ചാണകം, മൂത്രം, തൈര്, പാല്‍, നെയ്യ് എന്നിവയുടെ പോഷക-ആരോഗ്യ ഗുണങ്ങളെ കുറിച്ച് ഗവേഷണം- മോദി സർക്കാർ

cow

ചാണകവും ഗോമൂത്രവും അടക്കം പഞ്ചഗവ്യത്തിന്റെ പോഷക-ആരോഗ്യ ഗുണഗണങ്ങളെ കുറിച്ച് വിപുലമായ ഗവേഷണ പഠനങ്ങള്‍ക്കായി കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ 19 അംഗ സമിതിക്ക് മോഡി സര്‍ക്കാര്‍ രൂപംനല്‍കി. രാജ്യമെങ്ങും ഗോ സംരക്ഷണത്തിന്റെ പേരില്‍ കൊലപാതകങ്ങളും അക്രമങ്ങളും വ്യാപകമാകുമ്പോഴാണ് പശുവിന്റെ ‘വിശുദ്ധ’പദവി ഉറപ്പിക്കുന്നതിന് ആര്‍എസ്എസ് നിര്‍ദേശപ്രകാരമുള്ള കേന്ദ്ര നീക്കം. ശാസ്ത്ര-സാങ്കേതിക മന്ത്രി ഹര്‍ഷ് വര്‍ധനാണ് 19 അംഗ സമിതിയുടെ തലവന്‍. ഉന്നത കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കൊപ്പം ആര്‍എസ്എസ് സംഘടനകളായ വിജ്ഞാന്‍ ഭാരതിയുടെയും ഗോ വിജ്ഞാന്‍ അനുസന്ദാന്‍ കേന്ദ്രത്തിന്റെയും പ്രതിനിധികള്‍ സമിതിയിലുണ്ട്.

‘പഞ്ചഗവ്യത്തിന്റെ (ചാണകം, മൂത്രം, തൈര്, പാല്‍, നെയ്യ്) ശാസ്ത്രീയ സാധൂകരണവും ഗവേഷണവും’ (സ്വരോപ്) എന്ന് പേരിട്ട പദ്ധതിയുടെ ദേശീയ സ്റ്റിയറിങ് കമ്മിറ്റിയായാണ് കേന്ദ്രമന്ത്രി തലവനായ സമിതി പ്രവര്‍ത്തിക്കുക.

പോഷകം, ആരോഗ്യം, കൃഷി തുടങ്ങി വിവിധ മേഖലകളില്‍ പഞ്ചഗവ്യത്തിന്റെ ഗുണഫലങ്ങള്‍ ശാസ്ത്രീയമായി സാധൂകരിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ സമിതി തെരഞ്ഞെടുക്കും. ശാസ്ത്ര-സാങ്കേതികവകുപ്പ് ഒരു ദേശീയ പരിപാടിയായാണ് ‘സ്വരോപ്’ ഏറ്റെടുത്തിട്ടുള്ളതെന്ന് മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നാടന്‍ പശുക്കളുടെ സവിശേഷത, പഞ്ചഗവ്യത്തിന്റെ ഔഷധ-ആരോഗ്യഗുണങ്ങള്‍, കാര്‍ഷികാവശ്യങ്ങള്‍ക്ക് പഞ്ചഗവ്യത്തിന്റെയും ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം, പഞ്ചഗവ്യത്തിന്റെ ഭക്ഷണ-പോഷകഗുണങ്ങള്‍, പഞ്ചഗവ്യം അടിസ്ഥാനമാക്കിയുള്ള അവശ്യവസ്തുക്കളുടെ ഗുണഫലങ്ങള്‍ എന്നീ അഞ്ചു വിഷയങ്ങളിലാണ് ഊന്നല്‍.

വിജ്ഞാന്‍ഭാരതി അധ്യക്ഷന്‍ വിജയ് ഭട്കറാണ് സമിതിയുടെ സഹ അധ്യക്ഷന്‍. വിജ്ഞാന്‍ ഭാരതി സെക്രട്ടറി ജനറല്‍ എ ജയകുമാര്‍, നാഗ്പുര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോ വിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്രത്തിന്റെ സുനില്‍ മന്‍സിങ്ക തുടങ്ങിയവര്‍ അംഗങ്ങളാണ്. നാഗ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോ വിജ്ഞാന്‍ കേന്ദ്രം വിഎച്ച്പിയുടെ ഭാഗമാണ്. മൂന്നു വര്‍ഷത്തേക്കാണ് സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.