Tuesday, March 19, 2024
HomeKeralaബിജെപി നേതൃയോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പൊട്ടിക്കരഞ്ഞു

ബിജെപി നേതൃയോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പൊട്ടിക്കരഞ്ഞു

മെഡിക്കല്‍ കോളേജ് കോഴ ആരോപണത്തിനിടെ തലസ്ഥാനത്ത് ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പൊട്ടിക്കരഞ്ഞു. ഒപ്പമുള്ളവര്‍തന്നെ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ താന്‍ ഇനി പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എംടി രമേശിനെതിരെ ചിലര്‍ വ്യാജരേഖ ചമച്ചെന്ന് നേതൃയോഗത്തില്‍ ആരോപണം ഉയര്‍ന്നു. സംസ്ഥാന വക്താവ് വികെ സജീവനാണ് ആരോപണം ഉന്നയിച്ചത്. പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജ് കോഴ ഇടപാടില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. വിഷയം കേന്ദ്ര നേതൃത്വം പ്രത്യേകം ചര്‍ച്ചചെയ്യും. സ്വാശ്രയ മെഡിക്കല്‍ കോളേജിന് കേന്ദ്ര അനുമതി ലഭിക്കാന്‍ കോഴ വാങ്ങിയെന്ന ബി.ജെ.പി അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് സംസ്ഥാനത്തെ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിനെതിരെയും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. നേരത്തെ നടന്ന കോര്‍ കമ്മറ്റി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മറ്റ് നേതാക്കളെ അറിയിക്കാതെ കോഴ ആരോപണം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച നടപടിയാണ് കുമ്മനത്തിനെതിരായ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. യോഗത്തില്‍ കോഴയേക്കാള്‍ റിപ്പോര്‍ട്ട് ചോര്‍ച്ചയാണ് ചര്‍ച്ചയായത്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പിഎസ് ശ്രീധരന്‍ പിള്ളയാണ് വിമര്‍ശനം ഉയര്‍ത്തിയത്. നേതൃത്വത്തെ അറിയിക്കാതെ കോഴ ആരോപണം അന്വേഷിക്കാന്‍ തീരുമാനിച്ചത് ശരിയായില്ലെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെന്നും അന്വേഷണക്കമ്മീഷനെ നിയോഗിച്ചത് അഴിമതി നടന്നുവെന്ന് സ്ഥിരീകരിച്ചത് പോലെ ആയെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് ചോര്‍ന്നത് കുമ്മനം രാജശേഖരന്റെ ഓഫീസില്‍ നിന്നാണെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ ആരോപിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ചിലര്‍ ചോര്‍ത്തിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. കമ്മീഷന്‍ അംഗത്തില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയത് തിരുവനന്തപുരത്തെ സംസ്ഥാന സെക്രട്ടറിയാണ്. ഈ സെക്രട്ടറി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു. രാധാകൃഷ്ണന്‍ ആരോപിച്ചു. ഇത്തരക്കാരെ പാര്‍ട്ടിയില്‍ നിന്ന് ചവിട്ടിപ്പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments