Thursday, March 28, 2024
HomeKeralaക്നാനായ സമുദായത്തിന്‍െറ സൂര്യതേജസ്സ് മാര്‍ കുര്യാക്കോസ് കുന്നശേരി മെത്രാപ്പോലീത്ത (89) കാലം ചെയ്തു

ക്നാനായ സമുദായത്തിന്‍െറ സൂര്യതേജസ്സ് മാര്‍ കുര്യാക്കോസ് കുന്നശേരി മെത്രാപ്പോലീത്ത (89) കാലം ചെയ്തു

ക്നാനായ സമുദായത്തിന്‍െറ സൂര്യതേജസും കോട്ടയം ക്നാനായ അതിരൂപതയുടെ പ്രഥമ ആർച്ച്‌ ബിഷപ്പുമായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശേരി മെത്രാപ്പോലീത്ത (89) കാലം ചെയ്തു. ബുധനാഴ്ച വൈകുന്നേരം 4.45നായിരുന്നു അന്ത്യം.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭൗതീക ശരീരം നാളെ രണ്ടു മുതൽ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ പൊതുദർശനത്തിന് വയ്ക്കും. ശനിയാഴ്ച രണ്ടിന് ദിവ്യബലിയോടെ ആരംഭിക്കുന്ന ശിശ്രുഷകൾക്കു ശേഷം കത്തീഡ്രലിനോട് ചേർന്നു പ്രത്യേകം തയ്യാറാക്കിയ കബറിടത്തിൽ അടക്കും.

കടുത്തുരുത്തിയിലുള്ള പുരാതന പ്രശസ്തമായ കുന്നശ്ശേരില്‍ കുടുംബത്തിലെ ജോസഫ് & അന്നമ്മ ദമ്പതികളുടെ മൂത്ത മകനായി 1928 സെപ്റ്റംബര്‍ 11 ന് പിതാവ് ജനിച്ചു. കോട്ടയം ഇടയ്ക്കാട്ടു സ്കൂളിലും സി.എന്‍.ഐ. സ്കൂളിലും കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് മിഡില്‍ സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസവും തിരു ഹൃദയക്കുന്ന് ഹൈസ്കൂളില്‍ ഹൈസ്കൂള്‍ പഠനവും പൂര്‍ത്തിയാക്കിയ ശേഷം തിരു ഹൃദയക്കുന്നിലുള്ള മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു വൈദികപഠനം ആരംഭിച്ചു. തുടര്‍ന്നു ആലുവാ മംഗലപ്പുഴ സെമിനാരിയിലും റോമിലെ പ്രൊപ്പഗാന്താ കോളജിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി. 1955 ഡിസംബര്‍ ഇരുപത്തിയൊന്നാം തീയതി കര്‍ദിനാള്‍ ക്ളമന്റ് മിക്കാറിയില്‍ നിന്നും വൈദിക പട്ടം സ്വീകരിക്കുകയും പിറ്റെ ദിവസം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലുള്ള വി. പത്താം പീയൂസിന്റെ അള്‍ത്താരയില്‍ പ്രഥമദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.

റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും (ജെ.യു.ഡി) കരസ്ഥമാക്കി നാട്ടില്‍ തിരിച്ചത്തെിയ ഫാ. കുന്നശ്ശേരി തറയില്‍ പിതാവിന്റെ സെക്രട്ടറിയും രൂപതയുടെ ചാന്‍സലറുമായി നിയമിതനായി.

രണ്ടു വര്‍ഷത്തിനുശേഷം അമേരിക്കയിലെ ബോസ്റ്റണ്‍ കോളജില്‍നിന്നും രാഷ്ട്രമീമാംസയില്‍ മാസ്റ്റര്‍ ബിരുദം നേടി. ബി.സി.എം. കോളജില്‍ അധ്യാപകനായി നിയമിതനായ കുന്നശ്ശേരിലച്ചന്‍ പത്രാധിപര്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചാപൈ്ളന്‍ എന്നീ നിലകളിലും സേവനം ചെയ്തു. പിന്നീട് അദ്ദേഹം തിരുഹൃദയക്കുന്ന് മൈനര്‍ സെമിനാരിയുടെ റെക്ടറായി. ഈ ജോലി നിര്‍വഹിച്ചുവരവെയാണ് 1967 ഡിസംബര്‍ ഒൻപതാം തീയതി പോള്‍ ആറാമന്‍ മാര്‍പാപ്പ ഇദ്ദേഹത്തെ കേഫായുടെ സ്ഥാനിക മെത്രാനായും കോട്ടയം രൂപതയുടെ പിന്തുടര്‍ച്ചാവകാശത്തോടുകൂടിയ സഹായമെത്രാനായും നിയമിച്ചത്. പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫക്ട് കാര്‍ഡിനല്‍ മാക്സ്മില്യന്‍ ഫുസ്റ്റന്‍ബര്‍ഗിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ 1968 ഫെബ്രുവരി ഇരുപത്തിനാലാം തീയതി തിരുഹൃദയക്കുന്ന് സ്കൂള്‍ ഗ്രൗണ്ടില്‍ വച്ചായിരുന്നു മെത്രാഭിഷേകം. 1974 മെയ് അഞ്ചാം തീയതി തോമസ് തറയില്‍ തിരുമേനി രൂപതാഭരണത്തില്‍ നിന്നും വിരമിച്ചതിനത്തെുടര്‍ന്ന് മാര്‍ കുന്നശ്ശേരി രൂപതാ ഭരണം ഏറ്റെടുത്തു.

ഏതാണ്ട് നാലുപതിറ്റാണ്ടു നീണ്ടുനിന്ന കുന്നശ്ശേരി തിരുമേനിയുടെ മേല്പട്ട ശുശ്രൂഷ കോട്ടയം അതിരൂപതയെ അസൂയാവഹമായ വളര്‍ച്ചയിലേക്കു നയിച്ചു. പിതാവിന്റെ  പ്രവൃത്തിപഥങ്ങള്‍ വിലയിരുത്തുമ്പോള്‍ മഹിതമായ ആ വ്യക്തിത്വത്തിന്റെ സവിശേഷതകള്‍ കണ്ടത്തൊന്‍ കഴിയും.

കോട്ടയം രൂപതയുടെ പ്രത്യേകതകള്‍ വസ്തുനിഷ്ഠമായി അപഗ്രഥിച്ചു ദിശാബോധത്തോടെ രൂപതയെ നയിച്ചു എന്നതു കുന്നശ്ശേരി പിതാവിനെക്കുറിച്ച് പ്രഥമവും പ്രധാനവുമായി സ്മരിക്കേണ്ട ചരിത്രവസ്തുതയാണ്. തെക്കുംഭാഗര്‍ക്കു മാത്രമായി സ്ഥാപിതമായ കോട്ടയം രൂപതയുടെ വളര്‍ച്ചയ്ക്കു കൂടുതല്‍ ഇടവക സമൂഹങ്ങള്‍ വേണമെന്ന തിരിച്ചറിവ് ഒരു ക്രാന്തദര്‍ശിയുടേതായിരുന്നു. സംഘടിത കുടിയേറ്റത്തിന്റെ ഭാഗമായല്ലാതെ മലബാറിന്റെ മറ്റു ഭാഗങ്ങളിലേക്കും ഹൈറേഞ്ചിലേക്കും കുടിയേറിയ സമുദായാംഗങ്ങളെ സമുദായത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയും സമുദായ ഗാത്രത്തില്‍ നിലനിര്‍ത്തുകയും ചെയ്യുന്നതിനായി പലയിടങ്ങളിലും ഇടവക സമൂഹങ്ങള്‍ ആരംഭിച്ചതു കുന്നശ്ശേരില്‍ പിതാവാണ്.

മലബാറിലും ഹൈറേഞ്ചിലുമുള്ള ഇടവകകളില്‍ പകുതിയിലധികവും ആരംഭിക്കുന്നതു പിതാവിന്റെ കാലത്താണ്. അന്യ സമുദായങ്ങളില്‍ ലയിച്ചുചേര്‍ന്നു സമുദായത്തില്‍ നിന്നും മാറിപ്പോകാന്‍ സാധ്യതയുണ്ടായിരുന്ന അനേക കുടുംബങ്ങളെ സ്വസമുദായത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞതില്‍ ഈ ഇടയനു എന്നും അഭിമാനിക്കാം. ഇടവകകള്‍ വര്‍ധിച്ചതോടെ സമുദായത്തിന്റെ കെട്ടുറപ്പും ശക്തിയും വര്‍ദ്ധിച്ചു. കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്ററും അവിടെ ഒരു സഹായമെത്രാനും ഇന്നുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ കുന്നശ്ശേരി പിതാവിന്റെ  ദൂരക്കാഴ്ചയുമുണ്ട്. ഭാരതത്തിനു പുറത്തുള്ള സമുദായാംഗങ്ങളെ രൂപതയുടെ ചാലകശക്തിയായി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഷിക്കാഗോയിലേക്കു ഒരു വൈദികനെ അയച്ചതിലൂടെയാണ് ഡയസ്പോറ എന്ന ഒരു ശുശ്രൂഷാ മേഖല രൂപം കൊണ്ടത്‌.

വിശ്വാസത്തിന്റെ അഗ്നിച്ചിറകുകളും സമുദായ സ്നേഹത്തിന്റെ നിർമ്മല ഹൃദയവും പിതാവിന്റെ വ്യക്തിത്വത്തില്‍ ശരിയായ അനുപാതത്തില്‍ ലയിച്ചിരുന്നു. സഭാംഗത്വം നഷ്ടപ്പെടുത്തി സമുദായാംഗത്വം നിലനിര്‍ത്തുന്നത് ബുദ്ധിശൂന്യമാണെന്നു അദ്ദേഹം തിരിച്ചറിഞ്ഞു. ക്നാനായ സമുദായത്തിന്റെ സജീവമായ പൈതൃകവും പാരമ്പര്യവും സഭാവിശ്വാസത്തിലും സഭാ സ്നേഹത്തിലും വളരുവാന്‍ സഹായിക്കണം എന്നതായിരുന്നു പിതാവിന്റെ  ഉറച്ച കാഴ്ചപ്പാട്. ക്നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യങ്ങളും ഇളംതലമുറയ്ക്കു കൈമോശം വരാതിരിക്കാനായി ഹാദൂസ സ്ഥാപിക്കുകയും മാര്‍ഗം കളിക്കും പുരാതനപ്പാട്ടുകള്‍ക്കും ജനഹൃദയങ്ങളില്‍ ശാശ്വതപ്രതിഷ്ഠ നിലനിര്‍ത്തുകയും ചെയ്തു.

1970 കളില്‍ ഇന്നുള്ള ശക്തമായ ക്നാനായതരംഗം ഉണ്ടായിരുന്നില്ല. ക്നാനായക്കാരെന്നു അഭിമാനത്തോടെ പറയാന്‍ പലരും മടിച്ചിരുന്നു. യുവജനങ്ങളില്‍ സമുദായത്തോടു ഇന്നുള്ള ആവേശമുണ്ടായിരുന്നില്ളെന്നു മാത്രമല്ല നിസ്സംഗതയും ഉണ്ടായിരുന്നു. എന്നാല്‍, മാര്‍ഗംകളി കലോത്സവങ്ങളില്‍ ഉള്‍ക്കൊള്ളിക്കുകയും തൊമ്മന്‍ കീനാന്‍ നാടകത്തിനു രൂപം നല്കുകയും യുവജനസംഘടനകളും കൂടാരയോഗങ്ങളും പുരാതനപ്പാട്ടുകള്‍ക്കു പ്രചാരം നല്കുകയും ചെയ്തതോടെ പുതിയ ഒരുണര്‍വ്വു സമുദായാംഗങ്ങളില്‍ ഉണ്ടായി. രൂപതയുടെ പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തിയ സമുദായ ബോധവല്ക്കരണക്ളാസ്സുകള്‍ ഒരു സൈദ്ധാന്തികാടിത്തറ സമുദായാംഗങ്ങള്‍ക്കു നല്കുകയും ചെയ്തു. സമുദായത്തിന്റെ വേരുകള്‍ തേടി ഇറാക്കിലേക്കു നടത്തിയ പഠനയാത്രയും ഒരു അസാധാരണ ചരിത്രസംഭവമായിരുന്നു. ആചാരങ്ങളെ അനാചാരങ്ങളാക്കി മാറ്റാന്‍ പിതാവു ഒരിക്കലും അനുവദിച്ചിരുന്നില്ല. അര്‍ത്ഥം നഷ്ടപ്പെട്ട ചില പാരമ്പര്യങ്ങള്‍ ഉപേക്ഷിക്കുവാനും ചൈതന്യം നഷ്ടപ്പെട്ടവയെ സംസ്കരിച്ചെടുക്കാനും എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ ആചാരങ്ങള്‍ക്കും ഏകീഭാവം വരുത്തുവാനും പിതാവു പ്രത്യേക ശ്രദ്ധ പതിപ്പിച്ചു.

മെത്രാന്‍ വിശ്വാസ സത്യങ്ങളുടെ സംരക്ഷകനും പ്രബോധകനുമാണെന്നുള്ള കുന്നശ്ശേരില്‍ പിതാവിന്റെ ബോദ്ധ്യം തീക്ഷ്ണമായിരുന്നു. ഇടയലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സഭയോടൊത്തു ചിന്തിക്കുവാനും നിത്യസത്യങ്ങള്‍ പാലിക്കുവാനും പിതാവ് നിരന്തരം നിര്‍ദ്ദേശിച്ചിരുന്നു. പൗരസ്ത്യാരാധനക്രമങ്ങളുടെ സംരക്ഷണകാര്യത്തില്‍ ഉറച്ച നിലപാടുകളാണ് പിതാവ് സ്വീകരിച്ചിരുന്നത്. സുറിയാനി ഭാഷ പ്രചരിക്കുവാന്‍ പിതാവ് മുന്‍പോട്ടു ഇറങ്ങിയതിനുശേഷമാണ് പലരും ഇതിന്റെ പ്രാധാന്യവും പ്രസക്തിയും തിരിച്ചറിഞ്ഞത്.

വിശ്വാസ സത്യങ്ങളുടെ സംരക്ഷണത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്നെങ്കിലും പല കാര്യങ്ങളിലും കുന്നശ്ശേരി പിതാവ് പുരോഗമനവാദിയും പ്രത്യുല്‍പ്പന്നമതിയുമായിരുന്നു. സ്വന്തമായ കാഴ്ചപ്പാടുള്ളതുകൊണ്ടാകണം, കാലത്തിന്‍്റെ കാലൊച്ചകള്‍ കേട്ടുകൊണ്ട് പല തീരുമാനങ്ങളും എടുക്കാന്‍ പിതാവിന് കഴിഞ്ഞത്. വൈദികരുടെ ഒൗദ്യോഗിക വസ്ത്രമായ ളോഹ ധരിക്കുന്നതിനെക്കുറിച്ച് അദ്ദേഹമെടുത്ത നിലപാട് ഇതിനു ഉത്തമോദാഹരണമാണ്. യാത്രാവേളകളില്‍ സൗകര്യത്തെപ്രതി ളോഹ ധരിക്കുന്നത് നിര്‍ബന്ധമല്ളെന്ന് ഒൗദ്യോഗിക കല്പന പുറപ്പെടുവിച്ച സീറോ മലബാര്‍ സഭയിലെ ആദ്യത്തെ മെത്രാന്‍ കുന്നശ്ശേരി പിതാവായിരുന്നു. ഡീക്കന്‍ മിനിസ്ട്രിയെക്കുറിച്ചും വിശുദ്ധ കുര്‍ബാന കൈയില്‍ സ്വീകരിക്കുന്നതിനെക്കുറിച്ചുമെല്ലാം പിതാവെടുത്ത തീരുമാനങ്ങള്‍ നിലവിലിരുന്ന രീതികള്‍ക്കനുസരിച്ചായിരുന്നില്ല.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പശ്ചാത്തലത്തില്‍ രൂപംകൊണ്ട സഭാത്മകദര്‍ശനം അതിന്റെ എല്ലാ അര്‍ത്ഥത്തിലും പിതാവ് ഉള്‍ക്കൊണ്ടിരുന്നു. അല്മായര്‍ക്കു സഭയുടെ എല്ലാ തലങ്ങളിലും പിതാവ് അര്‍ഹമായ സ്ഥാനം നല്കിയിരുന്നു. രൂപതയുടെ സാമ്പത്തിക ഭരണസമിതി ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും അല്മായരുടെ പ്രാതിനിധ്യം പിതാവ് ഉറപ്പിച്ചിരുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്. മാര്‍ കുര്യാക്കോസ് കുന്നശ്ശേരി രൂപതാഭരണത്തിലൂടെ ക്നാനായ സമുദായത്തിനു കൈമാറുന്ന പിതൃസ്വത്തു എന്താണെന്ന ചോദ്യത്തിനു വ്യത്യസ്തങ്ങളായ ഉത്തരങ്ങള്‍ ഉണ്ടാകാം. ഒരുത്തരം മുകളില്‍ സൂചിപ്പിച്ചുകഴിഞ്ഞു. കൂടുവിട്ടുപോയ കുഞ്ഞുങ്ങളെ ഒരു കുടക്കീഴിലാക്കുവാനും രൂപതാംഗങ്ങളില്‍ ആഴമേറിയ സമുദായബോധവും സഭാസ്നേഹവും വളര്‍ത്തുവാനും കഴിഞ്ഞുവെന്നത്. മറ്റൊരു കാഴ്ചപ്പാടിലൂടെ നോക്കിയാല്‍, പിതാവു ആരംഭിച്ച സ്ഥാപനങ്ങള്‍ പ്രാദേശികസഭയാകുന്ന ഈ വധുവിനെ സര്‍വ്വാഭരണവിഭൂഷിതയായി അണിയിച്ചൊരുക്കിയെന്നത് കാലാതിവര്‍ത്തിയായി നിലനില്ക്കുന്ന ചരിത്രസത്യമായിരിക്കും. തുടങ്ങിയ സ്ഥാപനങ്ങളെല്ലാം അതിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് നവീകരിക്കുവാനും വളര്‍ത്തുവാനും പിതാവ് ശ്രദ്ധിച്ചിരുന്നു.

രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിക്കുവാന്‍ പിതാവ് ആരംഭിച്ച ചൈതന്യ പാസ്റ്ററല്‍ സെന്ററും ആത്മീയ നവീകരണത്തിനായി തുടങ്ങിയ തൂവാനീസ പ്രാര്‍ത്ഥനാലയവും കേരളത്തില്‍ത്തന്നെ ആദ്യമായി ആരംഭിച്ച സംരംഭങ്ങളായിരുന്നു. തലയുയര്‍ത്തി നില്‍ക്കുന്ന കാരിത്താസ് ആശുപത്രി പിതാവിന്റെ ഭരണനേട്ടങ്ങളിലെ പൊന്‍തൂവലാണ്. രാജപുരം സെന്റ് പയസ് ടെന്‍ത് കോളജ്, മടമ്പം പി.കെ.എം. കോളജും ശ്രീപുരം സ്കൂളും മറ്റ് അണ്‍എയ്ഡഡ് സ്കൂളുകളും എയ്ഡഡ് മേഖലകളിലാരംഭിച്ച വിവിധ ഹയര്‍ സെക്കണ്ടറി സ്കൂളുകളും കാരിത്താസ് നഴ്സിംഗ് കോളജുള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പിതാവിന്റെ ഉന്നത ദര്‍ശനത്തിന്റെ അടയാളങ്ങളാണ്.

വികലാംഗരെയും ബുദ്ധിമാന്ദ്യം ഉള്ളവരെയും സംരക്ഷിക്കുന്നതിനായി തുടങ്ങിയ സ്ഥാപനങ്ങളും ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടലും അനാഥത്വവുമായി കഴിയുന്നവര്‍ക്കായി ആരംഭിച്ച വൃദ്ധമന്ദിരങ്ങളും ദൈവവിളി വര്‍ധിപ്പിക്കുവാനും മിഷനറി പ്രവര്‍ത്തനങ്ങള്‍ ഉണര്‍വുള്ളതാക്കുവാനുമായി തുടങ്ങിയ വി. പത്താം പീയൂസിന്റെ മിഷനറി സൊസൈറ്റിയും വല്ലംബ്രോസിയന്‍ ബനഡിക്റ്റൈന്‍ സഭയും വി. ജോണ്‍ ഗ്വില്‍ബര്‍ട്ടിന്റെ കുഞ്ഞുമക്കളുടെ സമൂഹവുമെല്ലാം കുന്നശ്ശേരി തിരുമേനിയുടെ ക്രാന്തദര്‍ശിത്വത്തിന്റെ മകുടോദാഹരണമാണ്.

മികച്ച ഭരണാധികാരിയെന്ന നിലയില്‍ പിതാവിന്റെ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും ആരെയും അത്ഭുതപ്പെടുത്തും. ഏതു പ്രസ്ഥാനം ആരംഭിച്ചപ്പോഴും അനേകവര്‍ഷം മുമ്പില്‍ കാണുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പല സന്ദര്‍ഭങ്ങളിലും വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉണ്ടായി. പക്ഷേ, നിരാശ നിഴല്‍ വീഴ്ത്താത്ത മനസ്സുമായി അദ്ദേഹം നടന്നുനീങ്ങി. അതിനാല്‍ത്തന്നെ അനേക പ്രസ്ഥാനങ്ങള്‍ക്കു അഗ്രഗാമിയായി വര്‍ത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

നലം തികഞ്ഞ അജപാലകനായിരുന്നു കുന്നശ്ശേരില്‍ പിതാവ്. ആടുകളുടെ സ്വരം തിരിച്ചറിയുന്ന നല്ല ഇടയന്‍. പിതാവിന്റെ ഓര്‍മശക്തി അപാരമായിരുന്നു. കോട്ടയം രൂപതയിലുള്ള ഒരാളെ എവിടെവച്ചു കണ്ടാലും അയാളുടെ കുടുംബവുമായി ബന്ധപ്പെട്ട എന്തെങ്കിലും പിതാവിനു പറയാനുണ്ടാകും. രൂപതയിലെ ഏതാണ്ടു എണ്ണായിരത്തോളം വീടുകള്‍ പിതാവു കയറിയിറങ്ങി. കേരളസഭ മുഴുവന്‍ ശ്രദ്ധിച്ച സംഭവമായിരുന്നു അത്. ആര്‍ദ്രത നിറഞ്ഞ ആ പിതൃഹൃദയത്തിന്റെ അലിവു കൂടിയുണ്ടായിരുന്നു അത്. ദിവംഗതനായ പടിയറപ്പിതാവു രൂപതയോടുള്ള മാതൃസഹജമായ സ്നേഹം എന്നാണു ഈ മനോഭാവത്തെ വിശേഷിപ്പിച്ചത്. രൂപതയിലുള്ള ആളുകള്‍ക്കു എന്തു ചെയ്യുവാന്‍ കഴിയും എന്ന ചിന്ത കുന്നശ്ശേരിപ്പിതാവിനെ എപ്പോഴും സ്വാധീനിച്ചിരുന്നു. ആര് എന്താവശ്യവുമായി വന്നാലും സാദ്ധ്യമായ വിധത്തിലെല്ലാം സഹായിക്കുവാനുള്ള മനസ്സിന്റെ വിശാലത പിതാവിനുണ്ട്. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ പിതാവിനെ പ്രേരിപ്പിച്ചതു ഈ കാരുണ്യമാണ്.

ഒരു നയതന്ത്രജ്ഞനെന്ന നിലയില്‍ കുന്നശ്ശേരിപ്പിതാവിനുള്ള കഴിവ് എല്ലാവരും തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. സീറോമലബാര്‍ സഭയില്‍ പ്രതിസന്ധികളുണ്ടായ ഘട്ടങ്ങളിലെല്ലാം ഒരു മദ്ധ്യവര്‍ത്തിയായി നിന്നുകൊണ്ട് ഉചിതമായ തീരുമാനങ്ങിലത്തൊന്‍ ഒൗദ്യോഗികമായും അനൗദ്യോഗികമായും കുന്നശ്ശേരിപിതാവ് വഹിച്ച പങ്ക് അതുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ ഒരിക്കലും മറക്കുകയില്ല.

ബിഷപ്പുമാരുടെ ഇടയിലെ പാലംപണിക്കാരന്‍ എന്നാണ് പടിയറപ്പിതാവ് കുന്നശ്ശേരി പിതാവിനെ വിശേഷിപ്പിച്ചത്. പൗരസ്ത്യാരാധന ക്രമത്തെക്കുറിച്ചു ചേരിതിരിവുണ്ടായപ്പോള്‍ ഒരു ഗ്രൂപ്പിനാലും അമിതമായി സ്വാധീനിക്കപ്പെടാതെ സന്തുലിതമായ നിലപാടുകളാണ് അദ്ദേഹം കൈക്കൊണ്ടിരുന്നത്. പിതാവിന്റെ  നിര്‍ദ്ദേശങ്ങളും വിലയിരുത്തലുകളും സത്യസന്ധമായ റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ പൊന്തിഫിക്കല്‍ കമ്മീഷനെപ്പോലും സഹായിച്ചിട്ടുണ്ടെന്നുള്ളത് അധികം പേര്‍ക്കും അറിയാത്ത വസ്തുതയാണ്.

സഭാതലത്തില്‍ അനേകം ഉയര്‍ന്ന പദവികള്‍ പിതാവു വഹിച്ചിട്ടുണ്ട്. എസ്.എം.ബി.സി. വൈസ് പ്രസിഡന്റെ, സെക്രട്ടറി, ലിറ്റര്‍ജിക്കല്‍ കമ്മിറ്റിയംഗം, കെ.സി.ബി.സി.എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍, ആലുവ പൊന്തിഫിക്കല്‍ സെമിനാരിയുടെയും വടവാതൂര്‍ സെമിനാരിയുടെയും ബിഷപ്സ് കമ്മീഷന്‍ ചെയര്‍മാന്‍, സി.ബി.സി.ഐ. എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍, റോമില്‍ നടന്ന അല്മായരെക്കുറിച്ചുള്ള മെത്രാന്മാരുടെ സിനഡില്‍ സി.ബി.സി.ഐ.യുടെ പ്രതിനിധി, പൗരസ്ത്യ കാനന്‍ നിയമപരിഷ്കരണത്തിന്റെ പൊന്തിഫിക്കല്‍ കമ്മീഷനംഗം, നിലയ്ക്കല്‍ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്‍രെ ട്രസ്റ്റി, ബാംഗ്ളൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിന്റെ ഡയറക്ടര്‍ ബോര്‍ഡംഗം, ഓര്‍ത്തഡോക്സ് യാക്കോബായ സഭകളുമായി അനുരഞ്ജന ചര്‍ച്ചകള്‍ക്കായി റോമില്‍നിന്നും നിയമിതമായ കമ്മിറ്റിയംഗം, സീറോമലബാര്‍ സഭയുടെ പ്രഥമ സ്ഥിരംസിനഡ് അംഗം ഇങ്നെ നിരവധിയാണ് കുന്നശ്ശേരിപ്പിതാവിനു ലഭിച്ച അംഗീകാരങ്ങള്‍. അഗാധമായ പാണ്ഡിത്യത്തിനും സത്യത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ജീവിതവിശുദ്ധിക്കും ലഭിച്ച അംഗീകാരം കൂടിയായിരുന്നു ഇവ.

പിതാവിന്റെ ആതിഥ്യമര്യാദ അനേകരെ ആകര്‍ഷിച്ചിട്ടുണ്ട്. ഒരിക്കലെങ്കിലും കോട്ടയം അരമനയില്‍ എത്തിയിട്ടുള്ള അതിഥികളാരും ഇതു നിഷേധിക്കുമെന്നു തോന്നുന്നില്ല. അധികാരികളെ അനുസരിക്കുകയും മറ്റുള്ളവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന രീതി പരിശീലനകാലത്തും പിതാവിലുണ്ടായിരുന്നുവെന്നു സതീര്‍ത്ഥ്യര്‍ പറയാറുണ്ട്. പിതാവിന്റെ വിശാലമായ സുഹൃദ്ബന്ധങ്ങളുടെ രഹസ്യവും ഇതാണ്.

പ്രാര്‍ത്ഥനയിലൂടെ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തി നിറച്ചുകൊണ്ടാണ് പിതാവ് പ്രവര്‍ത്തന മണ്ഡലങ്ങളില്‍ ഇറങ്ങുന്നത്. പ്രഭാതത്തില്‍ വളരെ നേരത്തെ ഉണര്‍ന്നു സ്വകാര്യചാപ്പലിലെ ഏകാന്തതയില്‍ ധ്യാനത്തില്‍ മുഴുകുന്ന പിതാവിനെ അധികമാര്‍ക്കും പരിചയമില്ല. യാമപ്രാര്‍ത്ഥനകളും ജപമാലയുമൊന്നും ഒരിക്കലും അദ്ദേഹം മുടക്കുകയില്ല. അനേകമണിക്കൂറുകള്‍ പ്രാര്‍ത്ഥിച്ചതിനുശേഷം മാത്രമാണ് പ്രധാനപ്പെട്ട കാര്യങ്ങളിലെല്ലാം പിതാവ് തീരുമാനമെടുത്തിരുന്നത്.

2005 മെയ് ഒമ്പതാം തീയതി കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി മാര്‍ കുര്യാക്കോസ് കുന്നശ്ശേരി നിയമിതനായപ്പോള്‍ അത് അര്‍ഹമായ അംഗീകാരമായി സഭാതനയര്‍ അധികാരികളും അധീനരും വിലയിരുത്തി. 2005 ജൂണ്‍ മൂന്നിനായിരുന്നു സ്ഥാനാരോഹണം. 2006 ജനുവരി പതിനാലാം തീയതി മേല്പട്ടശുശ്രൂഷയില്‍ നിന്നും വിരമിക്കുവാനുള്ള പിതാവിന്റെ അപേക്ഷയ്ക്കു സഭാധികാരികള്‍ ഒൗദ്യോഗികാംഗീകാരം നല്കിയിരുന്നു.

സഹോദരങ്ങൾ : സിസ്റ്റർ ആൻ ഗൊരേത്തി , ജോൺ കുന്നശ്ശേരി , ഡോ. ജോസഫൈൻ കുന്നശ്ശേരി , സാവിയോ കുന്നശ്ശേരി , ആൻസി സണ്ണി , പരേതരായ തങ്കമ്മ എബ്രഹാം , സിസ്റ്റർ പയസ് .

അതിരൂപതയിൽ ഏഴു ദിവസം ദുഃഖാചരണവും സംസ്കാരദിനമായ ശനിയാഴ്ച അതിരൂപതയിലെ എല്ലാ സ്ഥാപനങ്ങൾക്കും അവധിയും ആയിരിക്കുമെന്ന് വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments