Saturday, April 20, 2024
HomeKeralaമനോദൗര്‍ബല്യമുള്ളവരെയും യാചകരെയും പുനരധിവസിപ്പിക്കുന്നതിന് ഷെല്‍റ്റര്‍ ഹോമുകള്‍

മനോദൗര്‍ബല്യമുള്ളവരെയും യാചകരെയും പുനരധിവസിപ്പിക്കുന്നതിന് ഷെല്‍റ്റര്‍ ഹോമുകള്‍

ഓരോ പ്രദേശത്തും അലഞ്ഞുതിരിയുന്ന മനോദൗര്‍ബല്യമുള്ളവരെയും യാചകരെയും പുനരധിവസിപ്പിക്കുന്നതിന് ഷെല്‍റ്റര്‍ ഹോമുകള്‍ ഒരുക്കാന്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന്‌ ജില്ലാ കലക്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ആദിവാസി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധവേണമെന്നും സംസ്ഥാന വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞു. ഓരോ ജില്ലയിലും പട്ടയ വിതരണത്തില്‍ എത്രമാത്രം പുരോഗതിയുണ്ടായി എന്നതു സംബന്ധിച്ചും മുഖ്യമന്ത്രി റിപ്പോര്‍ട്ടു തേടി. ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ചിട്ടുള്ള വീടില്ലാത്ത ഭൂരഹിതര്‍ ധാരാളമുണ്ട്. അവരില്‍ അര്‍ഹതയുളളവര്‍ക്ക് പട്ടയം നല്‍കിയാല്‍ വീടുകള്‍ വേഗം പൂര്‍ത്തിയാക്കാന്‍ കഴിയും. ഭൂമിയുളളവര്‍ക്കുളള വീട് നിര്‍മാണം 2019ല്‍ പൂര്‍ത്തിയാക്കാന്‍ കഴിയണം. ലൈഫ് മിഷനിൽ മുടങ്ങിക്കിടന്ന വീടുകളുടെ നിര്‍മാണം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സാമൂഹ്യസുരക്ഷാ വകുപ്പ് നടത്തുന്ന ഭിന്നശേഷിക്കാരുടെ കണക്കെടുപ്പിന്‍റെ പുരോഗതിയും മുഖ്യമന്ത്രി ആരാഞ്ഞു. ജില്ലാതല പരാതി പരിഹാര അദാലത്തുകള്‍ക്ക് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണം. അതിഥി തൊഴിലാളികള്‍ക്ക് താമസസ്ഥലം ഒരുക്കുന്നതോടൊപ്പം അവരുടെ ആരോഗ്യ സംരക്ഷണവും ഉറപ്പുവരുത്തണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചാല്‍ നൂറ് മണിക്കൂറിനുള്ളില്‍ തുക നല്‍കാനുളള നടപടികളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. വരള്‍ച്ച നേരിടാനും കുടിവെള്ളക്ഷാമം പരിഹരിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണം. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്കുകളുടെ ഇപ്പോഴത്തെ അവസ്ഥ, കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് പൂര്‍ത്തിയാക്കാനുള്ള പദ്ധതികള്‍, മഴക്കാല പൂര്‍വ ശുചീകരണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി ആരാഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ പകര്‍ച്ചവ്യാധികളുണ്ടായ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. ഈ വര്‍ഷം സംസ്ഥാനത്ത് മൂന്നു കോടി മരങ്ങള്‍ വെച്ചുപിടിപ്പിക്കാനാണ് തീരുമാനം. നന്മമരം പദ്ധതി വിജയിപ്പിക്കാന്‍ എല്ലാ ജില്ലയിലും മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന നിര്‍ദ്ദേശവും അദ്ദേഹം നൽകി. ഉത്സവങ്ങള്‍ നടക്കുന്ന സീസണായതിനാല്‍ കരിമരുന്ന് പ്രയോഗം അപകടരഹിതമായി നടക്കുന്നതിന് മുന്‍കരുതലെടുക്കണം. സാംസ്കാരിക സമുച്ചയങ്ങള്‍ക്ക് സ്ഥലം കണ്ടെത്തുന്നതിനുളള നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കണം.

മണലിന്‍റെയും പാറയുടെയും ക്ഷാമം കാരണം നിര്‍മാണമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കലക്ടര്‍മാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖനനം വേണ്ടത്ര നടക്കാത്തതാണ് ക്ഷാമത്തിന് പ്രധാന കാരണം. നിയമാനുസൃതം അനുമതി നല്‍കാവുന്ന ക്വാറികള്‍ പോലും ഇപ്പോള്‍ പലയിടത്തും പ്രവര്‍ത്തിക്കുന്നില്ല. ഓരോ ജില്ലയിലും പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ സംബന്ധിച്ച് കലക്ടര്‍മാരില്‍നിന്നും മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. മണലിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മണല്‍ കൊണ്ടുവരുന്നത് തടസ്സപ്പെടുത്താന്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എന്നാല്‍ അനധികൃതമായി മണലൂറ്റ് നടക്കുന്നുണ്ടെങ്കില്‍ അതിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂറു ചതുരശ്രമീറ്റര്‍ വരെയുള്ള വീടുകള്‍ നിര്‍മിക്കുന്നതിനുള്ള ആയിരക്കണക്കിന് അപേക്ഷകള്‍ തീരദേശ പരിപാലന നിയമപ്രകാരമുളള ക്ലിയറന്‍സ് കിട്ടാതെ കെട്ടിക്കിടക്കുകയാണെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട കലക്ടര്‍മാര്‍ പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി പറഞ്ഞു. റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസ്‌, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി എസ് സെന്തില്‍, സെക്രട്ടറി എം ശിവശങ്കര്‍, പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments