Friday, March 29, 2024
HomeKeralaപോഷകാഹാരക്കുറവില്ലാത്ത കേരളം സൃഷ്ടിക്കുന്നതിന് ഐക്യ രാഷ്ട്ര സഭയുടെ സഹായം

പോഷകാഹാരക്കുറവില്ലാത്ത കേരളം സൃഷ്ടിക്കുന്നതിന് ഐക്യ രാഷ്ട്ര സഭയുടെ സഹായം

പോഷകാഹാരക്കുറവില്ലാത്ത കേരളം സൃഷ്ടിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഐക്യ രാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രം (ഡബ്ളിയുഎഫ്പി) സാങ്കേതിക സഹായം നല്‍കും. ഡബ്ളിയു എഫ് പിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആസൂത്രണ ബോര്‍ഡ് ആലോചിക്കുമെന്ന് ബോര്‍ഡിന്റെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡബ്ളിയുഎഫ്പി കണ്‍ട്രി (ഇന്ത്യ) ഡയറക്ടര്‍ ഡോ. ഹമീദ് നൂറു, ഡെപ്യൂട്ടി ഹെഡ് ജാന്‍ ഡെല്‍ഫെര്‍ എന്നിവരുമായുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഡബ്ളിയുഎഫ്പിയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ രണ്ടാമത്തേതായ പട്ടിണി രഹിത സംസ്ഥാനം എന്ന പരിപാടി നടപ്പാക്കുന്നതിന് കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് പട്ടിണിയല്ല, പോഷകാഹാരക്കുറവാണ് പ്രശ്നം. പോഷകാഹാരം ആവശ്യത്തിന് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യം നേടാന്‍ യുഎന്‍ ഏജന്‍സിയുമായി സഹകരിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രണ ബോര്‍ഡുമായി ഇക്കാര്യം ചര്‍ച്ച ചെയ്യണം. പോഷകാ ഹാരക്കുറവ് പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ ചെറിയ കുട്ടികളെയും വിദ്യാര്‍ഥികളെയുമാണ് ലക്ഷ്യം വയ്ക്കേണ്ടതെന്ന് യുഎന്‍ പ്രതിനിധികളോട് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം മുതലായ രംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ കണക്കിലെടുത്താണ് പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള കേരളത്തിന്റെ പരിപാ ടികള്‍ക്ക് സഹായം നല്‍കാന്‍ യുഎന്‍ ഏജന്‍സി തയാറാകുന്നതെന്ന് ഡോ. ഹമീദ് നൂറു പറഞ്ഞു. 2011-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ സാക്ഷരതാ നിരക്ക് 94 ശതമാനമാണ്. തൊഴിലെടുക്കുന്ന സ്ത്രീകളുടെ ശതമാനവും കേരളത്തില്‍ കൂടുതലാണ് -35.4 ശതമാനം. സ്ത്രീകള്‍ക്ക് കിട്ടുന്ന വേതനം മറ്റേതൊരു സംസ്ഥാനത്തെക്കാളും കുടുതലാണ്. രംഗരാജന്‍ കമ്മിറ്റിയുടെ മാനദണ്ഡ പ്രകാരം ഇവിടെ ദരിദ്രര്‍ 7.3 ശതമാനമേയുള്ളു. ദേശീയതലത്തില്‍ 31 ശതമാനമാണ് ദരിദ്രര്‍. വിവിധ ഗ്രാമവികസന പരിപാടികള്‍ നടപ്പാക്കിയതിന്റെ ഫലമായി പാവപ്പെട്ടവര്‍ക്ക് ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്- ഡോ. ഹമീദ് പറഞ്ഞു.

പോഷകാഹാരക്കു റവിന്റെ പ്രശ്നം കേരളം നേരിടുന്ന വെല്ലുവിളിയാണ്. അഞ്ചു വയസ്സിന് താഴെയുള്ള അഞ്ചിലൊന്ന് കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ട്. 16.1 ശതമാനം കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ചുള്ള തൂക്കമില്ല. പ്രായത്തിനനസുരി ച്ച് ഉയരമില്ലാത്ത കുട്ടികള്‍ 19 ശതമാനം വരും. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരമുള്ള പോഷകാഹാരം കുട്ടികള്‍ക്ക് കിട്ടിയെങ്കിലേ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ. കേരളത്തിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും ഏജന്‍സി കളെയും ഏകോപിപ്പിച്ച് പോഷകാഹാര പരിപാടി നടപ്പാക്കുന്നതിന് ഡബ്ളിയുഎഫ്പി സഹായിക്കാമെന്ന് ഡോ. ഹമീദ് അറിയിച്ചു. ചര്‍ച്ചയില്‍ ഡബ്ളിയുഎഫ്പിയുടെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ സുനില്‍ ദേവസ്സി, ന്യൂട്രിഷന്‍ കോഓര്‍ഡിനേറ്റര്‍ പി റാഫി എന്നിവരും പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments