Thursday, March 28, 2024
HomeKeralaപാപ്പാത്തിച്ചോലയിൽ സ്ഥാപിച്ച പുതിയ മരക്കുരിശ് കാണാതായി; രണ്ടുപേർ കസ്റ്റഡിയിൽ

പാപ്പാത്തിച്ചോലയിൽ സ്ഥാപിച്ച പുതിയ മരക്കുരിശ് കാണാതായി; രണ്ടുപേർ കസ്റ്റഡിയിൽ

പാപ്പാത്തിച്ചോലയില്‍ റവന്യൂ വകുപ്പ് പൊളിച്ച് നീക്കിയ കുരിശിന്റെ അതെ സ്ഥാനത്തു മര കുരിശ് സ്ഥാപിച്ച രണ്ട് പേർ പോലീസ് പിടിയിലായി. സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകരായ കല്‍പ്പറ്റ സ്വദേശി രാജുവും രാജകുമാരി സ്വദേശി സെബാസ്റ്റ്യനുമാണ് പോലീസ്‌ കസ്റ്റഡിയിൽ.

സ്പിരിറ്റ് ഇന്‍ ജീസസിന്റെ വാഹനത്തില്‍ കുരിശ് നീക്കിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇവരെ പോലീസ് പാപ്പാത്തിച്ചോലയില്‍ കൊണ്ടുവന്നു ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ സഞ്ചരിച്ച വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ പൊളിച്ചു കളഞ്ഞ കുരിശ് ഇരുന്ന അതേ സ്ഥാനത്താണ് വെള്ളിയാഴ്ച വൈകിട്ടോടെ മരക്കുരിശ്സ്ഥാപിച്ചത്. യൂക്കാലി മരത്തിന്റെ കഴയില്‍ നൂല്‍ക്കമ്പി കെട്ടിയാണ് കുരിശ് ഉണ്ടാക്കിയിരുന്നത് എന്ന് പോലീസ് പറഞ്ഞു.

ഉദ്യോഗസ്ഥര്‍ കുരിശ് തകര്‍ത്ത നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി രംഗത്ത് വരികയും ഒഴിപ്പിക്കല്‍തന്നെ നിര്‍ത്തിവയ്പിക്കുകയും ചെയ്തിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഇവിടെ വീണ്ടും കുരിശ് സ്ഥാപിച്ചത്. കുരിശ് സ്ഥാപിച്ചതായി ശാന്തന്‍പാറ പോലീസിന് വെള്ളിയാഴ്ച വൈകീട്ടുതന്നെ വിവരം ലഭിച്ചെങ്കിലും ദുര്‍ഘടപാതയായതിനാലും മൂന്നുമണിക്കൂറോളം യാത്ര ചെയ്യേണ്ടതിനാലും അധികൃതര്‍ അങ്ങോട്ട് പോയിരുന്നില്ല. ശനിയാഴ്ച പോലീസ് അവിടേക്ക് പോകാനിരിക്കെയാണ് കുരിശ് കാണാതായത്.  നേരത്തേ കുരിശ് സ്ഥാപിച്ചത് സംബന്ധിച്ച് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയുടെ അധ്യക്ഷന്‍ ടോം സഖറിയയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, കുരിശ് സ്ഥാപിച്ചതുമായി തങ്ങൾക്ക് യാതൊരു ബന്ധമില്ലെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ത്ഥനാ ഗ്രൂപ്പ് തലവന്‍ ടോം സക്കറിയ അറിയിച്ചിരുന്നു. അതേസമയം കുരിശ് സ്ഥാപിച്ചതും അവിടെ നിന്ന് പിന്നീട് നീക്കം ചെയ്തതും സ്പിരിറ്റ് ഇന്‍ ജീസസ് തന്നെയാണെന്നാണ് പോലീസ് ഭാഷ്യം. ദേവികുളം താലൂക്ക് ചിന്നക്കനാല്‍ വില്ലേജ് 32/1 സര്‍േവ നമ്പരില്‍പ്പെട്ട സ്ഥലത്താണ് ഈ സംഭവ വികാസങ്ങൾ . ഇത് സര്‍ക്കാര്‍ രേഖകള്‍ പ്രകാരം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments