Thursday, April 18, 2024
HomeNationalയുവാക്കളെ ലക്ഷ്യമിട്ടു രാജ്യത്ത് 'മോദി ഫെസ്റ്റ്' ; മൂന്നാം വാർഷികം ആഘോഷമാക്കാൻ ബിജെപി

യുവാക്കളെ ലക്ഷ്യമിട്ടു രാജ്യത്ത് ‘മോദി ഫെസ്റ്റ്’ ; മൂന്നാം വാർഷികം ആഘോഷമാക്കാൻ ബിജെപി

കേന്ദ്ര സർക്കാരിന്‍റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച്, യുവാക്കളെ ലക്ഷ്യമിട്ടു രാജ്യത്ത് ‘മോദി ഫെസ്റ്റ്’ നടത്തും. ‘മെയ്ക്കിങ് ഓഫ് ഡെവലപ്ഡ് ഇന്ത്യ– ഫെസ്റ്റിവൽ’ എന്നതിന്റെ ചുരുക്കെഴുത്താണ് മോദി ഫെസ്റ്റ് എന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേഴ്സണൽ ബ്രാന്റിന് പ്രാധാന്യം നൽകുന്ന തരത്തിലാണ് മോദി ഫെസ്റ്റ് എന്ന പേര് നൽകിയിരിക്കുന്നത്.ആഘോഷങ്ങളിൽ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് രാജ്യമെമ്പാടുമുള്ള ആളുകൾക്കായി 10കോടി ടെക്സ്റ്റ് മെസേജുകളും അയക്കും.

മെയ്‌ 26ന്‌ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഗുവാഹത്തിയില്‍ നിന്നും ജനങ്ങളെ അഭിസംബോധന ചെയ്യുന്നതോടെയാകും ആഘോഷ പരിപാടികളുടെ തുടക്കം. അതിന്‌ ശേഷം ബെംഗലൂരു, ഡല്‍ഹി, ജെയിപൂര്‍, കോട്ട, കൊല്‍ക്കത്ത, പൂനെ എന്നീ നഗരങ്ങള്‍ സന്ദര്‍ശിക്കും. മറ്റു രാഷ്ട്രീയപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും സന്ദർശിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിഹാറും, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കർണാടകയും ഒഡിഷയും സന്ദർശിച്ചു കേന്ദ്രത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കും.അമിത് ഷാ കേരളം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഛത്തീസ്ഗഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ സന്ദർശിക്കും. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുഷമ സ്വരാജ്, അരുൺ ജയ്റ്റ്ലി, വെങ്കയ്യ നായിഡു, നിതിൻ ഗഡ്കരി എന്നിവർ യഥാക്രമം മുംബൈ, ജയ്പുർ, ഡൽഹി, ലക്നൗ, അഹമ്മദാബാദ്, ഭുവനേശ്വർ‍, ഛത്തീസ്ഗഡ്, ചെന്നൈ, റാഞ്ചി എന്നിവിടങ്ങളിലെ വിവിധ ചടങ്ങുകളിൽ പങ്കെടുക്കും.

മെയ് 27, 28 തീയ്യതികളില്‍ ക്യാബിനറ്റ് മന്ത്രിമാര്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ബിജെപിക്ക് സ്വാധീനം കുറവുള്ള സംസ്ഥാനങ്ങളില്‍ മൂന്നൂറോളം മള്‍ട്ടിമീഡിയ എക്‌സിബിഷന്‍ സംഘടിപ്പിക്കാനുമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.

പരിപാടികൾ നടത്താനായി രാജ്യമെമ്പാടുമായി 900 വേദികൾ ഒരുക്കിയിട്ടുണ്ട്. ഓരോന്നും മന്ത്രിമാരെയും എം.പിമാരെയും ഏൽപ്പിക്കും.പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവർക്കും കത്തയക്കും. 2 കോടി കത്തുകൾ ഇതിനകം പ്രിന്റു ചെയ്തു കഴിഞ്ഞു. മെയ് 20ന് കത്തുകൾ അയച്ചു തുടങ്ങും. വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്കാണ് ആദ്യഘട്ടത്തിൽ കത്തുകൾ അയക്കുന്നത്. മെയ്‌ 26ന്‌ പുറത്തിറങ്ങുന്ന രാജ്യത്തെ 400 പത്രങ്ങളുടെ ആദ്യ പേജില്‍ സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ പരസ്യം ഉള്‍പ്പെടുത്തും. റേഡിയോയിലും ടെലിവിഷനിലും 30 മുതല്‍ 60 സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ള പരസ്യങ്ങള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്‌. ഇതിനോടോപ്പം ബിജെപിയുടെ ‘ദേശ്‌ ബദല്‍ രഹി ഹേ’ എന്ന മുദ്രവാക്യത്തിനൊപ്പം രാജ്യം ഉദിക്കുന്നു എന്നര്‍ത്ഥം വരുന്ന ‘ ഭാരത്‌ ഉബര്‍ രഹി ഹേ’ എന്ന വാചകം കൂടി ചേര്‍ക്കും. 500 നഗരങ്ങളില്‍ ‘സബ്‌ കാ സാത്ത്‌, സബ്‌ കാ വികാസ്‌’ പദ്ധതി നടപ്പിലാക്കും.

യുപിഎ ഭരണകാലത്തും എന്‍ഡിഎ ഭരണകാലത്തും എന്ന തരത്തില്‍ ഓരോ മന്ത്രാലയത്തിന്റേയും വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ബുക്ക്‌ലെറ്റുകള്‍ പുറത്തിറക്കും. കൃര്‍ഷകര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, പിന്നോക്ക വിഭാഗക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ട് പദ്ധതികള്‍ ഏകോപിപ്പിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം.

അതേസമയം മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്‍റെ ജനദ്രോഹനയങ്ങല്‍ എടുത്തുകാട്ടി പ്രചരണം നയിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും ലക്ഷ്യമിടുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments