ജമ്മു കശ്മീരിൽ ബാങ്ക് വാഹനത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് പൊലീസുകാരും രണ്ട് ബാങ്ക് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ജമ്മു ആന്റ് കശ്മീര്‍ ബാങ്കിന്റെ ദക്ഷിണ കശ്മീരിലെ കുല്‍ഗാം ശാഖയിലേക്കു പണവുമായി പോവുകയായിരുന്ന വാനിനു നേരെ ഭീകരർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ പരുക്കേറ്റ ഉദ്യോഗസ്ഥരെ പ്രവേശിപ്പിച്ചു.
പണം കൊള്ളയടിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് കരുതുന്നു. വാഹനത്തില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ട്. വാനിലുള്ളവരോട് പുറത്തിറങ്ങാൻ പറഞ്ഞ ശേഷം വെടിവെക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങളും കൈക്കലാക്കിയാണ് ഭീകരർ സ്ഥലം വിട്ടത്.
ഇന്നു രാവിലെ, പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയ്ക്കു സമീപം റോക്കറ്റ് ആക്രമണത്തിലൂടെ രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ച പാക്ക് സൈന്യം, ഇവരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയിരുന്നു. ഇതിനു തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ കരസേന പ്രസ്താവനയിലൂടെ വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിയ ആക്രമണം. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട ഭീകരര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.