Thursday, April 25, 2024
HomeNationalഹിന്ദുത്വ ദേശീയതയ്ക്ക് ഏറ്റുമുട്ടേണ്ടിവരിക യഥാര്‍ഥ ഇന്ത്യന്‍ രാജ്യസ്നേഹവുമായിട്ടാണ് : യെച്ചൂരി

ഹിന്ദുത്വ ദേശീയതയ്ക്ക് ഏറ്റുമുട്ടേണ്ടിവരിക യഥാര്‍ഥ ഇന്ത്യന്‍ രാജ്യസ്നേഹവുമായിട്ടാണ് : യെച്ചൂരി

ആര്‍എസ്എസും ബിജെപിയും ഉയര്‍ത്തുന്ന ഹിന്ദുത്വ ദേശീയതയ്ക്ക് ഏറ്റുമുട്ടേണ്ടിവരിക യഥാര്‍ഥ ഇന്ത്യന്‍ രാജ്യസ്നേഹവുമായിട്ടാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മുതലാളിത്തത്തിന്റെ ഉയര്‍ന്ന രൂപമായ സാമ്രാജ്യത്വം ഇന്ത്യയിലും പിടിമുറുക്കുകയാണ്. ജാതി, മത, വര്‍ഗീയ അജന്‍ഡകളിലൂടെ ലാഭംകൊയ്യാനുള്ള മുതലാളിത്തതന്ത്രമാണ് ഇന്ത്യന്‍ ഭരണാധികാരിവര്‍ഗം നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അതിനെതിരെ തൊഴിലാളിവര്‍ഗ കാഴ്ചപ്പാടിലധിഷ്ഠിതമായ ജനകീയ ചെറുത്തുനില്‍പ്പിന് ഇടതുപക്ഷം ശക്തിപകരണമെന്നും യെച്ചൂരി പറഞ്ഞു. കാള്‍ മാര്‍ക്സിന്റെ ‘മൂലധനം’ പ്രസാധനത്തിന്‍െ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന ദ്വിദിന ദേശീയ സെമിനാറിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മുത്തലാഖിനിരയായ മുസ്ളിം സഹോദരിമാരോട് സഹതാപം പ്രകടിപ്പിച്ച് ശ്രദ്ധനേടാനാണിപ്പോള്‍ പ്രധാനമന്ത്രിയുടെ ശ്രമം. ഇത് ന്യൂനപക്ഷപ്രേമംകൊണ്ടോ സ്ത്രീകളുടെ കഷ്ടപ്പാടുകണ്ടുള്ള സഹതാപംകൊണ്ടോ അല്ല. ജാതീയമായും മതപരമായും ജനങ്ങളെ ഭിന്നിപ്പിച്ച് ആര്‍എസ്എസിന്റെ വര്‍ഗീയ അജന്‍ഡ നടപ്പാക്കാനാണ് ഈ മുസ്ളിംവനിതാപ്രേമം. മുത്തലാഖുപോലും ഇല്ലാതെ വിധവകളെപ്പോലെ ജീവിക്കുന്ന അനേകം മുസ്ളിം സഹോദരിമാരുണ്ട് ഇന്ത്യയില്‍. അതിന് അധികമൊന്നും തെരഞ്ഞുപോകേണ്ടതില്ല. മോഡിയുടെ മണ്ഡലമായ വാരാണസിയില്‍ത്തന്നെയുണ്ട് നിരവധിപേര്‍. സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യമെങ്കില്‍ എന്തുകൊണ്ട് വനിതാ സംവരണബില്‍ പാസാക്കുന്നില്ല. പാര്‍ലമെന്റില്‍ നല്ല ഭൂരിപക്ഷമുണ്ടായിട്ടും അതു നടപ്പാക്കാന്‍ മടിക്കുന്നു.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വിനീതവിധേയരായി നിന്നുകൊണ്ടുള്ള നയങ്ങളാണ് ഇന്ത്യയില്‍ നടപ്പാക്കുന്നത്. ബജറ്റില്‍ പദ്ധതികള്‍ക്ക് നീക്കിയിരിപ്പുകള്‍ കുറയുന്നു. സാമൂഹ്യസുരക്ഷാപദ്ധതികള്‍ കൈയൊഴിയുന്നു. പെന്‍ഷന്‍ഫണ്ട് വെട്ടിക്കുറയ്ക്കുന്നു, തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നു. ജനങ്ങളുടെ വാങ്ങല്‍ശേഷി കുറയുന്നു. വിലക്കയറ്റം രൂക്ഷമാകുന്നു. ധനമൂലധനശക്തികളാണ് ഭരണം നിയന്ത്രിക്കുന്നത്. നവ ഉദാരസാമ്പത്തികനയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം വര്‍ധിച്ചു. ജിഡിപിയുടെ 58.4 ശതമാനവും കൈയടക്കിവച്ചിരിക്കുന്നത് ഒരു ശതമാനംവരുന്ന സമ്പന്ന വിഭാഗമാണ്.

മനുഷ്യനെ കടുത്ത ചൂഷണത്തിന് വിധേയമാക്കിയാണ് മുതലാളിത്തം കൊള്ളലാഭം കൊയ്യുന്നത്. പരസ്യമായ കടുത്ത ചൂഷണങ്ങള്‍ക്കെതിരെ വിവിധ ലോകരാഷ്ട്രങ്ങളില്‍ ചെറുത്തുനില്‍പ്പിന്റെ ശബ്ദം ഉയരുന്നുണ്ട്. ഇന്ത്യയിലും അത്തരം ചെറുത്തുനില്‍പ്പുകള്‍ ശക്തിപ്പെടുത്തണം. നവ ഉദാര സാമ്പത്തികനയങ്ങള്‍ക്കു ബദലായി ജനകീയ സാമ്പത്തികനയങ്ങള്‍ രൂപീകരിക്കണം. കേരളത്തില്‍ അതിന് വലിയ സാധ്യതകളുണ്ട്. മുതലാളിത്ത ചൂഷണത്തിനെതിരെ ജനകീയ ചെറുത്തുനില്‍പ്പിന് ശക്തിപകരേണ്ടത് ഇടതുപക്ഷത്തിന്റെയും തൊഴിലാളിവര്‍ഗത്തിന്റെയും നേതൃത്വത്തിലാണ്. മൂലധനത്തിന്റെ വായനയും പുനര്‍വായനയും അത്തരം ചെറുത്തുനില്‍പ്പുകള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരമെന്നും യെച്ചൂരി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments