Friday, March 29, 2024
HomeNationalലഖ്‌നൗവില്‍ തീവ്രവാദിയെ ജീവനോടെ പിടികൂടാന്‍ ശ്രമം

ലഖ്‌നൗവില്‍ തീവ്രവാദിയെ ജീവനോടെ പിടികൂടാന്‍ ശ്രമം

ഉത്തർപ്രദേശിലെ താക്കൂർഗഞ്ചിൽ വീടിനുള്ളിൽ ഒളിഞ്ഞിരുന്ന് ഭീകരർ ആക്രമണം നടത്തുന്നു. പൊലീസ് മേധാവി ജാവീദ് അഹമ്മദ്. ആദ്യം ഒരു ഭീകരനെന്നാണ് കരുതിയിരുന്നതെങ്കിലും രണ്ടുപേരുണ്ടെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. അതേസമയം, ഇവരെ കീഴ്പ്പെടുത്താൻ ഭീകരവിരുദ്ധ സേന (എടിഎസ്) ശ്രമം തുടരുകയാണ്. ഏറ്റുമുട്ടൽ തുടങ്ങി മണിക്കൂറുകൾ കഴിഞ്ഞിട്ടും കീഴടങ്ങാൻ ഭീകരർ തയാറായിട്ടില്ല. മുളക് ബോംബ് പ്രയോഗിക്കുകയും പുക കടത്തിവിടുകയും ചെയ്തെങ്കിലും അവരെ പിടികൂടാനായിട്ടില്ല. സംസ്ഥാനത്തിനുള്ളിലേക്ക് ഭീകരർ കടന്നിട്ടുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് പൊലീസ് തിരച്ചിൽ നടത്തിയത്.

ഭീകരരിൽ ഒരാളെ കാൺപൂരിൽനിന്ന് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. അടുത്തയാൾക്കു വേണ്ടി നടത്തിയ തിരച്ചിലിനിടെയാണ് പൊലീസുകാർക്കെതിരെ വെടിവയ്പ്പുണ്ടായത്. കമാൻഡോകളടക്കം രംഗത്തിറങ്ങി ഏറ്റുമുട്ടൽ നടത്തുകയാണ് പൊലീസും എടിഎസും. ഭീകരരെ ജീവനോടെ പിടികൂടുന്നതിനാണ് ശ്രമം. കീഴടങ്ങാൻ ഭീകരരോട് ആവശ്യപ്പെട്ടെങ്കിലും അതിനു തയാറല്ലെന്നും രക്തസാക്ഷിത്വമാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞതായാണ് വിവരം.

ഇവരുടെ കൈവശം വൻ ആയുധശേഖരമാണുള്ളത്. പൊലീസ് ഇടയ്ക്ക് ഏറ്റുമുട്ടൽ നിർത്തിയിരുന്നുവെങ്കിലും ഭീകരർ വെടിവയ്പ്പ് തുടരുകയായിരുന്നു. അതിനിടെ, ഭീകരർക്ക് ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇത് സ്ഥിരീകരിക്കാനായിട്ടില്ല. സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വിലയിരുത്തുന്നുണ്ട്. സമീപ പ്രദേശത്തുള്ള വീടുകളിൽനിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ബുധനാഴ്ച നടക്കാനിരിക്കെയാണ് ഭീകരാക്രമണമുണ്ടായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments