Thursday, March 28, 2024
HomeInternationalറാഫേല്‍ നദാൽ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

റാഫേല്‍ നദാൽ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

വാശിയേറിയ മത്സരത്തില്‍ ബള്‍ഗേറിയക്കാരന്‍ ഗ്രിഗര്‍ ദിമിത്രോവിനെ മറികടന്ന് റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ എത്തി. ദിമിത്രോവിനെ അഞ്ചുസെറ്റ് മത്സരത്തിലാണ് നദാല്‍ തോല്‍പ്പിച്ചത് (6-3, 5-7, 7-6, 6-7, 6-4). സ്വിസ് താരം റോജര്‍ ഫെഡററുമായാണ് കിരീടപോരാട്ടം. മത്സരം നാളെ നടക്കും. നാട്ടുകാരനായ സ്റ്റാന്‍ വാവ്റിങ്കയെ മറികടന്നായിരുന്നു ഫെഡററുടെ ഫൈനല്‍പ്രവേശം. 2011ലെ ഫ്രഞ്ച് ഓപ്പണിനുശേഷം ആദ്യമായാണ് നദാലും ഫെഡററും ഗ്രാന്‍ഡ് സ്ളാം ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. ആകെ 11 ഗ്രാന്‍ഡ് സ്ളാം ഫൈനലുകളില്‍ ഒമ്പതിലും നദാലിനായിരുന്നു ജയം. ഓസ്ട്രേലിയന്‍ ഓപ്പണില്‍ മൂന്നുതവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും നദാല്‍ ജയിച്ചു.

പരിക്കും മോശം ഫോമും വലച്ച 2 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നദാലിന്റെ തിരിച്ചുവരവ്. 2014 ലെ ഫ്രഞ്ച് ഓപ്പണിനു ശേഷമുള്ള ആദ്യ ഗ്രാന്‍ഡ് സ്ളാം ഫൈനല്‍.
ദിമിത്രോവ് കടുത്ത വെല്ലുവിളി നല്‍കി നദാലിന്. നാലുമണിക്കൂര്‍ 56 മിനിറ്റ് നീണ്ടു മത്സരം. കരുത്തുറ്റ സെര്‍വുകള്‍, മിന്നുന്ന റിട്ടേണുകള്‍, നീണ്ടുനിന്ന റാലികള്‍, അസ്ത്രവേഗത്തിലുള്ള എയ്സുകള്‍, പരസ്പരം സെര്‍വ് ഭേദിച്ചുള്ള നീക്കങ്ങള്‍ റോഡ് ലേവര്‍ അരീനയെ ത്രസിപ്പിച്ചു സെമി പോരാട്ടം. ഫോര്‍ഹാന്‍ഡില്‍ അസാമാന്യ മികവുള്ള ദിമിത്രോവും ഇരുകൈകളിലും കരുത്താവാഹിക്കുന്ന നദാലും വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ പൊരുതി. ഒരു ഗെയിംപോലും തീര്‍പ്പാകാന്‍ സമയങ്ങളെടുത്തു. അവസാനസെറ്റിന്റെ ഒമ്പതാം ഗെയിമില്‍ ദിമിത്രോവിന്റെ സെര്‍വ് ഭേദിച്ചാണ് നദാല്‍ ഫൈനലിലേക്കടുത്തത്. അടുത്ത സെര്‍വ് നിലനിര്‍ത്തിയതോടെ സ്വപ്നം പൂര്‍ത്തിയായി. എട്ടാം ഗെയിമില്‍ നദാലിന്റെ സെര്‍വ് ഭേദിക്കാനുള്ള മൂന്ന് അവസരം ദിമിത്രോവ് പാഴാക്കിയത് കളിയില്‍ നിര്‍ണായകമായി. അതീജിവിച്ച നദാല്‍ 15-40 പിന്നിട്ടുനിന്നശേഷം നാല് പോയിന്റുകള്‍ തുടര്‍ച്ചയായി നേടി കളി നീട്ടുകയായിരുന്നു. അവസാന സെറ്റില്‍ ദിമിത്രോവ് ഒരു ഇരട്ടപ്പിഴവ് വരുത്തിയതും തിരിച്ചടിയായി.

എയ്സുകളായിരുന്നു ദിമിത്രോവിന്റെ പ്രധാന ആയുധം. 20 എണ്ണം തൊടുത്തു ഈ ഇരുപത്തഞ്ചുകാരന്‍. ആദ്യ സെര്‍വുകള്‍ കരുത്തുറ്റതായി. ആകെ 79 വിന്നറുകള്‍. നദാല്‍ എട്ട് എയ്സാണ് പായിച്ചത്. ആദ്യസെറ്റിനുശേഷം നദാലിന്റെ സെര്‍വിന് വേഗവും കുറഞ്ഞു. പക്ഷേ, ദിമിത്രോവിന്റെ റിട്ടേണുകള്‍ക്ക് ഇടയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. ആകെ 70 പിഴവുവരുത്തി. അഞ്ച് ഇരട്ടപ്പിഴവുകള്‍.

ആദ്യ സെറ്റ് എളുപ്പത്തില്‍ നദാല്‍ നേടി. രണ്ടാം സെറ്റില്‍ മൂന്നുതവണ നദാലിന്റെ സെര്‍വ് ഭേദിച്ച് ദിമിത്രോവ് തിരിച്ചടിച്ചു. മൂന്നാം സെറ്റ് ടൈബ്രേക്കില്‍ 7-5ന് നദാല്‍ സ്വന്തമാക്കി. നാലാം സെറ്റും ടൈബ്രേക്ക്. ഇക്കുറി ദിമിത്രോവ് നദാലിനെ നിഷ്പ്രഭനാക്കി. ടൈബ്രേക്കില്‍ 7-4ന് ജയിച്ച് സെറ്റ് സ്വന്തമാക്കി. അവസാന സെറ്റില്‍ പരസ്പരം വിട്ടുകൊടുക്കാതെ മുന്നേറുകയായിരുന്നു. ചെറിയ പിഴവുകള്‍ വരുത്താതെ ശ്രദ്ധിച്ചു. ഒടുവില്‍ ദിമിത്രോവിനെ ബേസ്ലൈനില്‍ നിര്‍ത്തി നദാല്‍ അടിതൊടുത്തു. പ്രലോഭിപ്പിക്കുകയായിരുന്നു നദാല്‍. ദിമിത്രോവ് അതില്‍ വീണു. വേഗം കുറഞ്ഞുവന്ന പന്തിനെ ഊക്കോടെ അടിച്ചു. പന്ത്ബേസ്ലൈനില്‍ പുറത്തുവീണു. നദാല്‍ ആഘോഷിച്ചു.

പതിനെട്ടാം ഗ്രാന്‍ഡ് സ്ളാം കിരീടത്തിലേക്കു കുതിക്കുന്ന ഫെഡറര്‍ വാവ്റിങ്കയെ അഞ്ച് സെറ്റ് മത്സരത്തില്‍ തോല്‍പ്പിച്ചു (7-5, 6-3, 1-6, 4-6, 6-3). ആദ്യ രണ്ടു സെറ്റ് നേടി അനായാസ ജയത്തിലേക്കു നീങ്ങിയ ഫെഡററെ മൂന്നാമത്തെ സെറ്റില്‍ വാവ്റിങ്ക ഞെട്ടിച്ചു. നാലാം സെറ്റും സ്വന്തമാക്കിയ വാവ്റിങ്ക അഞ്ചാമത്തെ സെറ്റില്‍ ഒപ്പത്തിനൊപ്പമുള്ള പോരിനൊടുവിലാണ് വീണുപോയത്. ഫെഡററുടെ ഇരുപത്തെട്ടാം ഗ്രാന്‍ഡ് സ്ളാം ഫൈനലാണിത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments