റാന്നി വലിയപാലത്തിനു സമാന്തര പാലം നിർമിക്കുമ്പോൾ വലിയകാവ് റിസർവ് റോഡും വികസിപ്പിക്കണം

valiyakavu road

റാന്നി  വലിയപാലത്തിനു സമാന്തരമായി പുതിയ പാലം നിർമിക്കുമ്പോൾ വലിയകാവ് റിസർവ് റോഡും വികസിപ്പിക്കണമെന്നാവശ്യം. പാലത്തിന്റെ സമീപന റോഡാണിത്. നിർദിഷ്ട പാലത്തിൽ നിന്നെത്തുന്ന വാഹനങ്ങൾ പേട്ട ജംക്‌ഷനിൽ റാന്നി–വെണ്ണിക്കുളം റോഡിലേക്കാണു കടക്കുന്നത്. തുടർന്ന് കണ്ടനാട്ടുപടി വഴി ഇട്ടിയപ്പാറയ്ക്കും ചെട്ടിമുക്ക്–വലിയകാവ് റോഡിലൂടെ പൊന്തൻപുഴയെത്തി മണിമലയ്ക്കും എരുമേലിക്കും പോകാം. റാന്നി–വെണ്ണിക്കുളം റോഡ് ദേശീയപാതാ നിലവാരത്തിൽ ടാറിങ് നടത്തുന്നതിന് സാങ്കേതികാനുമതിയായിട്ടുണ്ട്. കരാർ നടപടി പൂർത്തിയായാലുടൻ പണി നടത്തും. പിജെടി ജംക്‌ഷൻ–ചെട്ടിമുക്ക് റോഡ് മഠത്തുംചാൽ–മുക്കൂട്ടുതറ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതും ദേശീയപാതാ നിലവാരത്തിൽ ടാറിങ് നടത്തുകയാണ് പദ്ധതി. ചെട്ടിമുക്ക്–വലിയകാവ് റോഡ് 8.20 കിലോമീറ്ററാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ ചിറയ്ക്കൽപടി–വലിയകാവ് വരെയും ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്തുന്നതിനു പ്രാരംഭ നടപടി ആരംഭിച്ചിട്ടുണ്ട്. തെള്ളിയൂർ–വലിയകാവ് റോഡിൽപ്പെടുത്തിയാണ് ഈ ഭാഗം പുനരുദ്ധരിക്കുന്നത്. കരിയംപ്ലാവ്, കുളക്കുറ്റി, എബനേസർപടി വഴി വലിയകാവിലെത്തും വിധത്തിലാണ് റോഡ് വികസിപ്പിക്കുന്നത്. ചെട്ടിമുക്ക്–ചിറയ്ക്കൽപടി വരെയുള്ള വികസനമാണ് തുടർന്നു നടത്തേണ്ടത്. ഒട്ടേറെ ചെറുതും വലുതുമായ വളവുകളുള്ള റോഡാണിത്. അവ നേരെയാക്കുകയും വശം വീതി കൂട്ടി കോൺക്രീറ്റ് നടത്തുകയും വേണം. പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതിനൊപ്പം ഇതിന്റെ വികസനത്തിനും പദ്ധതി ആവിഷ്കരിക്കണം. നിർദിഷ്ട പുതിയ പാലത്തിലൂടെ എത്തുന്നവർക്കു ചെത്തോങ്കര, മന്ദമരുതി, പ്ലാച്ചേരി വഴി ചുറ്റിക്കറങ്ങാതെ കുറഞ്ഞ ദൂരത്തിൽ പൊന്തൻപുഴ എത്താമെന്നതാണു റോഡിന്റെ പ്രത്യേകത.