കെവിന്‍ കൊലപാതക കേസിലെ പ്രാഥമിക വാദം ഈ മാസം 7ന്

kevins murder

കെവിന്‍ കൊലപാതക കേസിലെ പ്രാഥമിക വാദം ഈ മാസം 7ന് തുടങ്ങും.കുറ്റപത്ര പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള വാദമാണ് നടക്കുക. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ നീനുവിനെ വിവാഹം കഴിച്ചതിലുണ്ടായ വിരോധത്തെ തുടര്‍ന്ന് നീനുവിന്റെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കുറ്റപത്രം.കേസിലെ എല്ലാ പ്രതികളും ഏഴിന് കോടതിയില്‍ ഹാജരാകണം. കഴിഞ്ഞ മെയ് 27 നായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച്‌ ഒരു കുടുംബത്തിനെ കണ്ണീരിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. കോട്ടയം മാന്നാനത്തെ വീട്ടില്‍ നിന്നും കെവിനെയും ബന്ധുവിനെയും അക്രമികള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ബന്ധുവിനെ വഴിയില്‍ ഇറക്കിവിട്ടു.
കെവിനു വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് തെന്‍മലയില്‍ തോട്ടില്‍ നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ നീനുവിന്റെ സഹോദരന്‍ ഒന്നാം പ്രതിയും പിതാവ് അഞ്ചാം പ്രതിയുമാണ്.കെവിന്റെ മരണം തന്റെ മാതാപിതാക്കളുടെ അറിവോടെയാണെന്നു നീനു വെളിപ്പെടുത്തിയിരുന്നു.