30 വർഷത്തെ സേവനത്തിനുശേഷം മെയ് 1ന് റിട്ടയർ ചെയ്യേണ്ട സർജിക്കൽ ടെക്കിനെ കോവിഡ് തട്ടിയെടുത്തു

ഷിക്കാഗൊ ∙ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സ് ഹോസ്പിറ്റലിൽ കഴിഞ്ഞ 30 വർഷം സർജിക്കൽ  ടെക്കായി ജോലി ചെയ്തു മെയ് 1 ന് വിരമിക്കേണ്ട വാൻ മാർട്ടിനസ് (60) കൊറോണ വൈറസ് പോസിറ്റീവായതിനെ തുടർന്ന് ഏപ്രിൽ 27 തിങ്കളാഴ്ച അന്തരിച്ചു.ഏപ്രിൽ 30 നായിരുന്നു അവസാന ജോലി ദിവസം. അവസാനം വരെ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനും ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.റിട്ടയർ ചെയ്തു ഭാര്യയേയും കൂട്ടി പല സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും കൊച്ചുമക്കളെ വളർത്തിയെടുക്കുന്നതിനും പദ്ധതികൾ തയ്യാറാക്കിയ മാർട്ടിനസിന്റെ മരണം കുടുംബാംഗങ്ങൾക്ക് താങ്ങാവുന്നതിൽ അധികം ദുഃഖമാണ്  ഉണ്ടാക്കിയിരിക്കുന്നത്.  ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോക്ടർമാരും നഴ്സുമാരും മാർട്ടിനസിനെ വളരെ ബഹുമാനത്തോടും സ്നേഹത്തോടുകൂടിയാണ് കരുതിയിരുന്നത്.തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്ന ഇദ്ദേഹം എല്ലാ വാരാന്ത്യവും കുടുംബാംഗങ്ങളോടെ പള്ളിയിൽ ആരാധനയിൽ പങ്കെടുത്തിരുന്നു. എൽഷദായ് മിനിസ്ട്രീസ് എഡ്യുക്കേഷൻ പ്രോഗ്രാമിന്റെ ലീഡറും  റിയോസ് ഡി അഗ്വ വിവ ചർച്ചിന്റെ പാസ്റ്ററുമായിരുന്നു.