേസിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഭാര്യയെയും മകളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള യാത്രയ്ക്കിടെ ഉറങ്ങിപ്പോയതാണ് അപകടകാരണം. പാലക്കാട് സൗത്ത് പൊലീസാണു കോയമ്പത്തൂരിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ മൊഴിയെടുത്തത്.

പഴനി വഴി കേരളത്തിലേക്കു വാഹനത്തിന്റെ നമ്പർ മാറ്റി വന്നത്‌ രക്ഷപ്പെടാൻ വേണ്ടിയാണുന്നും ഉറക്കത്തിലാണ് അപകടം ഉണ്ടായതെന്നും സയൻ പറഞ്ഞതിൽ ദുരൂഹതയില്ലെന്നാണു കേരള പൊലീസിന്റെ നിഗമനം.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രതിയെ കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റിയിരിക്കയാണ്. തമിഴ്നാട് പൊലീസ് ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുമെന്നാണ് അവസാനമായി കിട്ടിയ റിപ്പോർട്ട്. സയന്റെ മലയാളികളായ സുഹൃത്തുക്കൾ, അണ്ണാ ഡിഎംകെ നേതാക്കൾ ഉൾപ്പടെ 30 പേർക്കു കേസുമായി ബന്ധപെട്ട്‌ നീലഗിരി പൊലീസ് സമൻസ് അയച്ചു. അവരെ ചോദ്യം ചെയ്യുവാനുള്ള ക്രമീകരണങ്ങൾ നീലഗിരി പോലീസ് ചെയ്തിട്ടുണ്ട്.

അതേസമയം, കൊടനാട് കേസിലെ മുഖ്യപ്രതി കൊല്ലപ്പെട്ട കനകരാജ് തന്റെ ഡ്രൈവറായിരുന്നുവെന്നും മറ്റു ബന്ധങ്ങളൊന്നും തമ്മിലില്ലെന്നുമുള്ള വിശദീകരണവുമായി അണ്ണാ ഡിഎംകെ (പുരട്ചിതലൈവി അമ്മ) യിലെ ആരുക്കുട്ടി എംഎൽഎ രംഗത്തെത്തി. എംഎൽഎയും സഹായിയും മുന്നൂറിലേറെ തവണ കനകരാജിനെ ഫോൺ ചെയ്തതിന്റെ രേഖകൾ കണ്ടെത്തിയതിനെ തുടർന്നു പൊലീസ് ചോദ്യം ചെയ്തിരുന്നു. സേലം ജില്ലയിലെ കാവുണ്ടംപാളയം മണ്ഡലത്തിൽ നിന്നുള്ള ആരുക്കുട്ടി നിലവിൽ ഒ.പനീർസെൽവം വിഭാഗത്തിനൊപ്പമാണ്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സാമിയും കനകരാജിന്റെ സഹോദരൻ ധനപാലും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ ധനപാലിനു സീറ്റ് നൽകിയശേഷം പിൻവലിച്ചതാണു കാരണമെന്നും ആരുക്കുട്ടി പറയുന്നു.