അരുണാചല്‍ പ്രദേശില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം

അരുണാചല്‍ പ്രദേശില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് മുഖ്യമന്ത്രി പേമ ഖണ്ഡുവടക്കം 33 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. അരുണാചല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ (പിപിഎ) നിന്നാണ് ഇവര്‍ ബിജെപിയിലെത്തിയത്. പേമയെയും ആറ് എംഎല്‍എമാരെയും പാര്‍ട്ടി കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. അരുണാചലില്‍ ആദ്യമായാണ് ബിജെപി അധികാരത്തിലെത്തുന്നത്.

ബിജെപിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പാര്‍ട്ടി നടപടി ഇത് വേഗത്തിലാക്കിയെന്നും പേമ പ്രതികരിച്ചു. ഒടുവില്‍ അരുണാചലില്‍ താമര വിരിഞ്ഞു. തന്റെ സര്‍ക്കാര്‍ ഇനി പൂര്‍ണമായും ബിജെപി സര്‍ക്കാരാണ്. വികസനത്തിന്റെ സൂര്യോദയമാണ് പുതുവര്‍ഷത്തില്‍ ജനങ്ങള്‍ കാണാന്‍പോകുന്നത്. സുസ്ഥിരമായ സര്‍ക്കാരിനെയാണ് സംസ്ഥാനം ആഗ്രഹിക്കുന്നത്. അതിനാലാണ് തങ്ങള്‍ മോദിയോടൊപ്പം ചേരുന്നത്. ജനങ്ങളും പ്രധാനമന്ത്രിക്കു പിന്നില്‍ അണിനിരക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ചാണ് പേമ പീപ്പിള്‍സ് പാര്‍ട്ടിയിലെത്തിയത്.
43 എംഎല്‍എമാരാണ് പിപിഎക്ക് ഉണ്ടായിരുന്നത്. ബിജെപിക്ക് നേരത്തെ 12 എംഎല്‍എമാരുണ്ട്. രണ്ട് സ്വതന്ത്ര എംഎല്‍എമാരും ബിജെപിയെ പിന്തുണക്കുന്നു. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ രണ്ടു പേര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 60 അംഗ നിയമസഭയില്‍ 49 അംഗങ്ങളോടെ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും.