സുനി രണ്ടു വർഷം മുൻപ് നിർമ്മാതാവിന് വേണ്ടി സമാന ക്വട്ടേഷൻ നടപ്പാക്കിയതായി പോലീസ്

പള്‍സര്‍ സുനി തമിഴ്‌നാട്ടിൽ

യുവനടിയെ ഉപദ്രവിച്ചതിനു പിടിയിലായ പൾസർ സുനി  രണ്ടു വർഷം മുൻപും സമാന ക്വട്ടേഷൻ നടപ്പാക്കിയതായി പൊലീസിനു വിവരം ലഭിച്ചു. കിളിരൂർ പീഡനക്കേസിൽ ആരോപണവിധേയനായ നിർമാതാവിനു വേണ്ടിയായിരുന്നു അത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യും. അന്നു പൾസർ സുനി  ഉപദ്രവിച്ച നടി അന്വേഷണത്തോടു സഹകരിക്കാൻ തയ്യാറായിട്ടുണ്ട്.

പൾസർ സുനിയുടെ   ക്രിമിനൽ പശ്ചാത്തലം ദിലീപ് മനസ്സിലാക്കിയതു നിർമാതാവിൽനിന്നാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇയാൾ ഇടനിലക്കാരനായതിന്റെ തെളിവുകളും ലഭിച്ചു. ഇപ്പോൾ ജനപ്രതിനിധിയായ നടന്റെ ഡ്രൈവറായി സുനിൽ ജോലി ചെയ്യുമ്പോഴാണു സംഭവം.

ദിലീപിന് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തി, ഷൂട്ടിങ് പൂർത്തിയാക്കിയ സിനിമ റിലീസ് ചെയ്യാനുള്ള ശ്രമങ്ങളുടെ പിന്നിലും നിർമാതാവു നേതൃത്വം നൽകുന്ന സംഘമാണെന്നു പൊലീസ് പറഞ്ഞു.