Friday, March 29, 2024
HomeNationalഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ കുടുംബം ആക്രമണത്തിനിരയായി

ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ കുടുംബം ആക്രമണത്തിനിരയായി

ഉത്തർപ്രദേശിൽ ട്രെയിനിനുള്ളിൽ മുസ്ലിം കുടുബത്തിനുനേരെ ക്രൂരമായ ആക്രമണം. ബുധനാഴ്ച മെയിന്‍പുരിയിൽവെച്ച് ഓടിക്കൊണ്ടിരുന്ന ട്രെയ്നില്‍ വെച്ച് മുപ്പതോളം പേരടങ്ങിയ അക്രമി സംഘം കുടുംബത്തിലെ സ്ത്രീകളെയും പുരുഷന്‍മാരെയും കുട്ടികളെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.ഇരുമ്പു കമ്പികളും വടികളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയും സ്ത്രീകളെ ലൈംഗികമായി അപമാനിക്കുകയും ആഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ആക്രമണത്തിനിരയായവർക്ക് തലയ്ക്കും ശരീരത്തിനും സാരമായ ക്ഷതമേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ ഫറൂഖാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മൂന്നുപേരെ പിടികൂടിയെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇരുമ്പു കമ്പികളും വടികളുമായി പുറത്തു നിന്നെത്തിയ മുപ്പതോളം പേര്‍ ഷിക്കോഹാബാദ്- കസ്ഗാംങ് പാസഞ്ചർ ട്രെയിനിലെ എമർജൻസി വിൻഡോ തകർത്ത് ഉള്ളിൽ കടന്നാണ് യാത്രികരായ കുടുംബത്തെ ആക്രമിച്ചത്. സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്നും പരാതിയുണ്ട്. ഇവരുടെ കഴുത്തിലുണ്ടായിരുന്ന മാല മോഷ്ടിച്ചു. സംഘത്തിലുണ്ടായിരുന്ന ബുദ്ധിമാന്ദ്യമുള്ള 17 വയസുകാരനായ മകനെപ്പോലും വെറുതെ വിട്ടില്ലെന്ന് അക്രമണത്തിനിരയായ 53 കാരൻ ഷക്കീർ പറഞ്ഞു. ചില യാത്രക്കാർ തങ്ങളുടെ രക്ഷയ്‌ക്കെത്തിയെങ്കിലും അവരെയും അക്രമികൾ ഉപദ്രവിച്ചതായി ഷക്കീർ പറയുന്നു.
അക്രമത്തിന്റെ കാരണത്തെക്കുറിച്ച് കൃതമായ വിവരം ലഭിച്ചിട്ടില്ല. പല തരത്തിലുളള റിപ്പേർട്ടുകളാണ് പുറത്തുവരുന്നതെന്ന് പൊലീസ് പറയുന്നു. കുടുംബത്തിലെ ഒരു കുട്ടിയുടെ മൊബൈയിൽ ഫോൺ അക്രമികളിൽ ഒരാൾ പിടിച്ചുവാങ്ങുകയും ഇതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് ആക്രമത്തില്‍ കലാശിച്ചതെന്ന് യാത്രക്കാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അക്രമികളിലൊരാൾ കുടുംബത്തിലെ ഒരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാവിന്റെ ആളുകൾ അക്രമിക്കുകയുമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ഫറൂഖാബാദിലെ കൈംഗാങ് സ്വദേശിയായ ഷക്കീര്‍ ഉള്‍പ്പെടെ 11 പേരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിനിരകളായ എല്ലാവര്‍ക്കും തന്നെ ആന്തരിക രക്തസ്രാവം അടക്കമുള്ള പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ഒ.പി സിംഗ് മാധ്യമങ്ങളോടു പറയുന്നു. ഐപിസി 395 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും വകുപ്പുകള്‍ കൂടുതല്‍ ചുമത്തേണ്ടതുണ്ടോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും എസ്.പി പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments