Friday, March 29, 2024
HomeInternationalശബരിമല വിമാനത്താവളം : 2570 ഏക്കർ ഏറ്റെടുക്കും സാമൂഹ്യാഘാത പഠനം ഉടൻ

ശബരിമല വിമാനത്താവളം : 2570 ഏക്കർ ഏറ്റെടുക്കും സാമൂഹ്യാഘാത പഠനം ഉടൻ

തിരുവനന്തപുരം
ശബരിമല വിമാനത്താവളത്തിന്‌ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത്‌, മണിമല വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവായി. 2570 ഏക്കർ ഭൂമിയാണ്‌ ഏറ്റെടുക്കുക. ചെറുവള്ളി എസ്റ്റേറ്റിനു പുറമെ 307 ഏക്കർകൂടി ഏറ്റെടുക്കും. ചെറുവള്ളി എസ്റ്റേറ്റ്‌ 2263 ഏക്കറുണ്ട്‌. സാമൂഹ്യാഘാത പഠനത്തിന്‌ വിദഗ്‌ധസമിതിയെ നിയോഗിക്കും.

2020 ജൂണിലാണ്‌ ശബരിമല ഗ്രീൻഫീൽഡ്‌ വിമാനത്താവള നിർമാണത്തിന്‌ അനുമതി അപേക്ഷ പദ്ധതി നടത്തിപ്പുചുമതലയുള്ള കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു സമർപ്പിച്ചത്‌. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അടക്കമുള്ളവർ വിശദ പരിശോധന നടത്തി. പദ്ധതി കൺസൾട്ടന്റായ അമേരിക്കൻ കമ്പനി ലൂയിസ് ബർഗർ സർവീസസ്‌ തയ്യാറാക്കിയ സാങ്കേതിക, സാമ്പത്തിക പഠന റിപ്പോർട്ട്‌ 2022 ജൂണിൽ കെഎസ്‌ഐഡിസി സമർപ്പിച്ചു. പകർപ്പ്‌ സിവിൽ ഏവിയേഷൻ മന്ത്രാലയം എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യക്കും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനും കൈമാറി. 2022 നവംബർ 11നു ചേർന്ന വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട സ്റ്റിയറിങ്‌ കമ്മിറ്റി ഭൂമി ഏറ്റെടുക്കൽ സാധ്യതകൾ, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ പുതിയ പദ്ധതി എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ആവശ്യപ്പെട്ടു. ഡിസംബർ 12ന്‌ കെഎസ്‌ഐഡിസി വിശദ മറുപടി ലഭ്യമാക്കിയതിന്റെ തുടർച്ചയായാണ്‌ സാമൂഹ്യാഘാത പഠനത്തിലേക്ക്‌ കടക്കുന്നത്‌
സംസ്ഥാന ബജറ്റിൽ രണ്ടു കോടി രൂപ വിമാനത്താവളം പദ്ധതി പ്രാരംഭ ആവശ്യങ്ങൾക്കായി നീക്കിവച്ചിരുന്നു. ശബരിമല തീർഥാടകർക്ക്‌ സഹായമാകുന്ന പദ്ധതി ടൂറിസത്തിന് വൻ വളർച്ച നൽകുമെന്നുമാണ്‌ പ്രതീക്ഷ. കൊച്ചി, തിരുവനന്തപുരം തീർഥാടന ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാനും വിമാനത്താവളം സഹായിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments