Saturday, April 20, 2024
HomeKeralaനടി ആക്രമണത്തിന് ഇരയായ കേസിൽ ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

നടി ആക്രമണത്തിന് ഇരയായ കേസിൽ ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

കൊച്ചിയിൽ നടി ആക്രമണത്തിന് ഇരയായ കേസിൽ ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. എല്ലാ കാര്യങ്ങളും സർക്കാർ കോടതിയിൽ അറിയിച്ചിട്ടുണ്ട്. ഗൂഢാലോചന ഉൾപ്പെടെയുള്ളവ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കൃത്യമായി ഇടപെട്ടു. പൊലീസ് ഊർജസ്വലമായി പ്രവർത്തിച്ചതിനാൽ പ്രതികളെ പിടികൂടിയെന്നും പിണറായി വ്യക്തമാക്കി.

അതേസമയം, വിഷയത്തിൽ പി.ടി. തോമസ് എംഎൽഎ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. കുറ്റവാളികൾ എത്ര പ്രബലരായാലും പിഴുതെറിയണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു. സഭനിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചു നിന്നു..

സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയെച്ചൊല്ലി ചോദ്യോത്തരവേള തടസപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. എംഎൽഎമാർ സ്പീക്കറുടെ ഡയസിനുമുന്നിൽ കൂടിനിന്ന് മുദ്രാവാക്യവും വിളിച്ചു. ചോദ്യോത്തരവേള റദ്ദാക്കി കേരളത്തിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാൽ, ഇത് അനുവദിക്കില്ലെന്ന് സ്പീക്കർ പി. രാമകൃഷ്ണനും വ്യക്തമാക്കി. ശൂന്യവേളയിൽ അടിയന്തരപ്രമേയത്തിന് നോട്ടിസ് ലഭിച്ചിട്ടുണ്ടെന്നും അപ്പോൾ ഇക്കാര്യം പരിഗണിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി. ഇതോടെ, ക്ഷുഭിതരായ പ്രതിപക്ഷ എംഎൽഎമാർ സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ബാനർ ഉയർത്തിക്കാട്ടുകയും ചെയ്ത് സഭ ബഹിഷ്കരിക്കുകയായിരുന്നു.

ചോദ്യോത്തരവേള ആരംഭിക്കുമ്പോൾ തന്നെ പ്രതിപക്ഷ എംഎൽഎമാർ എഴുനേറ്റുനിന്ന് പ്രതിഷേധം തുടങ്ങി. കേരളത്തിലെ ക്രമസമാധാന നില തകർന്നുവെന്നും സ്ത്രീകൾക്ക് സുരക്ഷയില്ലെന്നും ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിപക്ഷനേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. നിയമസഭയ്ക്ക് ഒരു രീതിയുണ്ടെന്നും അതനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂവെന്നും സ്പീക്കറും വ്യക്തമാക്കി.

ക്രമസമാധനത്തകർച്ച, വരൾച്ച, വർധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ, വിജിലൻസിനെതിരായുള്ള ഹൈക്കോടതി പരാമർശങ്ങൾ, ഉദ്യോഗസ്ഥതല കലഹം തുടങ്ങിയവയെല്ലാം സർക്കാരിനെതിരെ ആയുധമാക്കി വരും ദിവസങ്ങളിൽ ആഞ്ഞടിക്കാനുള്ള പുറപ്പാടിലാണു പ്രതിപക്ഷം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments